Interviews

ഈരടികളില്‍ കാവ്യമധുരിമയും വിപണന വിസ്മയവും സംയോജിപ്പിക്കുന്ന മാന്ത്രികന്‍

പുതിയകാല മലയാളസിനിമകളുടെ അവിഭാജ്യഘടകമാണ് ബി കെ ഹരിനാരായണന്റെ പാട്ടുകള്‍.പരിശോധിച്ചാല്‍ പല സിനിമകളുടെയും വിജയത്തിന് മാറ്റ് കൂട്ടിയതിനു പിന്നില്‍ ഈ ഗാനങ്ങളുണ്ടായിരുന്നെന്നു കാണാം.1983 ലേ ഓലേഞ്ഞാലി കുരുവീ,ചിറകൊടിഞ്ഞ കിനാവുകളിലെ ‘നിലാക്കുടമേ’, മിലിയിലെ ‘മണ്‍പാത നീളുന്ന ‘ എന്നിങ്ങനെ ഒരുപിടി നല്ല പാട്ടുകള്‍.ഇപ്പോള്‍ ഉടന്‍ റിലീസിങ്ങിനൊരുങ്ങുന്ന ജയറാം ചിത്രം ആടുപുലിയാട്ടത്തിലെ നജീമും റിമിയും പാടിയ ‘ഛിലും ഛിലും’ എന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിയ്ക്കുന്നു.

ആടുപുലിയാട്ടത്തിലെ പാട്ടെഴുത്ത് അനുഭവം

ഈസ്റ്റ്കോസ്റ്റ് ആല്‍ബങ്ങളിലൂടെയാണ് ഞാന്‍ ഗാനരചനാരംഗത്തേയ്ക്ക് കടന്നുവന്നത്.2009 ല് പൊന്നുറുമാല്‍ എന്ന ആല്‍ബത്തിലാണ് ആദ്യമായി വരികളെഴുതുന്നത്.ഈസ്റ്കോസ്റ്റ് സംരംഭങ്ങളിലേയ്ക്ക് രണ്ടാം വരവാണ് ആടുപുലിയാട്ടത്തിലെ ഛിലും ഛിലും’ എന്ന പാട്ട്.നജീം അര്ഷാദും റിമി ടോമിയുമാണ് പാടിയിരിയ്ക്കുന്നത്.

രതീഷ്‌ വേഗയുമായി മുന്‍പ് സഹകരിച്ചിട്ടുണ്ടെങ്കിലും ആദ്യം ഇറങ്ങുന്ന പാട്ടാണ് ഇത്.വളരെ വ്യത്യസ്തമായി ചെയ്ത ഒന്നാണ്.പല ഓപ്ഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത ബെസ്റ്റ് എന്ന് പറയാം.ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.

എങ്ങനെയാണ് സിനിമയിലേയ്ക്ക്?

ഈസ്റ്റ്കോസ്റ്റിന്റെ ആല്‍ബത്തെത്തുടര്‍ന്ന് ചില പാട്ടുകള്‍ എഴുതിയിരുന്നു.ബി ഉണ്ണികൃഷ്ണന്‍ സാര്‍ ത്രില്ലര്‍ ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ അസ്സിസ്ടന്റായ എന്റെ ഒരു സുഹൃത്ത് പരിചയപ്പെടുത്തി. ത്രില്ലരിലെ പ്രിയങ്കരീ എന്ന ഒരു പാട്ടെഴുതാന്‍ അവസരം ലഭിച്ചു.പിന്നീട് അദേഹത്തിന്റെ തുടര്‍ന്നുവന്ന എല്ലാ സിനിമകളിലും അവസരം ലഭിച്ചു.അദ്ദേഹമാണ് സിനിമാരംഗത്ത് എന്റെ ഗുരു എന്ന് പറയാം.കൂടുതല്‍ അറിയപ്പെട്ടു തുടങ്ങിയത് ഗോപീ സുന്ദര്‍ സിനിമകളിലൂടെയാണ്.

എന്തൊക്കെയാണ് ന്യൂജന്‍ പാട്ടെഴുത്തുകാരുടെ വെല്ലുവിളികള്‍

ഒന്നാമത്തെ കാര്യം,ന്യൂജന്‍ എന്ന വിളിയോട് എനിയ്ക്ക് അത്ര പ്രതിപത്തിയില്ല.ഓരോ കാലത്തും അന്ന് വരുന്നവര്‍ ന്യൂ ജെന്‍ ആണല്ലോ.പുതിയ തലമുറ എല്ലാ കാലത്തും വരുമല്ലോ.
കാലഘട്ടത്തിന്റെ വെല്ലുവിളി ഉണ്ടെന്നുള്ളത് സത്യമാണ്.

ഏഴുപതുകളില്‍ തൃശ്ശൂര്‍ മുന്‍സിപ്പല്‍ സ്റ്റാന്റിന്റെ പരിസരത്തു അഞ്ചു മണിയ്ക്ക് പാട്ട് വച്ചിരുന്നു എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്..ജോലികഴിഞ്ഞ് വരുന്ന ആളുകള്‍,സ്കൂള്‍ വിദ്യാര്‍ഥികള്‍,കൂലിപ്പണിക്കാര്‍ ഇവരൊക്കെ അന്നവിടെ പാട്ട് കേള്‍ക്കാന്‍ എത്തും.ഇന്ന് സിനിമ കാണാന്‍ പോകുന്നത് പോലെയാണ്.ഇപ്പോള്‍ കാലം മാറി.സിനിമ റിലീസ് ചെയ്യുന്നതോടൊപ്പം വീട്ടിലിരുന്നു കാണാവുന്ന അവസ്ഥയായി.. കാലത്തിന്റെ മാറ്റം.അന്യഭാഷാ ഗാനങ്ങളുല്‍പ്പെടെ പാട്ടുകളുടെ ഒരു വലിയ ലോകമാണ്.കേള്‍വിക്കാരന്‌ ഒരുപാട് ചോയിസ് ഉണ്ട്. ഇതൊരു വ്യവസായത്തിന്റെ ഭാഗം തന്നെയാണ്.പാട്ട് കാണുക എന്നൊരു രീതി തന്നെയാണ് ഇപ്പോള്‍.അത്രയ്ക്ക് പ്രാധാന്യമാണ് വിഷ്വല്സിന്.ചോയിസിന്റെ ഒരു വലിയ ലോകത്ത് ഒരു പാട്ട് ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ് .

സിനിമ എന്ന പാട്ടുവ്യവസായം

ഒന്നിനും വെയിറ്റ് ചെയ്യാന്‍ വയ്യാത്ത കാലമാണ്. ഹോട്ടലില്‍ പോയി ഭക്ഷണത്തിന് ഓഡര്‍ ചെയ്‌താല്‍ ഒരു പത്തു മിനിറ്റ് കാത്തിരിക്കാന്‍ ക്ഷമയില്ല.ക്ഷമയില്ലായ്മയുടെ ആ ലോകത്തേയ്ക്കാണ് ‘എന്നെ കേള്‍ക്കൂ,എന്നെ കേള്‍ക്കൂ’ എന്നും പറഞ്ഞ് ഈ പാട്ടുകളെല്ലാം വരുന്നത്.
ഒരു പല്ലവി പോലും കേള്‍ക്കാന്‍ ക്ഷമയില്ല.അപ്പോഴേക്കും അടുത്തത്തിലേയ്ക്ക് പോകും.പത്രങ്ങളില്‍ തലക്കെട്ടുകള്‍,ചാനലുകളില്‍ സ്ക്രോളുകള്‍ ഇങ്ങനെ എല്ലാം എത്രയും പെട്ടെന്ന് ആകാമോ അത്രയും പെട്ടെന്ന് എന്ന മനോഭാവമാണ് ആളുകള്‍ക്ക്.അതുകൊണ്ട് തന്നെ നല്ല പാട്ട് എന്നതിനപ്പുറം നല്ല അറ്റെന്‍ഷന്‍ ലഭിയ്ക്കുന്ന പാട്ട് എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ മാറുന്നു.

ഈ തിരക്കിനിടയില്‍ ഭാഷയുടെ പ്രാധാന്യം കുറയുന്നില്ലേ?

അത് പാട്ടുകളില്‍ മാത്രമല്ലല്ലോ.സിനിമയില്‍, കഥയില്‍,സംഭാഷണത്തില്‍ ഒക്കെ തീവ്രത നഷ്ടമാകുന്നുണ്ട്.ആളുകള്‍ക്കും താല്പര്യം അതാണ്‌.ജീവിതശൈലി തന്നെ മാറിയില്ലേ.തീവ്രദു:ഖം,പട്ടിണി എന്നൊക്കെ പറഞ്ഞാല്‍ അത് മനസ്സിലാകുന്ന എത്ര പേരുണ്ടാകും ഇന്ന്? ജീവിതസാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് കലയിലും സാഹിത്യത്തിലും എല്ലാം മാറ്റങ്ങളുണ്ടാകും.ഒന്നിലും ബലം പിടിച്ചുള്ള രീതികള്‍ ആളുകള്‍ക്ക് ഇഷ്ടമല്ലാതായിക്കഴിഞ്ഞു.

കവിതകള്‍ എഴുതിത്തുടങ്ങിയ ഒരാള്‍ക്ക് ഈ മാറ്റം എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു?

അത് കാഴ്ചപ്പാടിന്റെ വ്യത്യാസമാണ്.സിനിമയില്‍ പാട്ടെഴുതുന്നതും കവിതയെഴുതുന്നതും എനിയ്ക്ക് രണ്ടാണ്. കവിത എന്റെ സ്വതന്ത്രസൃഷ്ടിയാണ്.എന്റെ മാത്രം ചിന്തയുടെ സൃഷ്ടി.സിനിമാപ്പാട്ട് അങ്ങനെയല്ല.അതൊരു കൂട്ടായ്മയുടെ സൃഷ്ടിയാണ്.ആ പാട്ടില്‍ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സന്ഗീതസംവിധയകന്റെയും ഒക്കെ ചിന്തകളുടെ അംശമുണ്ടാകും.അത് എന്റെ മാത്രമല്ല.

മെലഡിയാണോ താല്പര്യം?

എനിയ്ക്ക് എല്ലാതരം പാട്ടുകള്‍ എഴുതാനും താല്പര്യമുണ്ട്.പിന്നെ മലയാളികള്‍ക്ക് മെലഡിയോട് ഒരു പ്രത്യേക താല്പര്യമുള്ളത് കൊണ്ട് ഏതൊരു എഴുത്തുകാരനെയും അയാളെഴുതിയ മെലഡിയുടെ പേരിലായിരിയ്ക്കും ഓര്‍ത്തിരിയ്ക്കുന്നത്.

സിനിമാഗാനങ്ങള്‍ ഒരു ഉല്‍പ്പന്നം മാത്രമാവുകയാണോ?

അത് മറ്റൊരു തലമുറയില്‍ ഉള്ളയാള്‍ നോക്കിക്കാണുമ്പോള്‍ തോന്നിയേക്കാം.ഞങ്ങളുടെ തലമുറയും സോള്‍ ഫുള്‍ ആയിട്ടാണ് പാട്ടുകള്‍ ചെയ്യുന്നത്.പിന്നെ സ്വന്തമായി വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ നിന്ന് ഫാസ്റ്റ്ഫുഡ് സംസ്ക്കാരത്തിലേയ്ക്ക് പറിച്ചുനടപ്പെട്ട ഒരു സമൂഹത്തിനുള്ളില്‍ നിന്നും വരുന്നതിനും ആ മാറ്റങ്ങളുണ്ടാകും.

‘മലര്ന്തു മലരാഹ’ എന്ന ക്ലാസ്സിക് തമിഴ്ഗാനം അഞ്ചു മഹാരഥന്മാരുടെ അഞ്ചുദിവസത്തേ കഠിനാദ്ധ്വാനത്തില്‍ പിറവിയെടുത്തതാണെന്ന് കേട്ടിട്ടുണ്ട്.ഓരോ കാലഘട്ടം കഴിയുന്തോറും ആ ഒരു തീവ്രത കുറയുന്നുണ്ട്..വാട്സപ്പിന്റെയും മൊബൈലിന്റെയും ഒക്കെ തിരക്കുപിടിച്ച ഒരു കാലത്ത് ഇതൊക്കെ സ്വാഭാവികമാണ്.പക്ഷെ അപചയം ഉണ്ടെന്നുള്ളത് സത്യമാണ്.ശ്രേഷ്ഠമായ കാലം കടന്നുപോയത് തന്നെയായിരുന്നു.

കുടുംബം

അച്ഛനോടും അമ്മയോടുമൊപ്പം തൃശ്ശൂര്‍ കുന്നംകുളത്ത് താമസം. രണ്ട് സഹോദരിമാര്‍ വിവാഹിതരാണ്.

shortlink

Related Articles

Post Your Comments


Back to top button