കൊച്ചി: അന്തരിച്ച നടന് കലാഭവന്‍ മണിയുടെ ശരീരത്തില്‍ കഞ്ചാവിന്റെയും സാന്നിധ്യം കണ്ടെത്തി. മണിയെ ചികിത്സിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ മൂത്ര സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കന്നബീസ് പരിശോധനയിലൂടെയാണ് കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയത്. നേരിട്ടോ അല്ലെതെ വേദനസംഹാരികളിലൂടെയോ ശരീരത്തിലെത്തിയതാകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. അതേസമയം, രാസപരിശോധനയില്‍ കണ്ടെത്തിയ കീടനാശിനിയുടെ അംശം മൂത്ര പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. വിഷമദ്യമായ മെഥനോളിന്റെ സാന്നിധ്യവും റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നു.
മാര്‍ച്ച് അഞ്ച് രാത്രി എട്ടുമണിക്കാണു മൂത്ര സാമ്പിളുകള്‍ ആശുപത്രി അധികൃതര്‍ ശേഖരിച്ചത്. പന്ത്രണ്ടു മണിയ്ക്കാണ് പരിശോധന ഫലം വന്നത്. “ഹൈ പെര്‍ഫോമന്‍സ് ലിക്വിഡ് ക്രോമാറ്റോഗ്രാഫി” പരിശോധന നിര്‍ബന്ധമായും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് നടത്തിയിരുന്നില്ല എന്നു സൂചന. മൂത്രത്തില്‍ അസ്വാഭാവിക കാര്യങ്ങള്‍ കണ്ടെത്തിയിട്ടും ഹൈ പെര്‍ഫോമന്‍സ് ലിക്വിഡ് ക്രോമാറ്റോഗ്രാഫി പരിശോധന നടത്താത്തതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
മണിയെ ചികില്‍സിച്ച ആശുപത്രിക്കു കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനാകാത്തതില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപമുയര്‍ന്നതിനാല്‍ ആശുപത്രിയില്‍ മണി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളടക്കം പത്തോളം വസ്തുക്കള്‍ പരിശോധനയ്ക്കായി കാക്കനാട് റീജണല്‍ ലാബില്‍ എത്തിച്ചു. കലാഭവന്‍ മണിയുടെ ചികില്‍സയില്‍ പിഴവുണ്ടോയെന്നു പരിശോധിക്കാന്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘം കൊച്ചി പോലീസിനു നിര്‍ദേശം നല്കി. ആശുപത്രിയിലെ സി.സി.ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.
വിഷം ഉള്ളില്‍ ചെന്ന് തന്നെയാണ് മണി മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. രാസപരിശോധനാഫലത്തില്‍ ക്ലോര്‍പിറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് പോലീസ് ഈ നിഗമനത്തിലെത്തി ചേര്‍ന്നത്. കരള്‍ രോഗം മൂലം മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം. ഇനിയെങ്ങനെ കീടനാശിനി മണിയുടെ ഉള്ളിലെത്തി എന്നാണ് വ്യക്തമാകാനുള്ളത്.
അതേസമയം, തിടുക്കപ്പെട്ട് നിഗമനങ്ങളില്‍ എത്തിച്ചേരേണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിലെ വിലയിരുത്തല്‍. എല്ലാ സാധ്യതകളും പരിഗണിച്ചുള്ള അന്വേഷണമാണ് രണ്ടാം ഘട്ടത്തില്‍ നടക്കുക. മരണം കൊലപാതകമോ ആത്മഹത്യയോ എന്ന കാര്യത്തില്‍ ഒരാഴ്ച്ചയ്ക്കകം വ്യക്തത വരുത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
Post Your Comments