കലാഭവൻ മണിയുടെ മരണത്തിന്റെ കാരണം ക്ളോർപൈറിഫോസ് കീടനാശിനിയും മദ്യത്തിലെ മെഥനോളും അകത്തുചെന്നതുകൊണ്ടാണെന്നു പ്രതിപാദിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ഡോക്ടർമാർ പൊലീസിനു കൈമാറി. ഡോക്ടർമാർ രേഖാമൂലം നൽകുന്ന ആദ്യ റിപ്പോർട്ടാണിത്. രാസപരിശോധനയ്ക്കുശേഷം കിട്ടിയ വിവരങ്ങളുടേയും കൂടി അടിസ്ഥാനത്തിലാണു റിപ്പോർട്ട് തയാറാക്കി നല്‍കിയത്.
മണിയുടെ കരള്‍രോഗം മരണം വേഗത്തിലാക്കാന്‍ കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ, കരള്രോഗമല്ല അന്തിമ മരണകാരണം എന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. മണിയെ അവസാനം ചികിത്സിച്ച കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടത്തിയ പരിശോധനകളില്‍ രാസവസ്തു സാന്നിദ്ധ്യമൊന്നും കണ്ടെത്തിയിരുന്നില്ല. എന്നാല്‍, കൂടുതല്‍ വിദഗ്ദ പരിശോധനകള്‍ നടത്തിയാലേ ഈക്കാര്യം തീര്‍ച്ചപ്പെടുത്താനാകൂ എന്ന് അമൃതയിലെ ലാബ് റിപ്പോര്‍ട്ടില്‍ പരാമര്‍ശവുമുണ്ട്.
മെഡിക്കല്‍കോളേജ് ഫോറന്‍സിക് വിദഗ്ദരായ ഡോ. പി.എ. ഷിജു, ഡോ. ഷെയ്ക്ക് സക്കീര്‍ ഹുസൈന് എന്നിവരാണ് പോലീസിനു അന്തിമറിപ്പോര്‍ട്ട് കൈമാറിയത്.
മണി കഴിച്ച മദ്യത്തിലെ വിഷാംശം അപകടകരമായ തോതില്‍ അല്ലായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. മരണം സംഭവിക്കാനുള്ള പ്രധാന കാരണം രാസവിഷം തന്നെയാണ്. എന്നാല്‍ ഈ വിഷാംശം പച്ചക്കറി മുതലായ ആഹാര പദാര്ത്ഥങ്ങളിലൂടെയാണോ അതോ നേരിട്ടാണോ ശരീരത്തിനുള്ളില്‍ എത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്താനായില്ല.
Post Your Comments