General

‘മോഹന്‍ലാലിന്‍റെ വിഷു സമ്മാനം’ മോഹന്‍ലാല്‍ എഴുതിയ ചെറുകഥ വായിക്കാം

ഏറെ തിരക്കുപിടിച്ചതായിരുന്നു അനുപം മോഹന്റെ ജീവിതം. പറന്നുപോകുന്ന രാപ്പലുകള്‍. കാണാതെ പോകുന്ന പ്രഭാതങ്ങളും സന്ധ്യകളും. അറിയാതെ പോകുന്ന നാട്ടുരുചികള്‍. ആസ്വദിക്കാതെ പോകുന്ന മഴയും, മഞ്ഞും. എന്തിനൊക്കെയോ വേണ്ടിയുളള പാച്ചിലില്‍ അയാള്‍ക്ക് നഷ്ടമാകുന്ന സൗഭാഗ്യങ്ങള്‍. ഓടിയോടിത്തളര്‍ന്ന് രാത്രിയില്‍ കിടക്കയില്‍ച്ചെന്ന് വീഴുമ്പോള്‍ ചില ദിവസങ്ങളില്‍ അയാള്‍ സ്വയം ചോദിക്കും; എന്തിനുവേണ്ടിയാണ് ഈ ഓട്ടം ?

ആ ആലോചനയും സമ്മര്‍ദ്ദവും അയാളെ പലപ്പോഴും പരവശപ്പെടുത്തും. അങ്ങനെ ഒന്നും ഓര്‍ക്കാതിരിക്കാന്‍ അയാള്‍ ശീലിച്ചുതുടങ്ങി.

അപ്പോഴെല്ലാം ഓരാള്‍ നിഴല്‍പോലെ തന്നെ പിന്തുടരുന്നത് അയാള്‍ ശ്രദ്ധിച്ചിരുന്നു. ആ മനുഷ്യന് യാതൊരു വിധത്തിലുളള തിരക്കും ഉണ്ടായിരുന്നില്ല. ജീവിതത്തില്‍ തനിക്ക് നഷ്ടപ്പെടുന്ന എല്ലാവിധ ചെറു മനോഹാരിതകളും അയാള്‍ ആസ്വദിച്ചിരുന്നു എപ്പോഴും അയാള്‍ ഉല്ലാസവാനായിരുന്നു. നേടാനുളള കാര്യങ്ങളോ നഷ്ടപ്പെടുമെന്നുളള പേടിയോ അയാളില്‍ ഉണ്ടായിരുന്നില്ല. ശിശിരകാലത്തെ പ്രസന്നമായ ഇളംവെയില്‍ പോലെ ആയിരുന്നു അയാള്‍. അല്ലെങ്കില്‍ അടിത്തട്ടുവരെ കാണുന്ന നീലജലാശയം പോലെ. അനുപമിന് അയാളോട് പലപ്പോഴും അസൂയ തോന്നി. എന്നാല്‍ ആരാണ് താങ്കള്‍ എന്നോ, എങ്ങിനെയാണ് ഇത്രമാത്രം ആനന്ദത്തോടെ ജീവിക്കുന്നത് എന്നോ അയാളോട് ചോദിക്കാന്‍ അനുപമിന് സാധിച്ചില്ല.കാരണം എപ്പോഴും അനുപമിന് ചുറ്റും ആള്‍ക്കൂട്ടമായിരുന്നു.

ഒരുനാള്‍ അനുപമിന് ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു കുന്നിന്‍മുകളില്‍പ്പോകേണ്ടിവന്നു, തനിയെ. ആ കുന്നിന്‍ മുകളിലേക്ക് കാറ്റുപോലും കയറി വന്നിട്ടില്ലായിരുന്നു. അത്രയും നിശബ്ദത അനുപം ആദ്യമായിട്ടായിരുന്നു അനുഭവിക്കുന്നത്. അവിടെയും നിഴല്‍പോലെ അയാള്‍ അനുപമിനെ നോക്കിനിന്നു.താന്‍ ചോദിക്കാന്‍ കാത്തുവെച്ച ചോദ്യത്തിനായി ഇതിലും വലിയ ഒരു അവസരം വേറെയില്ല എന്ന് അനുപമിന് മനസിലായി. അയാള്‍ ചോദിച്ചു; ‘നിങ്ങള്‍ ആരാണ്? എങ്ങനെയാണ് ഇത്രയും ലാഘവത്തോടെ ജീവിക്കാന്‍ സാധിക്കുന്നത്?’

ചോദ്യംകേട്ട് അയാള്‍ ചിരിച്ചു. ആ ചിരി ഒരു വെളിച്ചം പോലെ പരന്നു. എന്നിട്ട് പറഞ്ഞു: ‘എന്നെയൊന്ന് സൂക്ഷിച്ചുനോക്കു, നിന്നെ ചുറ്റിനില്‍ക്കുന്ന ബഹളങ്ങളും പകിട്ടുകളും എല്ലാം മറന്ന് ഏറെ സൂക്ഷിച്ച്’.
അനുപം തന്റെ ഓര്‍മ്മകളുടെ പാടകളെ മുഴുവന്‍ വകഞ്ഞ് തന്റെ ചുറ്റുമുളള മതില്‍ക്കെട്ടുകളെ തകര്‍ത്ത് അയാളെ നോക്കി അപ്പോള്‍ അത്ഭുതത്തോടെ ഒരു രൂപം തെളിഞ്ഞു വന്നു. ആദ്യം തെളിഞ്ഞത് നെറ്റിത്തടമാണ്.പിന്നെ പുരികം, കണ്ണുകള്‍, മൂക്ക്, ചൂണ്ട്, കീഴ്ത്താടി… അനുപം അത്ഭുതപ്പെട്ടു.തന്റെ തന്നെ കുട്ടിക്കാലത്തെ മുഖം.നിറഞ്ഞ നിഷ്‌കളങ്കത.സമ്മര്‍ദ്ദങ്ങള്‍ വടുകെട്ടാത്ത കണ്‍തടങ്ങള്‍. ഒന്നും നേടാനോ,നഷ്ടപ്പെടാനോ ഇല്ലാത്ത ഭാവം…..

എവിടെയാണ് ഇവയെല്ലാം തനിക്ക് നഷ്ടപ്പെട്ടത് എന്നോര്‍ത്ത് അനുപം വിയര്‍ത്തുകുളിച്ചു. മാറി നില്‍ക്കുന്ന നിഴലിനോട് അയാള്‍ പറഞ്ഞു: താങ്കള്‍ എന്നെ വിട്ടുപോകരുത് എന്റെയൊപ്പമുണ്ടാവണം. എനിക്ക് താങ്കളുടെ രൂപത്തിലേക്കും ജീവിതത്തിലേക്കും തിരിച്ചുപോകണം. അതുകേട്ടപ്പോഴും അയാള്‍ ചിരിച്ചു. മന്ദഹാസം. അതില്‍ പാതി പരിഹാസമായിരുന്നു. അനുപമിന്റെ കണ്‍നിറഞ്ഞു.അവര്‍ മുഖത്തോട് മുഖം നിന്നു. പെട്ടെന്നാണ് ഒരു ആരവം കേട്ടത്.ചുറ്റും വലിയ ജനക്കൂട്ടം. ഇവര്‍ എവിടെ നിന്നും വന്നു ? അവര്‍ കാണാതെ അനുപം കണ്ണീര്‍തുടച്ചു.ചിരിച്ചുകൊണ്ട് കൈവീശി. ആള്‍ക്കൂട്ടം ആര്‍ത്തുവിളിച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍ അതുവരെ അയാളുമായി സംസാരിച്ചുനിന്ന നിഴല്‍ മാഞ്ഞുപോയിരുന്നു…
മാതൃഭൂമിയുടെ നഗരം പേജില്‍ വിഷു പ്രമാണിച്ച് സൂപ്പര്‍ താരം മോഹന്‍ലാല്‍ എഴുതിയ ഹൃദയ സ്പര്‍ശിയായ ചെറുകഥയാണിത്‌.

shortlink

Related Articles

Post Your Comments


Back to top button