എന്ന് നിന്‍റെ മൊയ്തീന്‍ എന്‍റെ സ്വന്തം സിനിമ : രമേശ്‌ നാരായണന്‍

എന്ന് നിന്‍റെ മൊയ്തീന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. വിമലിന് ശക്തമായ പ്രതികരണവുമായി സംഗീത സംവിധായകന്‍ രമേശ്‌ നാരായണന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. എന്ന് നിന്റെ മൊയ്തീൻ തന്റെ സ്വന്തം സിനിമയാണെന്നും എന്നാൽ ഇപ്പോൾ ഫലം കൊയ്യുന്നത് ആർ എസ് വിമലാണെന്നും സംഗീത സംവിധായകൻ രമേശ്‌ നാരായണന്‍ പറയുന്നു. പ്രമുഖ സിനിമാ മാഗസിനോട് സംസാരിക്കുകയായിരുന്നു രമേഷ് നാരായണന്‍. ‘എന്ന് നിന്റെ മൊയ്തീൻ എന്റെ സിനിമയാണ്‌. ഈ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഞാനാണ്‌. ഈ സിനിമയുടെ പൂജ നടന്നതും തിരക്കഥ കൈമാറിയതും എന്റെ വീട്ടിലെ പൂജാമുറിയിൽ വച്ചാണ്‌. ഈ സിനിമയുണ്ടാകാനുള്ള കാരണക്കാരൻ തന്നെ ഞാനാണ്‌’. അത് ഇത്രയും വലിയ സിനിമയായി മാറിയതിൽ തനിക്ക് അഭിമാനമുണ്ടെന്നും രമേഷ്.

വിമൽ സിനിമ ചെയ്യണം എന്ന് ആഗ്രഹമുള്ളതായി പറഞ്ഞിരുന്നു. മുമ്പ് ചെയ്ത ഷോർട്ട് ഫിലിമും എന്നെ കാണിച്ചു. ഇതിൽ ഒരു വലിയ സിനിമ ഉണ്ടെന്ന് ഞാനാണ്‌ പറഞ്ഞത്. വാഷിങ്ങ്ടണിലുള്ള എന്റെ സുഹൃത്ത് സുരേഷിന്‌ ഒരു സിനിമ ചെയ്യണം എന്ന് ആഗ്രഹം പറഞ്ഞപ്പോൾ ഞാൻ ഈ സിനിമയെക്കുറിച്ച് പറഞ്ഞു. എന്നാൽ സുരേഷിന്‌ ഒരു നവാഗത സംവിധായകനെ വച്ച് സിനിമ നിർമ്മിക്കാൻ താൽപ്പര്യമില്ലായിരുന്നു. കമലിനെപ്പോലെ അല്ലെങ്കിൽ അതുപോലെ മറ്റൊരാൾ മതിയെന്നായിരുന്നു അന്ന് സുരേഷ് പറഞ്ഞത്. ഞാൻ വിമലിനെ സപ്പോർട്ട് ചെയ്ത് പറഞ്ഞതുകൊണ്ട് മാത്രമാണ്‌ അദ്ദേഹം വിമലിനെ വച്ച് സിനിമയെടുക്കാൻ തയാറായത്.

പൃഥ്വിരാജിനെ അപ്രോച്ച് ചെയ്യാൻ വിമലിനോട് പറഞ്ഞതു മുതൽ ഈ സിനിമയ്ക്ക് പേരിട്ടത് വരെ ഞാനായിരുന്നു. എന്നാൽ കാര്യങ്ങൾ ഓരോന്നായി ശരിയായപ്പോൾ ഇത് പ്രോജക്ട് ഡയറക്ടറുടെ മാത്രം ചിത്രമായി.

ദാസേട്ടൻ പാടിയ ഈ മഴതൻ. എന്ന പാട്ടായിരുന്നു സിനിമയ്ക്കു വേണ്ടി ആദ്യമൊരുക്കിയ ഗാനം. വിമൽ പറഞ്ഞിട്ടാണ്‌ ദാസേട്ടനെ കൊണ്ട് പാടിച്ചത്. ദാസേട്ടന്റെ ഒരു പാട്ടെങ്കിലും ചിത്രത്തിൽ വേണമെന്നത് വിമലിന്റെ ആഗ്രഹമായിരുന്നു. എന്നാൽ പിന്നീട് ആരൊക്കെയോ ഇടപെട്ട് ആ ഗാനവും ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതായാണ്‌ അറിയുന്നത്. സിനിമ റിലീസായിക്കഴിഞ്ഞ് ദാസേട്ടന്റെ മാനേജർ വിളിച്ച് അദ്ദേഹത്തിന്റെ പാട്ട് കട്ട് ചെയ്തോ എന്ന് ചോദിച്ചപ്പോഴാണ്‌ ഞാൻ ഇക്കാര്യം അറിഞ്ഞത്. ദാസേട്ടന്റെ പാട്ട് മാറ്റിയതിനൊപ്പം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്ന ടൈറ്റിലിൽ നിന്നും എന്റെ പേരും ഒഴിവാക്കി. എന്നാൽ ഞാൻ ഇത് ശ്രദ്ധിച്ചിരുന്നില്ല.

ദാസേട്ടന്റെ പാട്ട് മാത്രമല്ല എന്റെ മകൾ മധുശ്രീ പാടിയ പ്രിയമുള്ളവനേ എന്ന പാട്ടും ചിത്രത്തിൽ നിന്നും ഒഴിവാക്കപ്പെട്ടു. അവൾ സിനിമയിൽ പാടിയതിനെക്കുറിച്ച് സ്കൂളിൽ ടീച്ചേഴ്സിനോടും സ്റ്റുഡന്റ്സിനോടുമൊക്കെ പറഞ്ഞിരുന്നു. സിനിമ കണ്ടിട്ട് മധുശ്രീയുടെ പാട്ട് ചിത്രത്തിൽ ഇല്ലല്ലോ എന്ന അവരുടെ ചോദ്യം അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. രണ്ടു ദിവസം അവൾ വല്ലാതെ അപ്സെറ്റായിരുന്നു. സിനിമയിൽ ഇത്തരം ചതിക്കുഴികൾ ഉണ്ടെന്ന് എനിക്കറിയാം. എന്നാൽ ഇത് ഭീകരമായിപ്പോയി. രമേഷ് കൂട്ടിച്ചേർത്തു.

Share
Leave a Comment