പാട്ടിന്‍റെ രീതി അനുസരിച്ച് ചേരുന്ന ശബ്ദമുള്ളവരെ ഗായകരായി തിരഞ്ഞെടുക്കുന്നതാണ് പതിവെന്ന് ദേശീയ പുരസ്‌കാരം ലഭിച്ച സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. അല്ലാതെ അവര്‍ ഏതു സംസ്ഥാനത്ത് നിന്നുള്ളവരോ ഏതു ഗണത്തില്‍ നിന്നുള്ളവരോ എന്ന് നോക്കിയല്ല. പ്രസ്ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഒരു കലാകാരന്‍റെ സ്വപ്നമായ ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ചെങ്കിലും ലഭിക്കാത്തതില്‍ വിഷമമില്ല. സുഹൃത്തും യഥാര്‍ത്ഥ സംഗീതജ്ഞനുമായ രമേശ് നാരായണന് കിട്ടിയതില്‍ വളരെയധികം സന്തോഷമാണ് തോന്നിയതെന്നും എം.ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സൂപ്പര്‍ താരങ്ങള്‍ ഒഴിവാക്കണമെന്ന് പറഞ്ഞ അനുഭവമില്ല. മറ്റു കാര്യങ്ങള്‍ ചിന്തിച്ചാല്‍ സംഗീതം സൃഷ്ടിക്കാന്‍ കഴിയില്ല. ‘എന്ന് നിന്‍റെ മൊയ്തീന്‍’ എന്ന ചിത്രത്തില്‍ എല്ലാ സ്വതന്ത്രിയവും എനിക്ക് ലഭിച്ചിരുന്നു. പാട്ട് ചെയ്യുന്നതിനായി വിളിച്ചപ്പോള്‍ രമേശ് നാരായണന്‍റെ സമ്മതത്തോടെയാണ് വന്നത്. താന്‍ ചെയ്താല്‍ ആ ഗാനങ്ങള്‍ നന്നാകുമെന്നും അല്ലെങ്കില്‍ ഇളയരാജയെ വിളിക്കുമെന്നും സംവിധായകന്‍ ആര്‍.എസ് വിമലും പ്രിഥ്വിരാജും പറഞ്ഞതായി ജയചന്ദ്രന്‍ പറഞ്ഞു. കാത്തിരിപ്പിന്‍റെ ദൈര്‍ഘ്യം കൂടിയത് കൊണ്ടാണ് പാട്ടിന്‍റെ ഈണത്തിലും നീട്ടു വന്നത്.
ചര്‍ച്ചയില്‍ സംവിധായകനും പ്രിഥ്വിരാജും ഒരുപോലെ പങ്കാളികളായിരുന്നു. റഫീക്ക് അഹമ്മദിനോട് പാട്ടിന്‍റെ വരികള്‍ ‘കാത്തിരുന്നു കാത്തിരുന്നു’ എന്ന് തുടങ്ങിയാല്‍ നന്നാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ട്യൂണ്‍ ഗാനരചയിതാവിന് ഒരു ചട്ടകൂടാണ്. എന്നാല്‍ ആഗ്രഹിച്ചത് പോലെയുള്ള വരികളാണ് സംഗീതത്തിന് റഫീക്ക് അഹമ്മദ് എഴുതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാരത്തെ മൂന്നായി പങ്കുവെയ്ക്കുന്നു. ആദ്യത്തെ ഭാഗം വരികളെഴുതിയ റഫീക്ക് അഹമ്മദിനും രണ്ടാമത്തെ ഭാഗം സ്വന്തമായും മൂന്നാമത്തെ ഭാഗം ഗായികയായ ശ്രേയ ഘോഷാലിനും നല്‍കുന്നു.
ഒ.എന്‍.വി കുറുപ്പ് അവസാനമായി കാംബോജിക്കായി രചിച്ച മൂന്ന് പാട്ടുകള്‍ക്ക് സംഗീതമൊരുക്കുന്നതിന്‍റെ വിശേഷങ്ങളും ജയചന്ദ്രന്‍ പങ്കുവെച്ചു. യേശുദാസും ചിത്രയും പാടുന്ന ഈ പാട്ടുകളിലൂടെ ഒരിക്കല്‍ കൂടി ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു..
Post Your Comments