തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിലപാടിലുറച്ച് പോലീസ്. സ്വാഭാവികമരണമെന്ന നിലയിലുള്ള റിപ്പോര്‍ട്ട് അന്വേഷണസംഘം അടുത്തയാഴ്‌ച ഡി.ജി.പിക്കു കൈമാറും. മണിയുടെ ആന്തരികാവയവങ്ങളുടെയും മറ്റും പരിശോധനാ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെയാവും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.കാക്കനാട്ടെ ലാബിലെ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ വിശദമായ പരിശോധനയ്‌ക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
പരിശോധനാഫലം രണ്ടോ മൂന്നോ ദിവസത്തിനകം ലഭിക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് പ്രത്യേക മെഡിക്കല്‍ സംഘം വിലയിരുത്തും.മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാകും കൊലപാതകമോ ആത്മഹത്യയോ സ്വാഭാവിക മരണമോ എന്നു നിശ്‌ചയിക്കുക എന്നായിരുന്നു നേരത്തേയുള്ള നിലപാട്. എന്നാല്‍ മണിയുടേത് സ്വാഭാവികമരണമെന്ന നിഗമനത്തിലേക്കാണ് അന്വേഷണം പോലീസിനെ നയിച്ചത്. മണിയുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ടവര്‍, മരണത്തിന്റെ തലേന്നു പാഡിയിലുണ്ടായിരുന്നവര്‍ തുടങ്ങിയവരെ ചോദ്യം ചെയ്‌തതില്‍ നിന്ന് ഏതെങ്കിലും ദുരൂഹതയുള്ളതായി തെളിഞ്ഞിട്ടില്ല.ശാസ്‌ത്രീയ തെളിവുകളും മരണം സ്വാഭാവികമെന്ന സൂചനയാണ് നല്‍കുന്നത്. പാഡിയില്‍ നിന്നും പരിസരത്തു നിന്നും കണ്ടെത്തിയ തെളിവുമുതലുകളിലും സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്.
മണിയുടെ മരണകാരണം അമിത മദ്യപാനം മൂലമുണ്ടായ കരള്‍രോഗവും മഞ്ഞപ്പിത്തബാധയുമാണെന്ന് പോലീസിനു വ്യക്‌തമായിട്ടുണ്ട്. മണി പ്രമേഹത്തിന് ഇന്‍സുലിന്‍ കുത്തിവയ്‌പ്പ് എടുത്തിരുന്നതായും തെളിഞ്ഞിട്ടുണ്ട്.സല്‍ക്കാരപ്രിയനായിരുന്ന മണി ചാലക്കുടിയിലെ ഒരു ഹോട്ടലില്‍ പ്രതിമാസം കൂട്ടുകാര്‍ക്കുള്ള ഭക്ഷണത്തിന്റെ വകയില്‍ മാത്രം ഒരു ലക്ഷത്തോളം രൂപയാണു നല്‍കിയിരുന്നത്. കടുത്ത രോഗത്തിന് അടിമയാണെന്ന ബോധം അലട്ടിയിരുന്നതിനാലാകണം മണി വീട്ടുകാരില്‍ നിന്നും ഭാര്യയില്‍ നിന്നും അകന്നു കഴിഞ്ഞതെന്നും പോലീസ് കരുതുന്നു. ബ്രഷ് കൊണ്ട് പല്ലു തേയ്‌ക്കാനാവാത്തവിധം മോണയില്‍ നിന്നു രക്‌തം വരുന്ന തരത്തിലുള്ള അസുഖവും മണിക്കുണ്ടായിരുന്നു. ഇക്കാരണത്താല്‍ ഉമിക്കരി കൊണ്ടാണ് പല്ലു തേച്ചിരുന്നത്. കടുത്ത മഞ്ഞപ്പിത്തവും പ്രമേഹവും കാരണം ശരീരം ശോഷിച്ചിരുന്നെന്നും ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. ശോഷിച്ച ശരീരം മറച്ചുപിടിക്കാന്‍ ഷര്‍ട്ടിനടിയില്‍ കട്ടിയുള്ള ടീ ഷര്‍ട്ട് ധരിച്ചാണു പൊതുവേദിയില്‍ എത്തിയിരുന്നത്.
Post Your Comments