GeneralNEWS

സച്ചിനെ കുറിച്ച് ഹൃദയപൂര്‍വ്വം നിവിന്‍ പോളി’

സച്ചിന്‍ ക്രീസില്‍ വരുമ്പോഴുണ്ടാകുന്ന തരിപ്പ് അത് മറ്റൊരു കളിക്കാരനും നമുക്ക് തരുന്നില്ല. അതൊരു ഫീലാണ്. എന്‍റെ തലമുറയ്ക്ക് കിട്ടിയ ഭാഗ്യം. സ്കൂള്‍ തലത്തില്‍ ടിവിയില്‍ കളി കണ്ടു തുടങ്ങിയപ്പോള്‍ മുതല്‍ സച്ചിനെ ഫോളോ ചെയ്യാന്‍ കഴിഞ്ഞു. ആ യാത്രയില്‍ സച്ചിന്‍റെ അവസാന ഇന്നിംഗ്സ് വരെ കണ്ണ് നിറയെ കണ്ടു. സച്ചിന്‍റെ വിടവാങ്ങല്‍ പ്രസംഗം പിന്നീടു പലതവണ യുട്യൂബില്‍ സെര്‍ച്ച്‌ ചെയ്തു കേട്ടു. സച്ചിന്‍റെ കളി കാണാന്‍ മാത്രം ക്രിക്കറ്റ് കാണുകയും സ്റ്റേഡിയത്തിലെത്തുകയും ചെയ്യന്ന എത്രയോ പേരെ എനിക്കറിയാം. അങ്ങനെയൊരു സ്വാധീനം കായിക ജീവിതം കൊണ്ടു ചെലുത്താന്‍ എത്ര പേര്‍ക്ക് കഴിയും? 

സച്ചിന്‍റെ ജീവിതത്തിലേക്ക് സൂം ചെയ്താണ് എന്‍റെ പ്രിയപ്പെട്ട സിനിമ 1983 തുടങ്ങുന്നത്. അത് വലിയ ഒരു ഭാഗ്യമല്ലേ ക്രിക്കറ്റിനെ അടിസ്ഥാനമാക്കി പ്രാദേശിക ഭാഷയില്‍ ഒരു സിനിമയെടുക്കുകയും അത് ജനങ്ങള്‍ സ്വീകരിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തത് ചെറിയ കാര്യമല്ല. എബ്രിഡ്‌ ഷൈന്‍റെ ആ യാത്രയ്ക്കൊപ്പം എനിക്കും കൈകോര്‍ക്കാന്‍ കഴിഞ്ഞത് ക്രിക്കറ്റ് നമ്മുടെ രക്തത്തിലുള്ളത് കൊണ്ടാണ്. സച്ചിന്‍റെ സ്ട്രെറ്റ് ഡ്രൈവാണ് എനിക്കേറ്റവും ഇഷ്ടം. അതിനൊരു അനയാസതയുണ്ട്.കളിയില്‍ മേധാവിത്വം നേടുന്നൊരു ശരീരഭാഷയുണ്ട്. വല്ലാത്തൊരു കോരിത്തരിപ്പാണത്. രാജ്യത്തിനു വേണ്ടി കളിക്കുന്ന കളികളില്‍ അതും ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ പേറി സച്ചിന്‍ ബാറ്റു ചെയ്യുമ്പോള്‍ എത്രയോ വലിയ സമ്മര്‍ദ്ദമാകും അദ്ദേഹം അനുഭവിച്ചിരിക്കുക അതു തരണം ചെയ്തു നേടിയ നേട്ടങ്ങള്‍ക്ക്‌ എന്തൊരു ഭംഗിയാകും. സച്ചിന്‍ താരതമ്യങ്ങള്‍ക്ക് അതീതനായ പ്രതിഭയാണ്. നല്ല ക്രിക്കറ്റ് താരമാകുന്നതിനു മുന്‍പ് നല്ലൊരു മനുഷ്യനാകുക എന്നതാണ് സച്ചിനു പിതാവ് പറഞ്ഞു കൊടുത്ത പാഠം. അത് ജീവിതം മുഴുവന്‍ പാലിക്കുവാന്‍ സച്ചിനു കഴിയുന്നു. സച്ചിന്‍ അതുല്യനാകുന്നത് സുന്ദരമായ കളികൊണ്ടു മാത്രമല്ലല്ലോ ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാക്കാവുന്ന ജീവിതം കൊണ്ടും കൂടിയാണ്. ലാളിത്യവും എളിമയും ഒരു സന്ദേശമായാണ് സച്ചിന്‍ ഒരു തലമുറയ്ക്ക് പകര്‍ന്നു നല്‍കിയത്. അതൊന്നും ക്രീയേറ്റ് ചെയ്യാന്‍ പറ്റുന്നതല്ല തനിയെ ഉണ്ടാകുന്നതാണ്. ഒരു വ്യക്തിയോടുള്ള ഇഷ്ടം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നുവെങ്കില്‍ അതിനു കാരണം ആ വ്യക്തിത്വത്തിന്‍റെ അസാധാരണമായ തിളക്കം മാത്രമാണ് .

shortlink

Related Articles

Post Your Comments


Back to top button