ചില്‍ഡ്രന്‍സ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്‍റെ (സിഐഎഫ്എഫ്) മൂന്നാമത് പതിപ്പിന് വേദിയാകാനുള്ള തയാറെടുപ്പിലാണ് ദുബായ്. യുഎഇയുടെ സാംസ്കാരിക, യുവജനകാര്യ, സാമൂഹികകാര്യ മന്ത്രിയായ ഷെയ്ഖ് നഹായന്‍ മബാരക് അല്‍-നഹായന്‍റെ ആശീര്‍വാദത്തിലും മേല്‍നോട്ടത്തിലും അരങ്ങേറുന്ന ഈ മേള ഏപ്രില്‍ 28 മുതല്‍ മെയ് 7 വരെയാണ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. 10 ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന 117 ചിത്രങ്ങളില്‍ 61 എണ്ണം എമിറേറ്റില്‍ ഉള്ള കുട്ടികളുടെ തന്നെ സൃഷ്ടികളാണ്.
വിവിധ എമിറേറ്റുകളിലെ വോക്സ് സിനിമകളിലായിരിക്കും 66 രാജ്യങ്ങളിലെ 55 ഭാഷകളിലുള്ള ഷോര്‍ട്ട്ഫിലിമുകള്‍, ഫീച്ചര്‍ഫിലിമുകള്‍, ഡോക്യുമെന്‍ററികള്‍ തുടങ്ങിയവ മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കപ്പെടുക.
മേളയുടെ അവസാനദിനം 35 വിഭാഗങ്ങളിലായി 100,000-ദിര്‍ഹത്തിന്‍റെ അവാര്‍ഡുകളായിരിക്കും വിതരണം ചെയ്യപ്പെടുക. “മെയ്ഡ് ഇന്‍ യുഎഇ” വിഭാഗത്തില്‍ മാത്രം 11 അവാര്‍ഡുകള്‍ ഉണ്ടായിരിക്കും. ഇന്‍റര്‍നാഷണല്‍ വിഭാഗത്തില്‍ 3 ഓഡിയന്‍സ് ചോയിസ് അവാര്‍ഡുകള്‍, നിക്കോണ്‍ ഫിലിം പോസ്റ്റര്‍ മത്സരവിഭാഗത്തില്‍ 10,000-ദിര്‍ഹത്തിന്‍റെ 5 ഉപകരണ അവാര്‍ഡുകള്‍ എന്നിവയും മേളയുടെ ആകര്‍ഷണങ്ങളാണ്.
“മെയ്ഡ് ഇന്‍ യുഎഇ” വിഭാഗത്തില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പാരീസ്, സിയാറ്റില്‍, ബൊളോന്യ, വാലന്‍സിയ, പ്ലാസെന്‍സിയ, നൈറോബി, സിഡ്നി തുടങ്ങി മറ്റ് 7 ബാലചലച്ചിത്രമേളകളിലേക്കും തിരഞ്ഞെടുക്കപ്പെടും.
Post Your Comments