പത്തനാപുരം: തിങ്കളാഴ്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജഗദീഷ് കൂടി പ്രചാരണം തുടങ്ങുന്നതോടെ പത്തനാപുരത്തെ തിരഞ്ഞെടുപ്പ് അങ്കത്തട്ട് അത്യന്തം ആവേശത്തിലാകും. മണ്ഡലത്തില്‍ സ്ഥിരമായി താമസിക്കുക എന്ന ഉദ്ദേശത്തോടെ പത്തനാപുരം ടൗണില്‍ ഫ്ലാറ്റ് എടുത്തതായി ജഗദീഷ് അറിയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബി.ഗണേഷ്കുമാറും ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഭീമന്‍ രഘുവും ചേരുന്നതോടെ പൂര്‍ണ്ണമായും ഒരു സിനിമാ-താര പോരാട്ടത്തിനാണ് പത്തനാപുരത്ത് അരങ്ങുണരുന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് ഹാട്രിക്ക് വിജയം നേടിയ ഗണേഷ്കുമാര്‍ എല്‍.ഡി.എഫിനൊപ്പം ആദ്യവിജയം സുനിശ്ചിതമാക്കാനുള്ള ശ്രമങ്ങളിലാണ്. മുറിവേറ്റ പഴയകാല പോരാളികളെ കണ്ടെത്തി ഒപ്പം നിര്‍ത്താനും, മുന്‍സുഹൃത്തുക്കളുടെ രഹസ്യസഹായം ഉറപ്പാക്കാനും തിരക്കിട്ട് നടക്കുകയാണ് ഗണേഷ്. പാര്‍ട്ടിയിലെ ബ്രാഞ്ച്, ലോക്കല്‍ തലത്തിലുള്ള അസ്വാരസ്യങ്ങള്‍ നയപരമായി പരിഹരിക്കാനുള്ള ശ്രമങ്ങളും അദ്ദേഹം കൊണ്ടുപിടിച്ചു നടത്തുന്നു. ഗണേഷ് മണ്ഡലത്തില്‍ കൊണ്ടുവന്ന വികസനവും എം.എല്‍.എ. എന്ന നിലയിലുള്ള സല്‍പ്പേരും തുണയാകുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. ക്യാമ്പ്.
ജഗദീഷിനാകട്ടെ പത്തനാപുരത്ത് എല്ലാം ആദ്യംമുതല്‍ തുടങ്ങണം. മണ്ഡലത്തിലെ പ്രമുഖ വ്യക്തിത്വങ്ങളേയും, പാര്‍ട്ടി അണികളേയും നേരില്‍ക്കണ്ട് ബന്ധം സ്ഥാപിക്കണം. ബൂത്ത്, മണ്ഡലം തല യോഗങ്ങളിലൂടെ സ്ഥാനാര്‍ത്ഥിയെ പരമാവധി ജനങ്ങളുമായി അടുപ്പിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ഉമ്മന്‍ചാണ്ടി നടപ്പാക്കിയ വികസനങ്ങളാണ് യു.ഡി.എഫ്. ക്യാമ്പിന്‍റെ പ്രധാന പ്രചരണായുധം.
ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭീമന്‍ രഘു ഇതിനകം മണ്ഡലപര്യടനം പൂര്‍ത്തിയാക്കി തന്‍റെ സാന്നിധ്യം ശക്തമായി അറിയിച്ചു കഴിഞ്ഞു.
Post Your Comments