GeneralNEWS

കലാഭവന്‍ മണിക്ക് വേണ്ടി അനുജന്റെ നൃത്താഞ്ജലി

ചാലക്കുടി : മുഖത്ത് ചായം തേയ്ക്കുമ്പോള്‍ കണ്ണീര്‍ വാര്‍ന്ന് മുഖത്ത് പടരാതിരിക്കാനായി കരച്ചിലൊതുക്കാന്‍ രാമകൃഷ്ണന് നന്നേ പാടുപെടേണ്ടി വന്നു. കാണികള്‍ക്ക് മുന്നില്‍ നിറഞ്ഞാടുമ്പോള്‍ മുന്നില്‍ നിന്ന് ‘കണ്ണാ’ എന്ന് വാത്സല്യാമൃതം പുരണ്ട വിളിയൊച്ച വന്നു തൊടുന്നപോലെ. കലാഭവന്‍ മണിയുടെ മരണത്തിന് ശേഷം ആദ്യമായി അരങ്ങിലെത്തിയതാണ് സഹോദരനും നര്‍ത്തകനുമായ രാമകൃഷ്ണന്‍. കലാഭവന്‍ മണിയുടെ പ്രിയപ്പെട്ട കണ്ണന്‍.

ചക്കാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനാണ് രാമകൃഷ്ണന്റെ നൃത്തപരിപാടി അരങ്ങേറിയത്. നാട്യരഞ്ജിനി എന്ന് പേരിട്ട പരിപാടിയില്‍ മണിയുടെ പാട്ടിന്റെ നൃത്താവിഷ്‌കാരവുമായാണ് രാമകൃഷ്ണന്‍ അരങ്ങിലെത്തിയത്. ജ്യേഷ്ഠന്റെ മരണത്തില്‍ മനം തകര്‍ന്ന തനിക്ക് നൃത്തം അവതരിപ്പിക്കാന്‍ സാധിക്കില്ലെന്ന് സംഘാടകരെ അറിയിച്ചിരുന്നുവെങ്കിലും സംഘാടകര്‍ സ്‌നേഹത്തോടെ നിര്‍ബന്ധിച്ചപ്പോള്‍ ഒഴിഞ്ഞ് മാറാനാകാതെ വരികയായിരുന്നു. ഒടുവില്‍ ചിലങ്ക കെട്ടാതെയാണ് ജ്യേഷ്ഠനുള്ള കലാര്‍പ്പണമായി നൃത്തം അവതരിപ്പിച്ചത്.

സാധാരണയായി ഗണപതി സ്തുതികളോടെയാണ് നൃത്തം ആരംഭിക്കാറുള്ളത്. പക്ഷേ ഇത്തവണ കലാഭവന്‍ മണി പാടിയ ‘ഇനിയെന്നീ കോവില്‍ നടയിലെത്താന്‍…’ എന്ന് തുടങ്ങുന്ന മണിയുടെ പാട്ടിനൊപ്പമാണ് രാമകൃഷ്ണന്‍ വേദിയില്‍ ചുവട് വെച്ചത്.

കലാരംഗത്ത് രണ്ട് വഴികളിലൂടെ ഒഴുകിയ നദികളായിരുന്നു കലാഭവന്‍ മണിയും ആ.എല്‍.വി. രാമകൃഷ്ണനും. സിനിമയും നാടന്‍പാട്ടും മെഗാഷോയുമായി മണി ലോകം നിറഞ്ഞപ്പോള്‍ ശാസ്ത്രീയ നൃത്ത മേഖലയില്‍ ചുവട് വെച്ച രാമകൃഷ്ണന്‍, നൃത്താവിഷ്‌കാരത്തിനൊപ്പം നൂറ്കണക്കിന് വിദ്യാര്‍ത്ഥികളെ നൃത്തരംഗത്തേയക്ക് കൈപിടിച്ച് നയിച്ച നാട്യഗുരുവുമായി.

മോഹിനിയാട്ടത്തിലെ പുരുഷ സാന്നിധ്യമായി കലാലോകത്തിന്റെ ശ്രദ്ധനേടി വളരുമ്പോഴും രാമകൃഷ്ണന്‍ മണിക്ക് പ്രയപ്പെട്ട ‘കണ്ണന്‍ ആയിരുന്നു. മണി കാണാമറയത്തേയ്ക്ക് മടങ്ങിയിട്ടും മനസ്സില്‍ നിറദീപം പോലെ ചേട്ടന്റെ ചിരിക്കുന്ന മുഖമാണ് കണ്ണന്റെയുള്ളില്‍. മണിയുടെ മരണത്തിന്റെ പതിനാറ് ചടങ്ങുകള്‍ കഴിയാത്തതിനാലാണ് ചിലങ്ക പൂജിച്ച് കെട്ടാന്‍ കഴിയാതിരുന്നത്

shortlink

Related Articles

Post Your Comments


Back to top button