Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralNEWS

അമിതാഭ് ബച്ചന്‍ ദേശീയഗാനം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്‍റെ വസ്തുനിഷ്ഠമായ പ്രതികരണം

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ-പാക് 20-20 ലോകകപ്പ് മത്സരത്തിനു മുന്നോടിയായി അമിതാഭ് ബച്ചന്‍ ദേശീയഗാനം ആലപിച്ചത് ചില അനാവശ്യവിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ദേശീയഗാനം ആലപിക്കുന്നതിനായി ബച്ചന്‍ വന്‍തുക ഈടാക്കിയെന്ന ആരോപണത്തോടെയായിരുന്നു തുടക്കം. പക്ഷെ, സ്വന്തം രാജ്യത്തിന്‍റെ ദേശീയഗാനം ആലപിക്കുന്നതിന് ബച്ചന്‍ ഒരുരൂപ പോലും ഈടാക്കിയില്ലെന്ന് മാത്രമല്ല, തന്‍റേയും കൂടെവന്നവരുടേയും യാത്രാ-താമസ ചിലവുകള്‍ വരെ അദ്ദേഹം സ്വന്തം കയ്യില്‍നിന്ന് ചിലവാക്കുകയാണ് ചെയ്തതെന്ന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയതോടെ ആ വിവാദം കെട്ടടങ്ങി.

തുടര്‍ന്ന്‍, ബച്ചന്‍ ദേശീയഗാനം പാടിയപ്പോള്‍ സമയം കൂടുതലെടുത്തു എന്ന് തികച്ചും അനാവശ്യമായ ഒരു കാരണം ചൂണ്ടിക്കാണിച്ച് ആരോ കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചു. അതോടെ സംഭവം വീണ്ടും വിവാദത്തിലായി. ഇപ്പോള്‍ ഇത്തരം അനാവശ്യവും, കോടതിയുടെ വിലപ്പെട്ട സമയം വെറുതെ പാഴാക്കിക്കളയുകയും ചെയ്യുന്ന ഈ വിവാദത്തിനെ അപലപിച്ചുകൊണ്ട് വസ്തുനിഷ്ഠമായ പ്രതികരണവുമായി പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം രംഗത്തെത്തിയിരിക്കുകയാണ്.

താഴെപറയും പ്രകാരമാണ് എസ്.പി.ബിയുടെ പ്രതികരണം.

“കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ശ്രീ അമിതാഭ് ബച്ചന്‍ ജി ദേശീയഗാനം ആലപിച്ച രീതി എന്നെ വല്ലാതെ ആകര്‍ഷിച്ചു. അത് മഹത്തരവും, പൂര്‍ണ്ണമായ ഉച്ചാരണശുദ്ധി, സ്വരക്രമം ഇവയോട് കൂടിയതുമായിരുന്നു.

ദേശീയഗാനം ആലപിക്കുമ്പോള്‍ പാലിക്കപ്പെടണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ള സമയത്തിലും കൂടുതല്‍ അദ്ദേഹം എടുത്തു എന്ന് ആരോപിച്ചുകൊണ്ട് ആരോ ഇപ്പോള്‍ ഒരു പൊതുതാത്പര്യ ഹര്‍ജ്ജി കൊടുത്തിരിക്കുകയാണ്. അങ്ങിനെയൊരു നിയമമുണ്ടോ? അത്ഭുതം!!! ലതാജി, ഭീംസെന്‍ ജോഷിജി, ബാലമുരളിജി എന്നിവരുള്‍പ്പെടെ മറ്റുപലരേയും ഉള്‍പ്പെടുത്തി ഞാനുംകൂടി പങ്കെടുത്തുകൊണ്ട് ദേശീയഗാനം ആലപിച്ചപ്പോള്‍ സമയദൈര്‍ഘ്യത്തെക്കുറിച്ച് ആരുമൊന്നും പറയാതിരുന്നത് എന്താണ്?

സാര്‍, ന്യാധിപന്മാര്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ തന്നെ തീര്‍പ്പു കല്‍പ്പിക്കാന്‍ പെടാപ്പാട് പെടുകയാണ്. അവരുടെ കഷ്ടതകള്‍ ഇത്തരത്തില്‍ കൂട്ടണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം? രാജ്യത്ത് എന്തെല്ലാം വിഷയങ്ങളുണ്ട്. കഴിയുമെങ്കില്‍ അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ തന്നാല്‍ കഴിയുന്നവിധം സംഭാവനകള്‍ നല്‍കാന്‍ ശ്രമിക്കുക. ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ഏത് ഹീനമാര്‍ഗ്ഗവും സ്വീകരിക്കാം എന്ന സ്ഥിതി അഭികാമ്യമല്ല. അല്‍പം മഹാമനസ്കത നമുക്കെല്ലാര്‍ക്കും കാണിക്കാം. ബച്ചന്‍ സാര്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എനിക്ക് വളരെ വലിയ അഭിമാനമാണ് തോന്നിയത്. താങ്കള്‍ക്ക് എന്‍റെ അഭിവാദ്യങ്ങള്‍ സാര്‍….”

shortlink

Related Articles

Post Your Comments


Back to top button