കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോള്‍, ക്ലോര്‍പൈറിഫോസ് കീടനാശിനി എന്നിവയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
മെഡിക്കല്‍കോളേജ് ഫോറന്‍സിക് വിഭാഗം പോലീസിനു കൈമാറിയ റിപ്പോര്‍ട്ടില്‍ മണിക്ക് ഗുരുതര കരള്‍ രോഗവും, വൃക്കത്തകരാറും, ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. ശരീരത്തില്‍ കടന്നുകൂടിയ വിഷാംശവും രോഗവുമാണ് മരണകാരണം എന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷാംശം ശരീരത്തില്‍ എങ്ങിനെ വന്നു എന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
പക്ഷേ, മണിയെ ചികിത്സിച്ച ഡോക്ട്ടര്‍മാര്‍ പറയുന്നത് മണിക്ക് വിഷബാധയുടെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നാണ്. വിഷാംശത്തിന്‍റെ അളവ് മാരകമായിരുന്നോ എന്നത് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇതിനെക്കുറിച്ചുള്ള ഫലം കാക്കനാട്ടെ സോണല്‍ കെമിക്കല്‍ അനലൈസേഴ്സ് ലാബിലെ റിപ്പോര്‍ട്ടില്‍ ഇല്ലാത്തതാണ് ഇതിനു കാരണം.
ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തുന്ന, രക്തം-ആന്തരികാവയവങ്ങള്‍ എന്നിവയുടെ പരിശോധനാഫലത്തിലേ ഈക്കാര്യം വ്യക്തമാകൂ. നിലവില്‍, രാസപരിശോധനാ റിപ്പോര്‍ട്ടും ഡോക്ടര്‍മാരുടെ മൊഴിയും തമ്മിലുള്ള വൈരുദ്ധ്യം നിലനില്‍ക്കുകയാണ്.
മണിയുടെ കരള്‍ ഏതാണ്ട് പ്രവര്‍ത്തനരഹിതമായിരുന്നതിനാല്‍ ഭക്ഷണം, മദ്യം എന്നിവയിലൂടെ ഉള്ളില്‍ കടന്ന വിഷാംശങ്ങള്‍ കരളിന് നീക്കം ചെയ്യാന്‍ കഴിയാതെ ആന്തരികാവയവങ്ങളില്‍ അടിഞ്ഞുകൂടിയതാകാനാണ് സാധ്യത എന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍.
മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ല എന്ന നിഗമനത്തിലേക്ക് തന്നെയാണ് പോലീസും എത്തുന്നത്. അന്തിമ നിഗമനത്തിനായി ഹൈദരാബാദ് കേന്ദ്രലാബിന്‍റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. പക്ഷേ മണിയുടെ ബന്ധുക്കള്‍ ഇപ്പോളും മരണത്തില്‍ ദുരൂഹതയുണ്ടെന്ന ഉറച്ച നിലപാടിലാണ്.
Post Your Comments