സത്യന്‍ അന്തികാട് സിനിമകളിലെ അവിഭാജ്യഘടകമായിരുന്നു ശങ്കരാടി എന്ന നടന്‍ . ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഒരു നടനെ കണ്ടു കിട്ടാന്‍ പ്രയാസമാണ് എന്ന് സത്യന്‍ അന്തികാട് പല അഭിമുഖ സംഭാഷണങ്ങളിലും പറഞ്ഞിട്ടുള്ളതാണ്. സത്യന്‍ അന്തികാട് ഫേസ് ബൂക്കിലൂടെ ശങ്കരാടി എന്ന നടനെക്കുറിച്ച് പങ്കിട്ട മികച്ചൊരു അനുഭവം വായിക്കാം.
ഈയിടെ ‘പൊന്മുട്ടയിടുന്ന താറാവ്’ വീണ്ടും കണ്ടു. ചാനൽ മാറ്റിയപ്പോൾ കണ്ണിൽപെട്ടതാണ്. ഒരു സീൻ കണ്ട് നിർത്താം എന്നാണ് കരുതിയത്. മുഴുവൻ തീർന്നിട്ടേ ടിവി ഓഫ് ചെയ്തുള്ളൂ. അതിലെ ഓരോ സീനും റിഹേഴ്സൽ ചെയ്ത സന്ദർഭവും അപ്പോഴുണ്ടായ തമാശകളുമൊക്കെ ഓർമവന്നു. ഒപ്പം അതിൽ അഭിനയിച്ച, പകരംവെക്കാനില്ലാത്ത നടീനടന്മാരെയും. ക്ലൈമാക്‌സിനോടനുബന്ധിച്ചുള്ള രംഗത്ത് മൂത്ത തട്ടാനെ കസേരയിലെടുത്തുകൊണ്ടുവരുന്ന രംഗം കണ്ടപ്പോൾ ഞാൻ സ്‌ക്രീനിൽ എണ്ണിനോക്കി-
കൃഷ്ണൻകുട്ടി നായർ, ശങ്കരാടി, കരമന, ഒടുവിൽ, ഫിലോമിന – ആരുമില്ല ഇന്ന്. വെളിച്ചപ്പാടായി അരങ്ങുതകർത്ത ജഗതി നീണ്ട മൗനത്തിലായിട്ടും നാളുകളേറെയായി. രഘുനാഥ് പലേരിയുടെ ഹൃദ്യമായ നർമം ഇത്ര വിദഗ്ധമായി അവതരിപ്പിക്കാൻ ഇവരല്ലാതെ മറ്റാരാണുള്ളത്? അന്ന് ആ ചിത്രം ഒരുക്കാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യമായെന്നും ഇപ്പോൾ തോന്നുന്നു.
അടുത്തകാലത്ത് ഫഹദ് ഫാസിൽ പറഞ്ഞു: ”ഞങ്ങളിപ്പോഴും പൊന്മുട്ടയിടുന്ന താറാവും മഴവിൽക്കാവടിയുമൊക്കെ എടുത്ത് കാണും. അതൊരു പ്രചോദനമാണ്.”
എഴുതാൻ തുടങ്ങിയത് ‘പിശുക്ക്’ എന്ന കലയെപ്പറ്റിയാണ്. പെട്ടെന്ന് മനസ്സിൽ വന്ന മുഖം ശങ്കരാടിച്ചേട്ടന്റെയും. ശങ്കരാടിയാണ് ‘പൊന്മുട്ട’യിലേക്ക് നയിച്ചത്. ശങ്കരാടിയെപ്പറ്റിത്തന്നെ പറയാം. ജീവിച്ചിരുന്ന കാലത്ത് അർഹിക്കുന്ന വിധത്തിൽ പരിഗണിക്കപ്പെട്ടിട്ടില്ലാത്ത നടനാണ് ശങ്കരാടി. പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾ കണ്ടുനോക്കൂ. സ്വാഭാവികമായി അഭിനയിക്കുന്ന അപൂർവംപേരേ അന്ന് ഉണ്ടായിരുന്നുള്ളൂ. അതിൽ ഒന്നാംസ്ഥാനം ശങ്കരാടി എന്ന മഹാനടനുതന്നെയാണ്. ചെയ്യുന്ന വേഷങ്ങൾ എത്ര ചെറുതായാലും അത് വെറും വേഷങ്ങളല്ലെന്ന് തോന്നിപ്പിക്കാൻ ശങ്കരാടിക്ക് കഴിയുമായിരുന്നു. മുണ്ടിന്റെ കോന്തല കക്ഷത്ത് തിരുകിക്കൊണ്ടുള്ള ആ നടത്തം – കൈയും കലാശവുമായുള്ള സംഭാഷണം – തീക്ഷ്ണമായ നോട്ടം!
മലയാള സിനിമയുടെ സൗഭാഗ്യമായിരുന്നു ശങ്കരാടി. എന്റെ സിനിമകളിൽ കഥാപാത്രമുണ്ടോ എന്ന് ഒരിക്കലും ശങ്കരാടിച്ചേട്ടൻ ചോദിച്ചിട്ടില്ല. ഉണ്ടാകുമെന്ന് അദ്ദേഹത്തിനറിയാം. സിനിമയുടെ ജോലികൾ ആരംഭിക്കുമ്പോൾ വിളിച്ചു ചോദിക്കും-
”എന്നാ തുടങ്ങുന്നത്?”
”അടുത്ത മാസം പത്തിന്” എന്ന് ഞാൻ മറുപടി പറഞ്ഞുവെന്നിരിക്കട്ടെ.
”ഞാനൊരു പതിനഞ്ചിന് എത്തിക്കൊള്ളാം.” എന്നദ്ദേഹം മറുപടി പറയും. അത് ശങ്കരാടിച്ചേട്ടന്റെ തീരുമാനമാണ്; സ്വാതന്ത്ര്യമാണ്. ഇത്രയും ലളിതമായി ജീവിച്ച ഒരു നടൻ മലയാളത്തിലുണ്ടായിട്ടില്ല. അനാവശ്യമായി ഒരു പൈസപോലും ചെലവാക്കില്ല. മറ്റുള്ളവരെക്കൊണ്ട് ചെലവാക്കാൻ സമ്മതിക്കുകയുമില്ല. ചോദിച്ചാൽ പറയും –
”പണത്തിന്റെ വില നല്ലതുപോലെ അറിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ.”
അടുത്തറിയാത്തവരുടെ അഭിപ്രായം പക്ഷേ, വേറെയാണ്.
”എന്തൊരു പിശുക്കനാണ് ശങ്കരാടിച്ചേട്ടൻ.” എനിക്ക് തോന്നിയിട്ടുള്ളത് ആ പിശുക്കിലും ഒരാനന്ദമുണ്ടെന്നാണ്. ധാരാളിയായി ജീവിക്കുന്ന ഒരാൾ കാശെറിഞ്ഞ് ചെലവാക്കുമ്പോൾ കിട്ടുന്ന അതേ സന്തോഷം!
Leave a Comment