GeneralNEWS

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സഹായഹസ്തവുമായി സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബ്

കൊച്ചി: മലയാളത്തിലെ സിനിമാതാരങ്ങളുടെയും സംവിധായകരുടെയും ഗായകരുടെയും നേതൃത്വത്തില്‍ സന്നദ്ധസേവനങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ള ക്ലബ്ബായ സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബ് തങ്ങളുടെ സന്നദ്ധസേവനപ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു. ക്ലബ്ബ് ചെയര്‍മാനും നടനുമായ കുഞ്ചാക്കോ ബോബന്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാര്‍ ഇരകളുടെ പുനരധിവാസത്തിനായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി ജനറല്‍ സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കണ്ണന് നാലരലക്ഷം രൂപ കൈമാറി. 25 എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു പ്രയോജനപ്പെടുന്ന പുനരധിവാസപദ്ധതിയായ സ്‌നഹവീടിനുവേണ്ടിയാണ് ക്ലബ്ബിന്റെ സംഭാവനാതുക ചെലവഴിക്കുക. അന്തരിച്ച നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കുടുംബത്തിന് അടുത്തിടെ ക്ലബ്ബ് ഒരുലക്ഷം രൂപ കൈമാറിയിരുന്നു.

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതം ചിത്രീകരിച്ച ഡോക്ടര്‍ ബിജു ചിത്രത്തില്‍ മുഖ്യവേഷം ചെയ്ത നടന്‍ കുഞ്ചാക്കോ ബോബനായിരുന്നു എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ധനസഹായം നല്‍കാമെന്നുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബ് അല്ലെങ്കില്‍ സി3 എന്ന പുതിയ പദ്ധതിയിലൂടെ മലയാളത്തിലെ സിനിമാതാരങ്ങള്‍ തങ്ങളുടെ താരമൂല്യം ലാഭേച്ഛയില്ലാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയാണെന്ന് സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബ് ചെയര്‍മാനും നടനുമായ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ക്ലബ്ബിന്റെ വരുമാനത്തിന്റെ വലിയ പങ്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ശേഷിക്കുന്ന തുക ക്ലബ്ബിന്റെ അടിസ്ഥാനസൗകര്യവികസനത്തിനുമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റിനെ ഗൗരവകരമായി സമീപിക്കുകയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യതകള്‍ വിനിയോഗിക്കുകയും ചെയ്തതിന്റെ ഫലം തങ്ങള്‍ വിചാരിച്ചതിലും വലുതായിരുന്നുവെന്നും കുഞ്ചാക്കോബോബന്‍ പറഞ്ഞു.

ഒട്ടേറെ ആളുകള്‍ സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗും ഒന്നാണെന്ന് വിചാരിക്കുന്നുണ്ടെന്നും എ ന്നാല്‍ ഇവ രണ്ടും തികച്ചും വിഭിന്നങ്ങളായ പദ്ധതികളാണെന്നും സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബ് സെക്രട്ടറി വിജയ് യേശുദാസ് പറഞ്ഞു. സി3യ്ക്ക് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായോ സമാനമായ മറ്റേതെങ്കിലും ലീഗുകളുമായോ മത്സരമില്ല. സിനിമാരംഗത്തുള്ളവരുടെ താരമൂല്യം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ക്ലബ്ബിന്റെ അടിസ്ഥാനസൗകര്യവികസനത്തിനുമായി പ്രയോജനപ്പെടുത്തുന്ന നവീനമായൊരു പദ്ധതിയാണ് സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബ് അഥവാ സിത്രി. കേവലം ഒരു ക്രിക്കറ്റ് ക്ലബ്ബ് എന്നതിലുപരി അര്‍ഹതപ്പെട്ടവര്‍ക്കു പ്രയോജനം ലഭിക്കുക എന്ന ലക്ഷ്യത്തിനായി തങ്ങളുടെ കഴിവുപയോഗിച്ചു കലാപ്രകടനങ്ങള്‍ നടത്താന്‍ തയ്യാറാകുന്ന ഒരു കൂട്ടം കലാകാരന്മാരുടെ സംഘം കൂടിയാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. ആവശ്യക്കാര്‍ തങ്ങളെ സമീപിക്കുന്നപക്ഷം അര്‍ഹതപ്പെട്ടവരെ പിന്തുണയ്ക്കാനും ധനസഹായം ചെയ്യാനും തുടര്‍ന്നും ധനസഹായം ചെയ്യാന്‍ ക്ലബ്ബ് തയ്യാറാണ്. ക്ലബ്ബിന്റെ മികച്ച ഭാവിയ്ക്കായി തങ്ങളുടെ വരുമാനത്തിന്റെ ഒരു പങ്ക് ക്ലബ്ബിന്റെ അടിസ്ഥാനസൗകര്യവികസനത്തിനായി മാറ്റി വയ്ക്കുന്നുണ്ടെന്നും വിജയ് യേശുദാസ് കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്നും രാജ്യത്തിനകത്തും പുറത്തുമുളള ക്ലബ്ബുകളുമായി ചേര്‍ന്ന് മാച്ചുകള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബ്. സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ക്ലബ്ബ്, ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്ലബ്ബ് എന്നിവയുമായി പങ്കാളിത്തമുണ്ടാക്കാനുള്ള പദ്ധതിയിലാണ് ക്ലബ്ബ്. യുഎസിലും ആസ്‌ട്രേലിയയിലും ഏതാനും മാച്ചുകള്‍ സംഘടിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയാണെന്നു കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

2009ല്‍ പ്രവര്‍ത്തനമാരംഭിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബ് 2014ല്‍ ദുബായ് ഷാര്‍ജ സ്റ്റേഡിയത്തില്‍ സംവിധായകരുടെ ടീമിനെതിരെ കളിച്ച മാച്ച് ഉള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുമായി എണ്ണമറ്റ മാച്ചുകള്‍ കളിച്ചിട്ടുണ്ട്. 2014ലാണ് സിത്രി ഒരു ചാരിറ്റി ക്ലബ്ബായി രജിസ്റ്റര്‍ ചെയ്തത്. മുന്‍വര്‍ഷം മെയില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമായി കൈകോര്‍ത്ത് ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ പരിശീലനം നേടാനും ക്ലബ്ബിന് അവസരം ലഭിച്ചിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നിവിന്‍ പോളി, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരാണ് ക്ലബ്ബിലുള്ളത്. സിത്രിയുടെ തീം മ്യൂസിക് തയ്യാറാക്കിയത് ഗോപിസുന്ദറാണ്.

shortlink

Post Your Comments


Back to top button