
തൃശൂര്‍: നടന് കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയോ കൊലപാതാമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് അന്വേഷണ സംഘത്തിന്റെ തലവനായ ക്രൈംബ്രാഞ്ച് എസ്.പി പി.എന്‍. ഉണ്ണിരാജന്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണ്. കലാഭവന്‍ മണിയുടെ ചികിത്സയില്‍ പിഴവുണ്ടായോയെന്ന് പരിശോധിക്കും. ഇതിന്റെ ഭാഗമായി ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കൊച്ചി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രി റിപ്പോർട്ടും രാസപരിശോധനാ ഫലവും തമ്മിൽ വൈരുധ്യമുണ്ടായിരുന്നുവെന്നും എസ്.പി പറഞ്ഞു.
അതേസമയം, കലാഭവന്‍ മണിയുടെ പറമ്പില്‍ നിന്ന് കണ്ടെടുത്ത ക്ലോര്‍പൈറിഫോസ് കീടനാശിനി വാങ്ങിയത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം അന്വേഷണസംഘം ഊര്‍ജ്ജിതമാക്കി. ചാലക്കുടിയിലെ നാലു കടകളിൽ ഈ കീടനാശിനി വിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സമീപദിവസങ്ങളിൽ കീടനാശിനി വാങ്ങിയവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. മണിയുടെ സുഹൃത്തുക്കളോ സഹായികളോ കീടനാശിനി വാങ്ങിയിട്ടുണ്ടോയെന്നും അന്വേഷിക്കും. മണിയുടെ സഹോദരന് താമസിക്കുന്ന കുടുംബവീടിനോട് ചേര്‍ന്ന പറമ്പില്‍ നിന്നാണ് കീടനാശിനിക്കുപ്പികള്‍ കണ്ടെടുത്തത്.
Post Your Comments