
സംസ്ഥാന പുരസ്കാര ജൂറി ചെയര്‍മാനെതിരെ അല്‍ഫോണ്‍സ് പുത്രന്‍ രംഗത്ത് എത്തിയതോടെ വിവാദം വീണ്ടും കൊഴുക്കുകയാണ്. ഇപ്പോള്‍ അല്‍ഫോണ്‍സിന് പിന്തുണയുമായി സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ‘പ്രേമം’ ഉഴപ്പുന്ന സിനിമയാണെങ്കില്‍ നീ ഇനിയും ഇനിയും ഉഴപ്പണം എന്ന രസകരമായ മറുപടിയോടെയാണ് സംവിധായകനായ ബി.ഉണ്ണികൃഷ്ണന്‍ അല്‍ഫോണ്‍സിന് പിന്തുണ അറിയിക്കുന്നത്.
ബി.ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍
ഇന്നലെ റ്റിവിയിൽ ഒരിക്കൽ കൂടി പ്രേമം സിനിമ കണ്ടു. കഴിഞ്ഞ ദിവസം അൽഫോൻസ് മോഹന്‍ സാറിനോട് ഫെയ്സ്ബുക്കിലൂടെ നടത്തിയ പ്രതികരണം വായിക്കുകയും ചെയ്തു. ഞാൻ അതിൽ കക്ഷി ചേരുന്നില്ല. സാധാരണ അവാർഡ് വിവാദളിൽ/സംവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണ് ചെയ്യാറുള്ളത്. ഒരു ജൂറി അവരുടെ ബോധ്യങ്ങൾ നടപ്പാക്കുന്നു; അതിനപ്പുറം പ്രാധാന്യമൊന്നും ഒരവാർഡിനും ഇല്ല. പക്ഷേ, അവാർഡ് പ്രഖ്യാപനവുമൊക്കെകഴിഞ്ഞ്, ജൂറി ചെയർമാൻ ഒരു ചിത്രത്തെ മാത്രം ലാക്കാക്കി സൗന്ദര്യശാസ്ത്രപരമായ ചില വിമർശനങ്ങളൊക്കെ നടത്തുമ്പോൾ പ്രതികരണങ്ങളുണ്ടാവുക സ്വാഭാവികം. ഒന്ന് പറയാതെ വയ്യ. ഈ ചിത്രം കണ്ടിട്ട്, ഇതിന്റെ ആദ്യപകുതിക്ക് ഏകാഗ്രതയില്ലാ, ഇതിന് ഘടനയില്ല, ഫോക്കസില്ലാ, ഇത് ഉഴപ്പിയെടുത്തതാണ് എന്നൊക്കെ പറയാൻ ഞാൻ ഏറെ ബഹുമാനിക്കുന്ന മോഹൻ സാറിന് എങ്ങനെ തോന്നി എന്നെനിക്കറിയില്ല. ഇതിനേക്കാൾ വലിയൊരു അസത്യം ഈ സിനിമയെ കുറിച്ച് പറയാൻ കഴിയില്ല. ഇത് ഉഴപ്പലാണെങ്കിൽ അൽഫോൻസ് താങ്കൾ ഇനിയും ഇനിയും ഉഴപ്പണം, ഗംഭീരമായി ഉഴപ്പണം എന്നേ എനിക്ക് പറയാനൊള്ളൂ. നമ്മുക്ക് ഈ അവാർഡ് വേണ്ട്രടാ! ഇവിടല്ലേലും സീൻ മൊത്തം കോൺട്രാ……
Post Your Comments