NEWS

കടങ്ങള്‍ വീട്ടി മണി യാത്രയായി; മണി വീട്ടിയ ഏഴ് കടങ്ങള്‍

നടനാകുന്നതിനു മുന്‍പും ഇക്കണ്ട പ്രശസ്തി കൈവരുന്നതിനു മുന്‍പും വിശപ്പു കൊണ്ട് പ്രാണന്‍ കത്തിയെരിയുന്ന ചാലക്കുടിക്കാരനായിരുന്നു മണി. പണവും പ്രശസ്തിയും കൈവന്നപ്പോള്‍ ചാലക്കുടി എന്ന സ്ഥലനാമത്തിന്റെ പ്രാണനായി മാറി മണി. പീന്നീടുള്ള ജീവിതം കടം വീട്ടലിന്റെയായിരുന്നു.

ആദ്യകടം പോലീസിനോട്

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പോലീസുകാര്‍ക്ക് യൂണിഫോം തുന്നിക്കൊടുത്ത് പണം കണ്ടെത്തിയ ചാലക്കുടി പോലീസ് സ്‌റ്റേഷന് രണ്ടാം നില നിര്‍മ്മിച്ചു കൊടുത്തു മണി. അതേ പോലീസ് സ്‌റ്റേഷന്റെ മുറ്റമടിച്ചു കൊടുത്ത് പണമുണ്ടാക്കിയ ബാല്യത്തിന്റെ കടം വീട്ടലായി ആ കെട്ടിട സമര്‍പ്പണം.

രണ്ടാമത്തേത് അച്ഛനോട്

അച്ഛന്‍ എല്ലുമുറിയെ പണിയെടുത്ത് കൊണ്ടു വരുന്ന തുച്ഛമായ തുക കൊണ്ട് കഞ്ഞികുടിച്ചിരുന്ന ബാല്യം. അച്ഛന്‍ കൂലിപ്പണിയെടുത്തിരുന്ന ചാലക്കുടി പുഴയോരത്തെ പറമ്പ് സ്വന്തമാക്കി അവിടെ വീട് വെച്ച് ആ കടവും വീട്ടി.

മൂന്നാമത്തേത് ഓട്ടോക്കാരോട്

ചാലക്കുടി കവലയില്‍ ഓട്ടോ ഓടിച്ചു നടന്നിരുന്ന കാലത്തെ, നടനായിട്ടും മണി മറന്നില്ല. താരപരിവേഷം വന്നതിനു ശേഷവും മണി ഓട്ടോ സ്വന്തമാക്കി. ആ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി ഓട്ടോ’ നാട്ടിലൂടെ ഓടി നടന്നു. ആ ഓട്ടോ ഇപ്പോള്‍ വീട്ടുമുറ്റത്തുണ്ട് അനാഥമായി.

നാലാമത്തെ കടം വീട്ടല്‍ സ്‌കൂളിനോട്

സ്‌കൂളില്‍ പോകാന്‍ സാഹചര്യമില്ലാതിരുന്നിട്ടും ചാലക്കുടി ഗവ. ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകളില്‍ താന്‍ പഠിച്ച കാലം. അന്ന് സഹപാഠികളും അധ്യാപകരും കാട്ടിയ സ്‌നേഹം. ഉള്ളിലെ കലയെ ഉള്ളുപൊള്ളുന്ന ജീവിതാനുഭവങ്ങള്‍ക്കിടയിലും വേദിയില്‍ കൊണ്ടുവരാന്‍ നല്‍കിയ അവസരത്തെ മറന്നില്ല. സ്‌കൂളിന് എപ്പോഴും താങ്ങായി. കയ്യില്‍ കിട്ടിയ പണമെല്ലാം കൂട്ടിവെച്ച് ബസും മറ്റ് ഉപകരണങ്ങളും വാങ്ങി നല്‍കി.

അഞ്ചാം കടം പള്ളിയോട്

ചേനത്തുനാട് പള്ളിയിലെ തിരുനാള്‍ ഏറെ വര്‍ഷങ്ങള്‍ ഏറ്റെടുത്ത് നടത്തിയത് മണിയാണ്. കാരണം ചോദിച്ചപ്പോള്‍ മണി പറഞ്ഞു, പെരുന്നാളുകാലത്ത് ആ പള്ളിയിലെ നേര്‍ച്ചയൂണു കൊണ്ട് ഞാന്‍ വിശപ്പടക്കിയിട്ടുണ്ട്. കണ്ണമ്പുഴ ക്ഷേത്രത്തിലെ താലം എഴുന്നള്ളിപ്പിന് ചെണ്ട കൊട്ടി നടത്തിപ്പുകാരനായതിനു പിന്നിലും സമാനമായ അനുഭവം തന്നെ.

ആറാമത്തേത് പുഴയോട്

ചാലക്കുടി പുഴയിലെ മണലിന് ഒരു കാലത്ത് മണിയുടെ കണ്ണീരിന്റെ ഉപ്പുരസമുണ്ടായിരുന്നു. ചെറുപ്പത്തില്‍ പുഴയില്‍ മുങ്ങി മണല്‍ വാരിയിരുന്ന കാലം. നടനായി പേരും പെരുമയുമായി ആ മണലില്‍ ചവിട്ടി നിന്നപ്പോള്‍ അനുഭവം കൊണ്ട് കാല്‍ പൊള്ളി. ചാലക്കുടി ജലോത്സവം നടത്തി ആ കടവും വീട്ടി.

ഏഴാമത്തേത് മനുഷ്യരോട്

ചാലക്കുടി പ്രദേശത്തെ അനാദമന്ദിരങ്ങളില്‍ മണിയുടെ പേരില്‍ ചോറുണ്ണാത്ത കുട്ടികളില്ല. വീട്ടില്‍ മിക്ക ദിവസവും പത്തും ഇരുപതും പേര്‍ രോഗത്തിനും ദുരിതത്തിനും ധനസഹായം തേടിയെത്തുമായിരുന്നു. ഉള്ളതെല്ലാം പെറുക്കിയെടുത്ത് കൊടുക്കും. മണിയെ തേടിയെത്തിയാല്‍ സഹായം കിട്ടാതിരിക്കില്ലെന്നൊരു വിശ്വാസം. വിശന്നു പൊരിഞ്ഞ് താന്‍ നടന്ന നാട്ടിലെ പാവം മനുഷ്യരോടായിരുന്നു ആ കടം വീട്ടല്‍.
കടങ്ങളെല്ലാം വീട്ടി സ്വതന്ത്രനായി മണിയിതാ മടങ്ങുകയും ചെയ്തു.

shortlink

Post Your Comments


Back to top button