മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തിയ വേട്ട എന്ന ചിത്രം റിലീസ് ചെയ്തത് ഈയിടെയാണ്. എന്നാൽ അതിനും മുമ്പ് വേട്ട എന്ന പേരിൽ ഒരു ചിത്രം മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. 1984 ൽ ആയിരുന്നു ഇത്. മോഹൻലാൽ, മമ്മൂട്ടി, ശ്രീനിവാസൻ, അടൂർ ഭാസി തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഈ രണ്ട് സിനിമകളുടെയും സംവിധായകർ രണ്ട് ദിവസങ്ങളുടെ വ്യത്യാസത്തിൽ ഈ ലോകത്തോട് വിട പറഞ്ഞു എന്നതാണ് അമ്പരപ്പിക്കുന്നതും, വേദനിപ്പിക്കുന്നതുമായ വസ്തുത. ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞോടുന്ന ‘വേട്ട’യുടെ സംവിധായകനായ രാജേഷ് പിള്ളയുടെ മരണം ഫെബ്രുവരി 27നായിരുന്നു. പഴയ ‘വേട്ട’ സംവിധാനം ചെയ്ത മോഹൻ രൂപ് ആവട്ടെ മാർച്ച് ഒന്നിനും യാത്രയായി. രണ്ട് പേരും അകാലത്തിൽ വിട പറയുകയും ചെയ്തു. തന്റെ നാൽപ്പത്തിയൊന്നാം വയസ്സിലാണ് മലയാള സിനിമയിൽ ന്യൂ ജനറേഷൻ വസന്തത്തിന് തുടക്കമിട്ട രാജേഷ് പിള്ള ഓർമ്മയായി മാറിയത്. മോഹൻ രൂപ് തന്റെ അമ്പത്തിമൂന്നാം വയസ്സിലും ഈ ലോകത്തോട് വിട ചൊല്ലി.
മോഹൻ ലാൽ, മമ്മൂട്ടി, ശ്രീനിവാസൻ എന്നിവരെ ആദ്യമായി വെള്ളിത്തിരയിൽ ഒന്നിപ്പിച്ച ചിത്രമായിരുന്നു മോഹൻ രൂപിന്റെ വേട്ട. ആ ചിത്രം സംവിധാനം ചെയ്യുമ്പോൾ കേവലം 21 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. 1984-ൽ പുറത്തിറങ്ങിയ ‘വേട്ട’ മോഹൻ രൂപിന്റെ പ്രഥമ സംവിധാന സംരഭമായിരുന്നു. പുതിയ ‘വേട്ട’യാകട്ടെ രാജേഷ് പിള്ളയുടെ അവസാന ചിത്രവും.
Post Your Comments