മുംബൈ: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ മതവികാരം വ്രണപ്പെടുത്തി എന്ന വിവാദത്തില്‍ ബോളിവുഡ് നടി ദിയ മിര്‍സ മാപ്പ് പറഞ്ഞു. മറ്റൊരു സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഫേസ്ബുക്കിലൂടെയാണ് ദിയ മിര്‍സ തന്റെ ഭാഗം വിശദീകരിച്ച് മാപ്പപേക്ഷിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു മതത്തെ വ്രണപ്പെടുത്താനുദ്ദേശിച്ച് ഉള്ളതായിരുന്നില്ല തന്റെ വാക്കുകള്‍ എന്നാണ് ദിയ പറയുന്നത്. മഹാരാഷ്ട്രയിലെ കുടിവെള്ളക്ഷാമം കണക്കിലെടുത്ത് ആളുകള്‍ ഡ്രൈ ഹോളി ആഘോഷിക്കണം എന്നായിരുന്നു നടിയുടെ അഭ്യര്‍ഥന. വെള്ളം കിട്ടാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഹോളി കളിക്കാന്‍ വേണ്ടി ആളുകള്‍ വെള്ളം പാഴാക്കുകയാണ്. എന്നെ ഹിന്ദു വിരുദ്ധ എന്ന് വിളിച്ചാലും വേണ്ടില്ല – ദിയ മിര്‍സ ട്വിറ്ററില്‍ എഴുതിയ ഈ വാക്കുകളാണ് വിവാദമായത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി നടി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. രാജ്യത്തെ ഉത്തരവാദിത്തമുള്ള ഒരു പൗരനാണ് ഞാനും. എല്ലാ മതങ്ങളോടും ആഘോഷങ്ങളോടും ആചാരങ്ങളോടും ബഹുമാനമുള്ള ആളാണ്. ഏതെങ്കിലും വ്യക്തിയെയോ വിശ്വാസത്തെയെ വ്രണപ്പെടുത്താനോ വേദനിപ്പിക്കാനോ ഞാന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. എന്റെ ട്വീറ്റ് വായിച്ച് ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നു – നടി എഴുതി. എന്ന് കരുതി താന്‍ പറഞ്ഞത് കാര്യമല്ലാതാകുന്നില്ല എന്നും നടി വിശദീകരിക്കുന്നു. ഗുരുതരമായ ജലക്ഷാമം നേരിടുകയാണ് നമ്മുടെ രാജ്യം. കഴിഞ്ഞ ഏപ്രിലിലെ കണക്ക് പ്രകാരം 90 ലക്ഷം കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ മാത്രം ജലക്ഷാമം നേരിടുന്നത്. ആകെയുള്ള 43000 ത്തില്‍പ്പരം ഗ്രാമങ്ങളില്‍ 14708 ലും വരള്‍ച്ചയ്ക്ക് തുല്യമായ സ്ഥിതിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ പറയുന്നു. ജലസംരക്ഷണം കാര്യമായി എടുക്കേണ്ടതുണ്ടെന്ന സന്ദേശത്തോടെയാണ് ദിയ മിര്‍സ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Post Your Comments