സത്യന്‍ അന്തികാട് സിനിമകളിലെ സ്ഥിരം സ്റ്റില്‍ ഫോട്ടോഗ്രാഫറാണ് എം.കെ മോഹനന്‍ എന്ന മോമി. മിക്ക സത്യന്‍ അന്തികാട് സിനിമകളിലും ചെറിയൊരു വേഷത്തില്‍ മോമി പ്രത്യക്ഷപ്പെടാറുണ്ട്. മോമിയെ കുറിച്ചുള്ള നല്ലൊരു അനുഭവം ഫേസ്ബുക്ക് താളുകളില്‍ സത്യന്‍ അന്തികാട് പങ്കുവെച്ചു.
‘രസതന്ത്രം’ എന്ന സിനിമയുടെ നിർമാണ കാലത്താണ്. ഷൂട്ടിങ് കഴിഞ്ഞ് എഡിറ്റിങ്ങിനും മറ്റു ജോലികൾക്കുമായി മദ്രാസിൽ പോയ സമയം. എന്റെ സിനിമയുമായി ബന്ധപ്പെട്ട് രണ്ടു പേരെ ഇപ്പോൾ മദ്രാസിൽ സ്ഥിരതാമസമുള്ളൂ. എഡിറ്റർ രാജഗോപാലും സ്റ്റിൽ ഫോട്ടോഗ്രാഫർ മോമിയും.മോമിയെപ്പറ്റി ഈ പംക്തിയിൽ മുന്പ് പറഞ്ഞിട്ടുണ്ട്. സംവിധാനം പഠിക്കാൻ മദ്രാസിൽ എത്തിയപ്പോൾ മുതലുള്ള കൂട്ടാണ്. ഞങ്ങൾ ഒരുമിച്ച് ഒരേ മുറിയിലായിരുന്നു താമസം. മഹാത്മാഗാന്ധിക്കുശേഷം ഏറ്റവും ലളിതമായ രീതിയിൽ ജീവിക്കുന്ന ഇന്ത്യക്കാരൻ എന്ന് ഞങ്ങൾ തമാശയായി പറയാറുണ്ട്. പേരിലുമുണ്ട് സാമ്യം. ഒരാൾ മോഹൻദാസ് കരംചന്ദ് ഗാന്ധി. മോമിയുടെ യഥാർത്ഥ പേര് എം.കെ മോഹനൻ
മനസ്സിനിണങ്ങിയ സംവിധയകർക്കൊപ്പം മാത്രമേ മോമി ജോലി ചെയ്യാറുള്ളൂ. അത്തരക്കാരേ മോമിയെ വിളിക്കാറുള്ളൂ. രാശിയുള്ള സ്റ്റിൽ ഫോട്ടോഗ്രാഫർ എന്ന ഒരു സൽപ്പേരും മോമിക്കുണ്ട്. മോമി വർക്ക് ചെയ്തിട്ടുള്ള തൊണ്ണൂറ്റൊന്പത് ശതമാനം ചിത്രങ്ങളും സൂപ്പർ ഹിറ്റായിട്ടുണ്ട് എന്നത് പരസ്യമായൊരു രഹസ്യം. കമലും ലാൽ ജോസുമൊക്കെ മോമിയില്ലെങ്കിൽ മാത്രമേ മറ്റു സ്റ്റിൽ ഫോട്ടോഗ്രാഫർമാരെ അന്വേഷിക്കാറുള്ളൂ. ക്ലാസ്‌മേറ്റ്‌സും ഉദയനാണ് താരവും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ മോമിയുടെ കയ്യൊപ്പു പതിഞ്ഞ ചിത്രങ്ങളാണ്.
രസതന്ത്രം എഡിറ്റിങ് നടക്കുന്പോൾ മോമി വന്നു പറഞ്ഞു.
”നാളെ കോഴിക്കോട്ടേക്ക് പോവുകയാണ്. രഞ്ജൻ പ്രമോദിന്റെ ‘ഫോട്ടോഗ്രാഫർ’ എന്ന ചിത്രം ആരംഭിക്കുന്നു.”
മനസ്സിനക്കരെയുടെ ഷൂട്ടിങ് സമയത്തു തന്നെ മോമി നിർബന്ധമായും വേണമെന്ന് രഞ്ജൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. നിലന്പൂരും വയനാടുമൊക്കെ ഷൂട്ടിങ്ങുണ്ട്. മോമിയുടെ ക്യാമറക്കണ്ണുകൾക്ക് ഒരു ഉത്സവമാകും ‘ഫോട്ടോഗ്രാഫർ’ എന്ന് എനിക്കും തോന്നി. പക്ഷേ, പിറ്റേന്ന് ഞാൻ താമസിക്കുന്നിടത്ത് അല്പം നിരാശയോടെ മോമി വന്നു. താടിയുള്ള മുഖത്ത് വിഷാദച്ഛായ കണ്ടുപിടിക്കാൻ അല്പം ബുദ്ധിമുട്ടാണ് എങ്കിലും എനിക്കതു മനസ്സിലായി. കാരണമന്വേഷിച്ചപ്പോൾ പറഞ്ഞു. ”ഇന്നു വൈകുന്നേരത്തെ ട്രെയിനിലാണ് പോകേണ്ടത്. നാളെ ഷൂട്ടിങ് തുടങ്ങും. പക്ഷേ ഞാൻ പോകുന്നില്ല.”
”അതെന്താ?”
”ഡിജിറ്റൽ ക്യാമറയിലുള്ള സ്റ്റിൽസ് വേണമെന്ന് നിർബന്ധമുണ്ട് രഞ്ജന്, പബ്ലിസിറ്റിക്ക് ഇന്റർനെറ്റും മറ്റ് സോഷ്യൽ മീഡിയയുമൊക്കെ ഉപയോഗിക്കേണ്ടതുകൊണ്ട് അത് അത്യാവശ്യമാണ്.”
ശരിയാണ് മിക്കവാറും എല്ലാവരും ഇപ്പോൾ ഡിജിറ്റലിലേക്ക് മാറിയല്ലോ. ഷൂട്ടിങ്ങിനിടയിൽതന്നെ ലാപ്‌ടോപ്പിൽ ഇട്ട് കാണാനും വേണ്ടമാറ്റങ്ങൾ വരുത്താനുമൊക്കെ എളുപ്പമാണ്. മോമിയുടെ കൈയിൽ അപ്പോഴും ഫിലിം ഉപയോഗിച്ചെടുക്കുന്ന പഴയ ക്യാമറയേ ഉള്ളൂ. വൈകുന്നേരത്തിനുള്ളിൽ പുതിയൊരു ക്യാമറ വാങ്ങുക എന്നത് മോമിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്.
”സാരമില്ല. ഡിജിറ്റൽ ക്യാമറയുള്ള ധാരാളം പേരുണ്ട്. അവരിൽ ആരെയെങ്കിലും വിളിക്കാൻ രഞ്ജൻ പ്രമോദിനോടു പറയാം.”
മനസ്സുകൊണ്ട് ആ സിനിമ വിടാൻ മോമി തയ്യാറായി.
പക്ഷേ, മോമിതന്നെ വർക്ക് ചെയ്യണമെന്ന് രഞ്ജൻ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. സൗഹൃദങ്ങൾക്ക് വിലകല്പിക്കുന്ന നല്ല സുഹൃത്താണ് രഞ്ജൻ പ്രമോദ്.
”അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു ഡിജിറ്റൽ ക്യാമറയ്ക്ക് എന്ത് വിലവരും മോമി” എന്നു ഞാൻ ചോദിച്ചു. അതൊക്കെ മോമി അന്വേഷിച്ചുവെച്ചിരുന്നു. ഏറ്റവും ചുരുങ്ങിയ തോതിലുള്ള ഒന്നിന് ലെൻസ് അടക്കം അന്ന് അറുപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ വേണം. അല്പദിവസത്തെ സാവകാശമുണ്ടെങ്കിൽ എങ്ങനെയെങ്കിലും മോമി അത് സംഘടിപ്പിക്കും. പക്ഷേ, ട്രെയിൻ പുറപ്പെടാൻ മണിക്കൂറുകളേ ഉള്ളൂ.
മോമി അറിയാതെ ഞാൻ നിർമാതാവ് ആന്റണി പെരുന്പാവൂരിനെ വിളിച്ചു:
”അത്യാവശ്യമായി എനിക്ക് അറുപത്തിരണ്ടായരത്തി അഞ്ഞൂറ് രൂപ വേണം.”
ഉച്ചയ്ക്കുമുൻപ് കിട്ടണം’ പറഞ്ഞ സമയത്തിനുമുൻപേ പണം എന്റെ കൈയിലെത്തി. ഒരു മാജിക് കാണിക്കുന്ന ലാഘവത്തോടെ ഞാനത് മോമിക്കുമുന്നിൽ വെച്ചു.
‘പോയി ക്യാമറ വാങ്ങിവരൂ’
ഒരാളിൽനിന്നും കടമായി ഒരു രൂപപോലും വാങ്ങാത്ത ആളാണ് മോമി. ഇത്രയേറെ സ്വാതന്ത്ര്യമുണ്ടായിട്ടും മോമി മടിച്ചു. ഞാൻ നിർബന്ധപൂർവം ആ പണം പോക്കറ്റിലിട്ടുകൊടുത്തിട്ടു പറഞ്ഞു. ‘വൈകിക്കണ്ട, വേഗം പോയി വരൂ.’ വളരെ പെട്ടെന്നുതന്നെ മോമി പുതിയ ഡിജിറ്റൽ ക്യാമറയുമായി വന്നു. പുതിയൊരു കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ കൗതുകമുണ്ടായിരുന്നു കണ്ണിൽ.
‘ആദ്യംതന്നെ ഇതിൽ സത്യന്റെ ഫോട്ടോ എടുക്കട്ടെ.’
ഉദ്ഘാടന ചിത്രത്തിന് ഞാൻ നിന്നുകൊടുത്തു. ക്യാമറയുടെ സ്‌ക്രീനിൽ അത് അപ്പോൾതന്നെ എന്നെ കാണിക്കുകയും ചെയ്തു. വൈകുന്നേരത്തെ ട്രെയിനിൽതന്നെ ഷൂട്ടിങ്ങിനായി മോമി കോഴിക്കോട്ടേക്കു പോയി. അന്നത്തെ ജോലികൾ തീർത്ത് രാത്രി മുറിയിലെത്തിയപ്പോൾ ഞാൻ ടി.വി. ഓൺ ചെയ്തു. ഏഷ്യാനെറ്റ് അവാർഡുകൾ പ്രഖ്യാപിക്കുന്നു.
മികച്ച ചിത്രം”അച്ചുവിന്റെ അമ്മ’.
അവാർഡ് തുക: ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ. അതിൽ പകുതി നിർമാതാവായ പി.വി. ഗംഗാധരനും പകുതി സംവിധായകനായ എനിക്കും.
എന്റെ പങ്ക് കൃത്യം അറുപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ! മോമിയുടെ ഡിജിറ്റൽ ക്യാമറയുടെ വില. പെട്ടെന്നെന്റെ കണ്ണു നിറഞ്ഞു പോയി. ‘പൊന്മുട്ടയിടുന്ന താറാവി’ൽ ശ്രീനിവാസൻ പറയുന്നതുപോലെ, ‘ഒരു പണത്തൂക്കം അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല’.
ഈശ്വരൻ എല്ലാം കാണുന്നു എന്നു പറയുന്നത് നമ്മളെങ്ങനെ വിശ്വസിക്കാതിരിക്കും?
Post Your Comments