എണ്‍പത്തിയെട്ടാമത് ഓസ്കര് പുരസ്കാര വേദിയില്‍ മലയാളി സാന്നിധ്യമായി സാജന് സ്കറിയയും ഉണ്ടായിരുന്നു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ സാജന് സ്കറിയ കഥാപാത്ര മേല്‍നോട്ടം നടത്തിയ ‘ഇന്‍സൈഡ് ഔട്ട്’ എന്ന ചിത്രം മികച്ച ആനിമേഷന്‍ ചിത്രത്തിനുളള പുരസ്കാരം നേടുകയും ചെയ്തു. സാജനും സംഘവും നടത്തിയ മാസങ്ങള്‍ നീണ്ട കഠിനദ്ധ്വാനത്തിന്റെ ഫലമാണ് ഈ ആനിമേഷന്‍ ചിത്രം. ‘സ്ലം ഡോഗ് മില്യണയര്‍’ എന്ന ചിത്രത്തിലൂടെ ശബ്ദമിശ്രണത്തിന് പുരസ്കാരം നേടിയ റസൂല്‍ പൂക്കുട്ടിക്കു ശേഷം ഓസ്കര് വേദിയിലെ മലയാളിത്തിളക്കമാണ് സാജന്.ലോകോത്തര ആനിമേഷന്‍ കമ്പനിയായ ഡിസ്നിപിക്സാര്‍ സ്റ്റുഡിയോയുടെ കാരക്റ്റര്‍ സൂപ്പര്‍വൈസറാണ് സാജന്. കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയതിനുശേഷം ആനിമേഷന്‍ ലോകത്തേക്ക് കടക്കുകയായിരുന്ന സാജന് ഹോളിവുഡില്‍ ഏഴു ചിത്രങ്ങള്‍ക്ക് കഥാപാത്ര മേല്‍നോട്ടം നടത്തിയിട്ടുണ്ട്.
കുട്ടികളുടെ മനോവികാരങ്ങളെ രസകരമായി വിശകലനം ചെയ്യുന്ന ചിത്രമാണ് ‘ഇന്‍സൈഡ് ഔട്ട്’. പീറ്റ് ഡോക്ടെര്‍, റോണി ഡെല്‍ കാര്മന് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ചിത്രം കഴിഞ്ഞ മെയ്മാസമാണ് പ്രദര്‍ശനത്തിനെത്തിയത്. സന്തോഷം, ദുഖം, ഭയം, കോപം, വെറുപ്പ് എന്നീ വികാരങ്ങളെ റൈലി ആന്ഡേഴ്സണ് എന്ന ആനിമേഷന്‍ കഥാപാത്രത്തിലൂടെ വളരെ മനോഹരമായാണ് ആവിഷ്കരിച്ചിരിക്കുന്നത്. സാജനെ കൂടാതെ ഇന്‍സൈഡ് ഔട്ടിലെ ആനിമേഷന്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതില്‍ മേല്‍നോട്ടം വഹിച്ച എല്ലാവരും പുരസ്കാര വിതരണച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Post Your Comments