കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് പ്രമുഖ ഗായകന്‍ ജി. വേണുഗോപാല്‍. തന്റെ ഫേസ്‌ബുക്ക് പേജിലാണ് മണിയുമായി പങ്കുവയ്‌ക്കാന്‍ ലഭിച്ച നല്ല നിമിഷങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുത്തത്. വേണുഗോപാലിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം:-
‘2009 ലെ ഒരു ഗാനമേള സദസ്സ്. സ്‌ഥലം ചാലക്കുടിയ്‌ക്കടുത്തുള്ള ഒരു അമ്പലപ്പറമ്പ്.എന്റെ ഗാനങ്ങളോരോന്നായി പാടിത്തീരുമ്പോഴെയ്‌ക്കും ഒരു കലാഭവന്‍ മണി ഗാനം എന്ന പൊതു ആവശ്യം ഉയര്‍ന്നു കേട്ടുകൊണ്ടേയിരിക്കുന്നു. പ്രകോപനം സഹിക്കവയ്യാണ്ടായപ്പോള്‍ ഞാന്‍ പറഞ്ഞു ദയവായി ക്ഷമിക്കുക, എനിക്ക് മണിയുടെ ഗാനങ്ങളറിയില്ല.. ഞാന്‍ വിചാരിച്ചാല്‍ അവ അതുപോലെ പാടാന്‍ സാധിക്കുകയുമില്ല! എന്നിട്ട് ശബ്‌ദം താഴ്‌ത്തി, മണി വിചാരിച്ചാല്‍ ഉണരുമീ ഗാനവും ചന്ദനമണിവാതിലും
അതുപോലെ പാടാന്‍ സാധിക്കുമെന്നും തോന്നുന്നില്ല! ഒറ്റപ്പെട്ട കയ്യടികളും ബഹുഭൂരിഭാഗം കൂക്കുവിളികളും ഏറ്റുവാങ്ങിക്കൊണ്ട് പരിപാടി തുടര്‍ന്നു.
സംഗീത പരിപാടി തീരാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സ്‌റ്റേജിനു സമീപം ഒരു വെള്ള കാര്‍ വന്നു നിന്നു. ജയാരവങ്ങള്‍ക്കിടയില്‍ മണി ഇറങ്ങി വന്ന് ബലിഷ്‌ടമായ ഒരു ആലിംഗനത്തില്‍ എന്നെ കുടുക്കി! മൈക്കിലൂടെ മണിയുടെ പ്രശസ്‌തമായ ഒരു ഗാനം പാടി ആ വേദിയില്‍ എന്നോടുള്ള സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിച്ചു. മണിയുടെ നിര്‍ദ്ദേശ പ്രകാരം രണ്ടു മാസത്തിനുള്ളില്‍ അബുദാബിയില്‍ ഒരു സ്‌റ്റേജില്‍ ഞങ്ങള്‍ ഒത്തുചേര്‍ന്നു. തുടര്‍ന്ന് ബഹറിനിലും ഷാര്‍ജയിലും..
മണിക്ക് ജീവിതം ഒരാഘോഷമായിരുന്നു. സംഗീതവും, നൃത്തവും, ചടുലമായ ചുവടുവയ്‌പ്പുകളും നിറഞ്ഞ ഈ ആഘോഷത്തില്‍ തനിക്ക് പ്രിയപ്പെട്ടവരെയെല്ലാം മണി ചേര്‍ക്കും. ഭക്ഷണം രുചിയായി പാചകം ചെയ്‌ത് വിളമ്പും. പഴയ ദുരിത നാളുകളോര്‍ത്ത് വിതുമ്പും. കഠിനമായി ദേഷ്യപ്പെടും. ഉടന്‍ ആറിത്തണുത്ത് കെട്ടിപ്പിടിച്ച് കരഞ്ഞ് മാപ്പിരക്കും. സിനിമാ കാമറയുടെ മുന്നിലും പിന്നിലുമുള്ള ചായം തേച്ച മുഖങ്ങള്‍ക്കിടയില്‍ ചായം ലവലേശമില്ലാത്ത അപൂര്‍വ വ്യക്‌തിത്വങ്ങളിലൊന്നായിരുന്നു മണിയുടേത്.
സിനിമയില്‍ കരയാന്‍ മണിക്ക് ഗ്ലിസറിന്‍ വേണ്ടായിരുന്നു. കുഞ്ഞുനാളുകളില്‍ ചാലക്കുടിപ്പുഴയിലെ മണ്ണുവാരി കുട്ടകളില്‍ നിറയ്‌ക്കുന്നതോര്‍ത്താല്‍ മതിയായിരുന്നു! ഈ ഒരു സത്യസന്ധത, ആര്‍ജവം മണിയെ പലപ്പോഴും പല കുഴപ്പങ്ങളിലും കൊണ്ടു ചാടിച്ചിരുന്നു.
നാല്‍പ്പത്തഞ്ച് വയസ്സിനുള്ളില്‍, ഒരു പുരുഷായുസ്സില്‍ ചെയ്യാന്‍ സാധിക്കുന്ന ഒട്ടനവധി കാര്യങ്ങള്‍ ചെയ്‌ത് തീര്‍ത്ത് തിടുക്കത്തില്‍ എങ്ങൊ പോയ് മറഞ്ഞ മണിയുടെ ഒരു ഗാനം എന്റെ മനസ്സില്‍ ഉടക്കിക്കിടക്കുന്നു. ഞാന്‍ വീണ്ടും പറയട്ടെ, മണി പാടുന്നപോല്‍ എനിക്ക് പാടാന്‍ സാധിക്കില്ല. ഈ ചേട്ടന്റെ കണ്ണീര്‍ പ്രണാമമിതാ, മിന്നാമിനുങ്ങേ.. മിന്നും മിനുങ്ങേ.. എങ്ങോട്ടാണെങ്ങൊട്ടാണീ തിടുക്കം..
Post Your Comments