പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് ബ്രാഹ്മണസമുദായത്തില്‍ നിന്നുള്ള ആദ്യ അറബി അധ്യാപിക സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു. 29 വര്‍ഷം കുരുന്നുകള്‍ക്ക് അറബിഭാഷയുടെ ആദ്യക്ഷരങ്ങള്‍ പകര്‍ന്നുനല്‍കിയശേഷമാണ് ഗോപാലിക അന്തര്‍ജനം ഈ മാസം 31ന് പടിയിറങ്ങുന്നത്. മലപ്പുറം മേലാറ്റൂര്‍ ഉപജില്ലയിലെ ചെമ്മാണിയോട് ജി.എല്‍.പി. സ്‌കൂളിലാണ് ഗോപാലിക ജോലി ചെയ്യുന്നത്.
1982ല്‍ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്ടെ മാനേജ്‌മെന്റ് സ്‌കൂളിലായിരുന്നു ആദ്യനിയമനം. കുന്നംകുളം ഭട്ടി തെക്കേടത്ത് പരേതനായ നീലകണ്ഠന്റെയും ലീല അന്തര്‍ജനത്തിന്റെയും മകള്‍ക്ക് അന്നു ജോലി ചെയ്യാന്‍ സാധിച്ചത് ആറുദിവസം മാത്രമാണ്. ബ്രാഹ്മണസ്ത്രീ അറബി പഠിപ്പിക്കുന്നത് അംഗീകരിക്കാതിരുന്ന നാട്ടുകാരില്‍ ചിലരുടെ പ്രതിഷേധമാണു പ്രശ്‌നമായത്. ഇതോടെ സ്‌കൂളിലെ ജോലി അവസാനിപ്പിക്കാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. ഏറെ കൊതിച്ച അധ്യാപക ജോലിയില്‍ത്തന്നെ തുടരണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ നിയമപോരാട്ടം തുടങ്ങി.
കേസ് ഫയല്‍ ചെയ്ത് ഏറെക്കാലം കാത്തിരിക്കേണ്ടി വന്നില്ല. അനുകൂലവിധിയുടെ അടിസ്ഥാനത്തില്‍ പി.എസ്.സി. വഴി 1989 ല്‍ വണ്ടൂരിനടുത്ത് തിരുവാലി ജി.എല്‍.പി സ്‌കൂളില്‍ വീണ്ടും നിയമനം. 10 വര്‍ഷമാണ് ഇവിടെ ജോലി ചെയ്തത്. ഇതിനുമുമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്വഴി എടപ്പറ്റ ജി.എല്‍.പി. സ്‌കൂളിലും 1987ല്‍ പാലക്കാട് പെരിങ്ങോട് സ്‌കൂളിലും പത്തുമാസം ജോലി നോക്കിയിരുന്നു.
തിരുവാലിയില്‍നിന്ന് ചെമ്മാണിയോട് സ്‌കൂളിലെത്തിയ ഗോപാലിക 17 വര്‍ഷത്തോളമായി ഇവിടെയാണ്. കുന്നംകുളത്തെ ട്യൂട്ടോറിയല്‍ കോളജില്‍ ചേര്‍ന്ന് അറബി പഠിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ മാതാപിതാക്കള്‍ അനുവാദം നല്‍കിയതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ഭര്‍ത്താവ് ചെമ്മാണിയോട് പനയൂര്‍മന നാരായണന്‍ നമ്പൂതിരി ടീച്ചര്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കി. കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യശാന്തിക്കാരാണ് ഇവരുടെ കുടുംബം. 1993ല്‍ പുറത്തിറങ്ങിയ നാരായം സിനിമ ഇവരുടെ അധ്യാപനജീവിതത്തെ ആസ്പദമാക്കിയായിരുന്നു. ലോക അറബി ഭാഷാദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ഫാക്വല്‍റ്റി ഓഫ് ലാംഗ്വേജ് സംഘടിപ്പിച്ച രാജ്യാന്തര അറബിക് സെമിനാറില്‍ ഗോപാലിക ടീച്ചറെ ആദരിച്ചിരുന്നു.
Post Your Comments