തന്റെ കരിയറിലെ വിജയപരാജയങ്ങളില്‍ മോഹന്‍ലാല്‍ നല്‍കിയ പിന്തുണയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകനായ പ്രിയദര്‍ശന്‍. ദി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ മോഹന്‍ലാലുമായുള്ള ഹൃദയബന്ധത്തെക്കുറിച്ചു പരാമര്‍ശിച്ചത്
കഴിഞ്ഞ 34 വര്‍ഷത്തിനിടെ കുറഞ്ഞത് മൂന്ന് തവണയെങ്കിലും കരിയറില്‍ എനിക്ക് മോശം കാലം ഉണ്ടായിട്ടുണ്ട്. ലാല്‍ ആയിരുന്നു അക്കാലത്തെല്ലാം എന്റെ ഏറ്റവും വലിയ ബലം. എണ്‍പതുകളുടെ അവസാനം എനിക്കൊരു ഹാട്രിക് വിജയം ലഭിച്ചു. വെള്ളാനകളുടെ നാട് 150 ദിവസം ഓടി. തുടര്‍ന്നുവന്ന ആര്യന്‍ 200 ദിവസവും ചിത്രം 366 ദിവസവും തീയേറ്ററില്‍ കളിച്ചു. പക്ഷേ അതിനുശേഷം ചില പരാജയങ്ങള്‍ സംഭവിച്ചു. അക്കരെ അക്കരെ അക്കരെയും കടത്തനാടന്‍ അമ്പാടിയും ബോക്‌സ് ഓഫീസില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല. ലാല്‍ എന്നോട് അക്കാലത്ത് പറഞ്ഞു, ‘അടുത്ത ആറ് മാസത്തേക്ക് സിനിമകളൊന്നും ചെയ്യേണ്ടെന്ന്’. അത് കേട്ടപ്പോള്‍ ഒരു വിഷമം തോന്നിയെങ്കിലും അതൊരു നല്ല ഉപദേശമായിരുന്നെന്ന് പിന്നീട് തോന്നി. ഞാന്‍ സിനിമയില്‍ നിന്നൊരു ഇടവേളയെടുത്തു. അതിനുശേഷം ലാലുമൊത്ത് ചെയ്യുന്ന സിനിമയാണ് കിലുക്കം. ഞാന്‍ പിന്നീട് ലാലിനോട് ചോദിച്ചിട്ടുണ്ട്, എന്തുകൊണ്ടാണ് എന്നോട് അന്നങ്ങനെ പറഞ്ഞതെന്ന്. തുടര്‍ വിജയങ്ങള്‍ അമിത ആത്മവിശ്വാസത്തിലേക്ക് നയിക്കുമെന്നായിരുന്നു ലാല്‍ പറഞ്ഞത്.
തൊണ്ണൂറുകളുടെ അവസാനവും കരിയറില്‍ എനിക്കൊരു മോശം കാലമുണ്ടായി. അത് ബോളിവുഡില്‍ ആയിരുന്നു എന്നുമാത്രം. അന്നും ലാല്‍ പറഞ്ഞതോര്‍ത്ത് ഞാന്‍ ഒരു ഇടവേള സ്വയം നിശ്ചയിച്ചു. പിന്നീട് ചെയ്യുന്ന സിനിമ ഹേരാ ഫേരിയാണ്.
മുന്‍കാല സിനിമകളിലെ സ്ഥിരം നടന്മാരില്‍ പലരും വിട പറഞ്ഞത് ഉണ്ടാക്കുന്ന പ്രതിസന്ധിയെക്കുറിച്ചും പ്രിയന്‍ പറയുന്നു.
എന്റെ പഴയ സിനിമകളില്‍ ഉണ്ടായിരുന്ന പലരും ഇപ്പോഴില്ല. പപ്പുവേട്ടനും (കുതിരവട്ടം പപ്പു) ജഗതിയും തിലകനുമൊക്കെച്ചേര്‍ന്ന് രൂപപ്പെടുന്ന ഒരുതരം രസതന്ത്രമുണ്ടായിരുന്നു ആ ചിത്രങ്ങളില്‍. ഇവരെയെല്ലാം ഇപ്പോള്‍ മിസ് ചെയ്യുന്നുണ്ട്. പുതിയ ചിത്രത്തില്‍ ഒരു പുതിയ ടീമാണ്. ചെമ്പന്‍ വിനോദ്, അജു വര്‍ഗീസ്, കണാരന്‍ ഹരീഷ് ഇവരൊക്കെ. അവരുമായി ചേര്‍ന്നുവരികയാണ്. പക്ഷേ അതിന് സമയമെടുക്കും. മുന്‍പൊക്കെ ഒരു കഥാപാത്രത്തെ ഉണ്ടാക്കുമ്പോള്‍ ജഗതിയും ശ്രീനിവാസനുമൊക്കെ മനസിലുണ്ടാവും. കാരണം നിങ്ങള്‍ അവരുടെയൊക്കെ കൂടെയാണ് വളര്‍ന്നുവന്നത്. ഇപ്പോള്‍ ഈ പുതിയ നടന്മാരുടെ രീതി മനസിലാക്കണം. അതിന് കുറച്ച് സമയമെടുക്കും.
ആളുകളുടെ പ്രതീക്ഷ ഒരു വലിയ ഭാരമാണ്. ഇന്നത്തെ കാലത്ത് എനിക്കൊരു പ്രണയസിനിമ ചെയ്യാനാവുമെന്ന് തോന്നുന്നില്ല. കാരണം ഇന്നത്തെ പ്രണയം എന്താണെന്ന് എനിക്കറിയില്ല. പ്രേക്ഷകര്‍ മറ്റൊരു കാര്യം കൂടെ മനസിലാക്കണം. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കിലുക്കം, താളവട്ടം, ചിത്രം തുടങ്ങിയ സിനിമകളൊന്നും ഇന്ന് ചെയ്യാനാവുമെന്നും തോന്നുന്നില്ല. മൊബൈല്‍ ഫോണ്‍ എന്ന ഒറ്റക്കാരണമാണ് അതിന് പിന്നില്‍. പുതുതായി സിനിമ ചെയ്യാന്‍ തോന്നുന്ന ആശയങ്ങള്‍ ചെറുപ്പക്കാരുമായി പങ്കുവയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അവരുടെ മറുപടി എന്തെന്ന് കേള്‍ക്കും. സ്വാനുഭവങ്ങള്‍ അടിസ്ഥാനമാക്കിയല്ലാത്ത ചില സിനിമകളും എഴുതേണ്ടിവന്നിട്ടുണ്ട്. എന്നെത്തന്നെ ആവര്‍ത്തിക്കാനുള്ള പ്രേരണയെക്കുറിച്ചും ഞാനിപ്പോള്‍ ബോധവാനാണ്. ഒരു ഫോര്‍മുല വിജയിക്കുമ്പോള്‍ അത് വീണ്ടും ചെയ്യണമെന്ന് നിങ്ങള്‍ക്ക് തോന്നും. പക്ഷേ ആ പിഴവുകളൊക്കെ ഞാന്‍ തിരിച്ചറിഞ്ഞു. അതില്‍നിന്നൊക്കെ പൂര്‍ണമായും ദിശമാറി ചെയ്യുന്ന സിനിമയാവും ‘ഒപ്പം’.
Post Your Comments