രഞ്ജിത്തിന്റെ പുതിയ ചിത്രമായ ലീലയുടെ റിലീസുമായുള്ള പ്രശ്നങ്ങള്‍ക്ക് ഇതോടെ പരിഹാരമാകുകയാണ്. ചിത്രത്തിന് എത്രയും പെട്ടെന്ന് പബ്ലിസിറ്റി ക്ലിയറന്‍സ് നല്‍കണമെന്ന് ഹൈക്കോടതി നിർമ്മാതാക്കളുടെ സംഘടനയായ ഫിലിം ചേംബറിനോട് നിർദേശിച്ചു. ലീല സെൻസർ ചെയ്യാനുള്ള സർട്ടിഫിക്കറ്റുകൾ ഫിലിം ചേംബർ അസോസിയേഷൻ ഉടൻ വിട്ടു കൊടുക്കണം എന്നും ആവശ്യപ്പെട്ടു.
ചിത്രത്തിനായി തയ്യാറാക്കിയ പോസ്റ്ററുകൾ വിലക്കിയ നടപടി പിൻവലിക്കണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എസ്.എസ്.മുഹമ്മദ് മുഷ്താഖ് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ രഞ്ജിത്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടിയെടുത്തത്. സർട്ടിഫിക്കറ്റുകൾ ക്ലിയർ ചെയ്തു നൽകാത്തതിനാൽ ചിത്രത്തിന്റെ പോസ്റ്ററുകൾ തയ്യാറാക്കാനോ സെൻസർ അനുമതി നേടാനോ സാധിക്കുന്നില്ലെന്ന് രഞ്ജിത്ത് കോടതിയെ ബോധിപ്പിച്ചിരുന്നു. നിലവിൽ സിനിമയുടെ പോസ്റ്റർ പരിശോധിച്ച് അംഗീകാരം നൽകാനുള്ള അധികാരം കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിനാണ്.
പോസ്റ്ററിൽ അശ്ലീലമുണ്ടോയെന്ന് മാത്രമേ ഫിലിം ചേംബർ പരിശോധിക്കേണ്ടതുള്ളൂവെന്നും രഞ്ജിത്ത് പരാതിയില്‍ പറയുന്നു. സിനിമയുടെ പോസ്റ്ററും മറ്റ് പബ്ലിസിറ്റി മെറ്റീരിയലുകളും പരിശോധിക്കാനുള്ള അധികാരം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോ ചലച്ചിത്ര അക്കാദമിക്കോ കൈമാറണമെന്നും ഹര്‍ജിയിൽ രഞ്ജിത്ത് പ്രസ്താവിക്കുന്നു.
Post Your Comments