VETTA -MALAYALAM MOVIE REVIEW: ‘വേട്ട’ ‘വാഴ്ത്തപ്പെടാന്‍ ഇല്ലാത്ത മൈന്‍ഡ് ഗെയിം’

പ്രവീണ്‍ പി നായര്‍


നിരൂപക ശ്രദ്ധ നേടിയ ‘മിലി’ എന്ന സിനിമയ്ക്ക് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്ത സിനിമയാണ് ‘വേട്ട’. പ്രേക്ഷക ഇഷ്ടം വളര്‍ത്തിയ ‘ട്രാഫിക്‌” രാജേഷ് പിള്ളയുടെ സംവിധാനത്തില്‍ പിറവിയെടുത്ത സിനിമയായിരുന്നു.’ട്രാഫിക്‌ ‘ സിനിമ നല്‍കിയ ഊര്‍ജ്ജമാണ് മലയാള സിനിമയുടെ തുടര്‍ മാറ്റങ്ങള്‍ എന്ന് പറയേണ്ടി വരും. ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ എന്ന പ്രേക്ഷക സ്വീകാര്യതയില്ലാതിരുന്ന ചിത്രത്തിന് ശേഷം ഹൃദയത്തില്‍ സൂക്ഷിക്കാന്‍ മറ്റൊരു സിനിമ തന്നു രാജേഷ്‌ പിള്ള അതാണ്‌ ‘ട്രാഫിക് ‘. മലയാള സിനിമയില്‍ മുന്‍ നിര സംവിധായകനായി വളര്‍ന്നു കൊണ്ടിരിക്കുന്ന രാജേഷ് പിള്ള വേട്ടയുമായി പ്രേക്ഷകര്‍ക്ക് അരികിലെത്തി. ‘ട്രാഫിക്‌ ‘എന്ന സിനിമയ്ക്ക് ശേഷം ‘മിലി’ രംഗത്ത് കൊണ്ട് വന്നു കഴിഞ്ഞും രാജേഷ് പിള്ളയിലെ സംവിധാന ഗ്രാഫ് ഉയര്‍ന്നു തന്നെ നിന്നു.

‘Mind Game’ എന്ന വിശേഷണം ചേര്‍ത്തു തികച്ചും വ്യത്യസ്ഥമായ ചിത്രം അവതരിപ്പിക്കാനാണ് രാജേഷ് പിള്ളയും കൂട്ടരും വേട്ടയിലൂടെ ശ്രമിക്കുന്നത്.  ’10 am ലോക്കല്‍ കാള്‍ ‘, ‘താങ്ക്യു’ ,’ഹാപ്പി ജേര്‍ണി’ തുടങ്ങിയ സിനിമകള്‍ രചിച്ച ‘അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ‘വേട്ടയുടെ രചന വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രതീക്ഷയര്‍പ്പിക്കാവുന്ന രചയിതാവും, പ്രതീക്ഷ നല്‍കാവുന്ന സംവിധായകനും കൂടി ചേരുമ്പോള്‍ പ്രേക്ഷക മനസ്സിനു ലഭിക്കേണ്ടത് വേട്ടയാടപ്പെടാത്ത ഒരു ചിത്രമാകണം.

രണ്ടു മരണങ്ങള്‍ പ്രേക്ഷകരുടെ മുന്നില്‍ കണ്ടു തുടങ്ങുമ്പോള്‍ കഥയുടെ കൂടഴിയുകയാണ്. പിന്നീട് മലയാള സിനിമയുടെ സ്ഥിരം കേസ് അന്വേഷണ ഘട്ടത്തിലേക്കാണ് കഥാവിവരണ നിര്‍മ്മിതിയെങ്കിലും ആശയത്തിലെ വ്യത്യസ്ഥത പ്രേക്ഷകരെ സിനിമയിലേക്ക് ആകര്‍ഷിച്ചു നിര്‍ത്തുന്നുണ്ട്.

കമ്മിഷണര്‍ ‘ശ്രീബാല’ എന്ന ഐ.പി.എസ് ഓഫീസറായി മഞ്ചുവാരിയര്‍ കഥയിലെ കഥാപാത്ര മര്‍മ്മമാകുമ്പോള്‍ ‘സൈലന്‍സ് എബ്രഹാം’ എന്ന കഥാപാത്രമായി ഇന്ദ്രജിത്തും എ.സി.പിയുടെ കാക്കി വേഷമണിഞ്ഞു കൂടെയുണ്ട്. മനസ്സു കൊണ്ടു കളിക്കുന്ന ഈ ക്രൈം ത്രില്ലര്‍ പലപ്പോഴും സിനിമകളിലെ സ്ഥിരം ക്ലീഷേ പ്രയോഗങ്ങളെ കൂടെ ചേര്‍ക്കുന്നുണ്ട്. വിഷയത്തിലെ മികവു ഭദ്രമായി കാത്തു സൂക്ഷിക്കുമ്പോഴും സംവിധാനത്തിലെ വേഗമില്ലായ്മ സിനിമയെ പിറകിലേക്ക് വലിച്ചു നിര്‍ത്തുന്നു ‘മെല്‍വിന്‍’ എന്ന കുഞ്ചാക്കോ ബോബന്‍റെ കഥാപാത്രത്തിന്‍റെ ജീവിത വൃത്തത്തിലേക്കാണ് ശ്രീബാലയുടെയും, സൈലന്‍സിന്‍റെയും സഞ്ചാരം.

ക്രൈം ത്രില്ലര്‍ ഗണത്തിലുള്ള മുന്‍ മലയാള സിനിമകളുടെ അതേ പാതയില്‍ സഞ്ചരിക്കുന്ന വേട്ട പ്രേക്ഷക മനസ്സില്‍ തളരപ്പെടുകയാണ്.പ്രമേയം അതിശയമാണ് എന്ന് തോന്നുന്നിടത്ത്‌ സീനുകളില്‍ കടന്നു വരുന്ന അവ്യക്തത പ്രേക്ഷകരെ നിരാശയുടെ വഴിയിലേക്ക് മടക്കി അയക്കുകയാണ്. പൂര്‍ണതയില്ലാത്ത രംഗ തലത്തിലേക്ക് എത്തപ്പെടുന്ന വേട്ട നല്ല സിനിമയുടെ പരിഗണനയില്‍ നിന്ന് വീണു പോകുന്നുണ്ട്.

നമ്മള്‍ യാഥാര്‍ത്ഥ്യമായി കണ്ട ഇതിലെ കഥയുടെ പരുവത്തില്‍ കഴമ്പുണ്ടെങ്കിലും രാജേഷ് പിള്ളയുടെ സംവിധാനം നിറം കെടുകയാണ്. മിലിയില്‍ നിന്ന് മുന്നോട്ടു കുതിക്കാതെ പിന്നോട്ട് ഇടറുന്നുണ്ട് രാജേഷ് പിള്ളയിലെ സംവിധായകന്‍. അരുണ്‍ ലാല്‍ രാമചന്ദ്രന്‍റെ തിരക്കഥയും കെട്ടുറപ്പില്ലാത്ത നിലയില്‍ കുഴയുകയാണ്. ‘മെല്‍വിന്‍ ‘ എന്ന കഥാപാത്രത്തില്‍ അവ്യക്തത പടര്‍ത്തി പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ശ്രമിക്കുമ്പോഴും മലയാള സിനിമയിലെ സ്ഥിരം കേസ് അന്വേഷണ സിനിമകളുടെ തനിയാവര്‍ത്തനം വേട്ടയിലും തുടരുകയാണ്.

അഭിനയ പ്രകടനം

സാധരണ അഭിനയ ശൈലിയില്‍ നിന്ന് കൊണ്ട് അടയാളപ്പെടുത്താവുന്ന കഥാപാത്രമാണ് മഞ്ചുവാരിയര്‍ അവതരിപ്പിച്ച കമ്മിഷണര്‍ ശ്രീബാല.തന്നിലെ അഭിനയ കഴിവ് വെച്ചു മഞ്ചുവാരിയര്‍ ആ വേഷം തെറ്റില്ലാതെ ചെയ്തു തീര്‍ത്തിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍റെ ‘മെല്‍വിന്‍ ‘എന്ന കഥാപാത്രത്തിനാണ് കൂടുതല്‍ അഭിനയ സാദ്ധ്യത തെളിഞ്ഞു കിടക്കുന്നത്. കുഞ്ചാക്കോ ബോബനിലെ അഭിനയത്തിനല്‍പ്പം ദുര്‍ബലത പ്രകടമാണെങ്കിലും തന്നിലെ പരിമിതിയില്‍ നിന്ന് കൊണ്ട് കഥാപാത്രത്തെ ഭംഗിയാക്കാന്‍ പരിശ്രമിക്കുന്നുണ്ട്. ഇന്ദ്രജിത്ത് പതിവ് ശൈലിയിലെ അഭിനയ രീതി വരച്ചു ചേര്‍ക്കുന്നുണ്ട്.  വിജയ രാഘവന്‍, പ്രേം പ്രകാശ്, കാതല്‍ സന്ധ്യ തുടങ്ങിയവര്‍ അവരുടെ വേഷങ്ങള്‍ ഭംഗിയാക്കിരിക്കുന്നു.

സംഗീത വിഭാഗം

ഷാന്‍ റഹ്മാന്‍റെ പച്ചാത്തല ഈണം പലയിടത്തും പോരായ്മ നിറച്ചു. വേട്ടയിലെ പശ്ചാത്തല ഈണം 90-കളിലെ ക്രൈം ത്രില്ലറുകള്‍ ഒരിക്കല്‍ കൂടി ഓര്‍ക്കാന്‍ പ്രേരിപ്പിച്ചു. ചിലയിടങ്ങളില്‍ പശ്ചാത്തല ഈണത്തിനു കഥാസന്ദര്‍ഭവുമായി നല്ല യോജിപ്പ് ഉണ്ടായിരുന്നു. ഗാനങ്ങളും ശ്രവണ സുഖമായിരുന്നില്ല. അനീഷ്‌ ലാല്‍ സിനിമയുടെ ക്യാമറ വിഭാഗം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്.

അവസാന വാചകം

വാഴ്ത്തപ്പെടാന്‍ വേണ്ടിയുള്ളതൊന്നും വേട്ടയിലില്ല എന്നിരുന്നാലും ഒറ്റ തവണ കണ്ടിരിക്കാം വേട്ട എന്ന ‘മൈന്‍ഡ് ഗെയിം’.

Share
Leave a Comment