കൊച്ചി: കലാഭവന്‍ മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണം വഴിത്തിരിവില്‍. പത്തു പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം എത്തിയിട്ടുണ്ടെന്ന് രാസപരിശോധന ഫലത്തില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
പാഡിയിലെ സെപ്റ്റിക് ടാങ്കിന്റെ പരിസരിത്തു നിന്ന് കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു. പാഡിയിലെ റസ്റ്റ് ഹൗസില്‍ ചാരായം വാറ്റിക്കൊണ്ടു വന്ന ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജോയി, ജോമോന്, മുരുകന്, അരുണ്‍ തുടങ്ങിയ ആറുപേര്‍ക്കെതിരെയാണ് കേസ്. മണിയെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തലേദിവസം നടന്ന മദ്യസല്‍ക്കാരത്തില്‍ ഇവരും പങ്കെടുത്തിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മുമ്പും പലതവണകളിലായി മദ്യസല്‍ക്കാരത്തിന് വാറ്റു ചാരായം കൊണ്ടുവന്നിരുന്നുവെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു. വാറ്റുചാരായത്തില്‍ വീര്യം കൂട്ടാന്‍ പല മരുന്നുകളും ചേര്‍ക്കാറുണ്ട്. എന്നാല്‍ വരന്തരപ്പിള്ളിയില്‍ നിര്‍മ്മിക്കുന്ന ചാരായത്തില്‍ ഇപ്പോള്‍ സംശയിക്കുന്ന ക്ളോറി പൈറോസിസ് എന്ന കീടനാശിനി കലര്‍ത്തിയിരുന്നില്ലെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കീടനാശിനി പാടിയിലെ റസ്റ്റ് ഹൗസില്‍ എങ്ങനെയെത്തി എന്നതിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം ജാഫര്‍ ഇടുക്കിയേയും ടെലിവിഷന്‍ താരം സാബുമോനേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഇരുവരോടും ഇന്ന് ഉച്ചയ്ക്കു ശേഷം ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മണി അവശനിലയില്‍ ആകുന്നതിന് തലേരാത്രി ഇരുവരും മണിയുടെ ഗസ്റ്റ് ഹൗസായ പാഡിയില്‍ എത്തി മദ്യപിച്ചിരുന്നതായി പോലീസിന് ബോധ്യപ്പെട്ടിരുന്നു. ഇരുവരേയും മുന്‍പും ചോദ്യം ചെയ്തിരുന്നതാണ്.
Post Your Comments