വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് കലാഭവന്‍ മണിയ്ക്ക് ദേശീയ അവാര്‍ഡ് നഷ്ടമായത് അന്നത്തെ കാലത്ത് വലിയ വിവാദം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു . അവാര്‍ഡ് നഷ്ടമായതിനെ തുടര്‍ന്ന് മണി ബോധംകെട്ടു എന്ന നിലയിലുള്ള വാര്‍ത്തകളും അന്ന് പരന്നിരുന്നു. അന്നത്തെ അവാർഡ് പ്രഖ്യാപനവും മണിയുടെ ബോധം കെടലുമൊക്കെ മലയാളികള്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത സംഭവവികാസങ്ങളാണ്.
എന്നാല്‍ തിരക്കഥാകൃത്തായ ഹരിദാസ് കരിവെള്ളൂര്‍ അന്നത്തെ കലാഭവന്‍ മണിയുടെ ബോധം കെടലിനെ പറ്റി ചില കാര്യങ്ങള്‍ തുറന്നു പറയുകയാണ്. കടുത്ത ദാരിദ്ര്യവും യാതനകളും തരണം ചെയ്ത് അതി സാഹസികമായി ജീവിതത്തിന്റെ മുൻ നിരയിലെത്തിയ മണി ഒരു അവാർഡിന്റെ പേരിൽ അങ്ങനെ ബോധം കെടുന്ന ആളല്ലെന്നും അന്നത്തെ ബോധംകെടൽ വളരെ ആസൂത്രിതമായ നാടകമായിരുന്നു എന്നും തിരക്കഥാകൃത്ത് ഹരിദാസ് കരിവെള്ളൂർ പറയുന്നു. പ്രമുഖ ചാനലിന്റെ ഓൺലൈൻ പോർട്ടലിലാണ് അദ്ദേഹം ഇത്തരത്തിലൊരു തുറന്നു പറച്ചില്‍ നടത്തിയത്.
തിരക്കഥാകൃത്തായ ഹരിവെള്ളൂരിന്‍റെ വാക്കുകള്‍
ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന്റെ തലേന്ന് കലാഭവൻ മണി ഫൈനൽ റൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് വിധികർത്താക്കളിൽ ഒരാൾ മണിയെ വിളിച്ച് പറഞ്ഞു. അവാർഡ് വരുന്നുണ്ടെന്ന് മണി തന്റെ സുഹൃത്തുക്കളേയും വിളിച്ചറിയിച്ചു. വിധി പ്രഖ്യാപന ദിവസം രാവിലെയും അതേ വിധി കർത്താവ് വിളിച്ച് മണിയെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു “റിസൾട്ട് കൊടുത്തു മികച്ച നടൻ മണിയാണ്”. ഉടനെ ചാനലുകളിൽ നിന്നും അഭിനന്ദനം അറിയിച്ചുള്ള കോളുകളും ഇന്റർവ്യൂവിനുള്ള സമയം ചോദിക്കലും ഒക്കെ തുടങ്ങി. എന്നാൽ പ്രഖ്യാപനം വരട്ടെ എന്നു പറഞ്ഞ് മണി ഒഴിഞ്ഞുമാറി. അതേസമയം വിധികർത്താവിന്റെ വാക്കുകൾ അനുസരിച്ച് മണിയുടെ സുഹൃത്തുക്കൾ ആഘോഷത്തിനായി ധാരാളം പടക്കങ്ങളും വാങ്ങി എത്തുകയും ചെയ്തു.
അവാർഡ് പ്രഖ്യാപനത്തിന് അഞ്ചു മിനിറ്റ് മുമ്പ് നേരത്തെ വിളിച്ച വിധികർത്താവ് വിളിച്ച് ക്ഷമാപണത്തോടെ മണിയോട് പറഞ്ഞു സാംസ്ക്കാരിക മന്ത്രിയുടെ ഇടപെടൽ കാരണം അവാർഡ് മറ്റൊരു നടനാണ്, അവസാന നിമിഷം വിധി മാറ്റിയെഴുതേണ്ടി വന്നു. ആരാധകരുടെയും സുഹൃത്തുക്കളുടേയും മുന്നിൽ മണി അപമാനിതനായി.
പ്രഖ്യാപനത്തിനു തൊട്ടു മുൻപായി സംസ്ക്കാരിക വകുപ്പ് മന്ത്രിയും മണിയെ വിളിച്ചു. വാസന്തിയും ലക്ഷ്മിയും ചിത്രത്തെ പ്രകീർത്തിച്ച് സംസാരിക്കുകയും ആ പ്രകടനത്തിനു പ്രത്യേക പരാമർശം ഉണ്ടെന്നു പറയുകയും ചെയ്തു. മണി ചെറുപ്പക്കാരനായതിനാൽ ഇനിയും അവസരമുണ്ടെന്ന് പറഞ്ഞപ്പോൾ അതുവരെ അടക്കിയ നിർത്തിയ കോപം മുഴുവൻ മണി പുറത്തെടുത്തു.
ഒരു മന്ത്രിയെ വിളിക്കാവുന്ന ഏറ്റവും മോശമായ ഭാഷയിൽ തന്നെ മണി ചീത്ത വിളിച്ചു. ഫോൺ കട്ട് ചെയ്ത് കഴിഞ്ഞാണ് സംഭവിക്കാൻ പോകുന്ന കാര്യത്തെക്കുറിച്ച് മണി ആലോചിച്ചത്.അവാർഡ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ‘സാംസ്ക്കാരിക മന്ത്രിയെ തെറി വിളിച്ച മണി’ എന്ന രീതിയിൽ നാളെ പത്രങ്ങളിൽ വാർത്തകൾ വരാം എന്ന് സുഹൃത്തുക്കളും പറഞ്ഞപ്പോൾ പെട്ടെന്ന് തന്നെ മണി അടുത്ത സുഹൃത്തു കൂടിയായ വക്കീലിനെ വിളിച്ചു. വക്കീലിന്റെ നിർദ്ദേശം അനുസരിച്ചായിരുന്നു മണിയുടെ അന്നത്തെ ബോധംകെടൽ.
ചാലക്കുടി സർക്കാർ ആശുപത്രിയിലായിരുന്നു ആദ്യം മണി ബോധം കെടൽ അഭിനയിച്ചത്. എന്നാൽ തെന്നിന്റ്യയിലെ ആരാധ്യനായ നടൻ സർക്കാരാശുപത്രിയിൽ കിടക്കുന്ന വിഷ്വൽസ് ചാനലിൽ വരുമ്പോൾ അത് ഇമേജിനെ ബാധിക്കുമെന്ന് ഒരു പത്ര പ്രവർത്തകൻ പറഞ്ഞപ്പോഴാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ലൊക്കേഷൻ മാറ്റിയതെന്നും ഹരിദാസ് പറയുന്നു.
Post Your Comments