കലാഭവന്‍ മണിയുടെ വേര്‍പാട് എല്ലാവരെയും പോലെ തനിക്കും വ്യക്തിപരമായി വാക്കുകൾകൊണ്ട് പറയാൻപറ്റുന്നതിലും വലിയ നഷ്ടമാണെന്ന് സിനിമ-സീരിയല്‍ താരം ആശാ ശരത്. കലാഭവന്‍ മണിയുടെ നന്മകളെക്കുറിച്ച് താന്‍ അറിയുന്നത് മണിയുടെ നാട്ടുകാരിയായ തന്റെ സഹായി ശാന്ത ചേച്ചിയിൽ നിന്നാണ്. കഴിഞ്ഞ 16 വർഷങ്ങളായി അവരുടെ നാട്ടിലെ ഗവണ്മെന്റ് ആശുപത്രിയിൽ രോഗികൾക്കും കൂടെ വരുന്നവർക്കും ആഹാരം നൽകുന്നത് മണിചേട്ടനാണ് എന്ന അറിവ് തനിക്ക് അത്ഭുതമായിരുന്നുവെന്നും അദ്ദേഹത്തെ കുറിച്ചുള്ള ഓരോ അറിവുകളും ആ വലിയ മനുഷ്യനോടുളള ബഹുമാനം കൂട്ടുന്നതായിരുന്നു വെന്നും ആശ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
നമ്മളോട് ഒരുപാട് അടുത്തുനിൽകുന്നവരുടെ വേർപാടിനോട് പൊരുത്തപെടാൻ കുറച്ചേറെ സമയം വേണ്ടിവന്നേക്കാം…മണിചേട്ടന്റെ വേർപാട് എല്ലാവരെയും പോലെ എനിക്കും വ്യക്തിപരമായി വാക്കുകൾകൊണ്ട് പറയാൻപറ്റുന്നതിലും വലിയ നഷ്ടമാണ്….ഏറ്റവും ആത്മാർഥമായി, നിഷ്കളങ്കമായ സ്നേഹത്തോടെയുള്ള പെങ്ങളേ എന്നുള്ള ആ വിളി ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്…ആദ്യമായി ഞാൻ മണിചേട്ടെനേ കുറിച്ച്, അദ്ദേഹം ചെയ്യുന്ന നന്മകളെ കുറിച്ച് അറിയുന്നത് മണിചേട്ടന്റെ സ്വന്തം നാട്ടുകാരിയായ എന്റെ സഹായി ശാന്ത ചേച്ചിയിൽ നിന്നാണ്…മണിച്ചേട്ടെനെ കുറിച്ച് പറയുമ്പോൾ അവർക്ക് നൂറുനാവായിരുന്നു..കഴിഞ്ഞ 16 വർഷങ്ങളായി അവരുടെ നാട്ടിലെ ഗവണ്മെന്റ് ആശുപത്രിയിൽ രോഗികൾക്കും കൂടെ വരുന്നവർക്കും ആഹാരം നൽകുന്നത് മണിചേട്ടനാണ് എന്ന അറിവ് എനിക്ക് അത്ഭുതമായിരുന്നു…പിന്നീട് അദ്ദേഹത്തെ കുറിച്ചുള്ള ഓരോ അറിവുകളും ആ വലിയ മനുഷ്യനോടുളള ബഹുമാനം കൂട്ടുന്നതായിരുന്നു..
പാപനാശം സിനിമയിലാണ് മണിചേട്ടനോടൊപ്പം അഭിനയികാനുള്ള അവസരം എനിക്ക് കിട്ടിയത്…ആ ദിവസങ്ങളിലെല്ലാം പകൽ മുഴുവൻ നീളുന്ന ഷൂട്ടിംഗിന് ശേഷവും എല്ലാ രാത്രികളിലും മണികിലുക്കം എന്നപ്രോഗ്രാമുകൾ ചെയ്യാനായി മണിചേട്ടൻ പോകാറുണ്ടായിരുന്നു….
വിശ്രമമില്ലാതെ ജോലിചെയുന്നത് കണ്ടപ്പോൾ ഞാൻ അതിനെ കുറിച്ച് മണിചേട്ടനോട് ചോദിച്ചു… അന്ന് അദ്ദേഹം എനിക്ക് തന്ന മറുപടി ഹൃദയത്തിൽ തട്ടുന്നതായിരുന്നു..സിനിമയിലൂടെ കിട്ടുന്ന പണം തന്റെ കുടുംബത്തിനുളളതാനെന്നും മറ്റു പരിപാടികളിലൂടെ പാടി കിട്ടുന്ന തുക ദാനമായി അർഹരായവർക്ക് നൽകാനുളളതാനെന്നും പറയുമ്പോൾ ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… നിഷ്കളങ്കമായി ഹൃദയം നിറയെ മറ്റുള്ളവരെ സ്നേഹിച്ച,സഹായിച്ച ആ വലിയ കലാകാരന് എന്റെ ഹൃദയം നിറഞ്ഞ ആദരാജ്ഞലികൾ..
Post Your Comments