ജോയ്സി
ലക്ഷക്കണക്കിന് സ്ത്രീ ഭക്തജനങ്ങള്‍ സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയര്‍പ്പിച്ചു. പൊങ്കാലയും അനന്തര പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം വളരെ ഭംഗിയായി തന്നെ സോഷ്യല്‍ മീഡിയയിലും സോഷ്യല്‍ അല്ലാത്ത മീഡിയയിലും നിറഞ്ഞു. പൊങ്കാല നടക്കുമ്പോള്‍ പതിവു പോലെ തന്നെ. ചിത്രങ്ങളെടുക്കാന്‍ പാഞ്ഞോടുകയായിരുന്നു തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകര്‍. എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍ ലഭിക്കണമെന്ന് മാത്രമല്ല. താര പൊങ്കാലകളുടെ ചിത്രങ്ങള്‍ ഒന്നും തന്നെ മിസാകാനും പാടില്ല.
സോഷ്യാല്‍ മീഡിയയിലായാലും താര പൊങ്കാലകളുടെ ചിത്രങ്ങള്‍ക്ക് ഡിമാന്റ് കൂടുതലാണ്. അടുത്ത ദിവസം പത്രങ്ങളുടെ പ്രിന്റ് എഡിഷനില്‍ കവര്‍ ചെയ്യുകയും ചെയ്യും. ഇങ്ങനെ വളരെ ധൃതിയില്‍ ചിത്രങ്ങള്‍ പകര്‍ത്തി വാര്‍ത്തകള്‍ ഷെയര്‍ ചെയ്ത് മാധ്യമ പ്രവര്‍ത്തകര്‍ നടക്കുമ്പോഴാണ് ഒരു വാര്‍ത്ത പരന്നത് ബോളിവുഡ് താരം സണ്ണി ലിയോണും പൊങ്കാല ഇടുന്നുണ്ടെന്ന്.
സംഭവം സോഷ്യ മീഡിയവഴിയാണ് വാര്‍ത്ത വന്നതെങ്കിലും വിശ്വസിക്കാന്‍ കാരണങ്ങളേറെയാണ്. പൊങ്കാലയുടെ തൊട്ടടുത്ത ദിവസങ്ങളില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ സണ്ണി ലിയോണും ബിപാഷ ബസുവും ഉള്‍പ്പെടെ താരങ്ങള്‍ എത്തിയിരുന്നു. ഇവര്‍ താമസവും താജിലായിരുന്നു. ഇന്‍ഫര്‍മേഷന്‍ വൈറലായതോടെ മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷണം ആരംഭിച്ചു. താജിന്റെ മുന്നിലാണ് പൊങ്കാലയെന്നും സ്ഥിരീകരണം കിട്ടി. വണ്ടി കിട്ടിയവര്‍ വണ്ടിയിലും അല്ലാത്തവര്‍ കാല്‍ നടയായി നടന്നും ഓടിയുമെല്ലാം താജിന്റെ മുന്നിലെത്തി.
താജിന്റെ മുന്നിലെന്തായാലും സണ്ണി ലിയോണില്ല. പുറത്തിറങ്ങി നിന്ന് പൊങ്കാലയിട്ടാല്‍ ചിലപ്പോള്‍ ആരാധകരുടെ ശല്യമുണ്ടാകും. അതിനാല്‍ താജിന് അകത്ത് തന്നെ അവര്‍ അതിനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു കാണുമെന്ന നിഗമനത്തിലായി മാധ്യമ ശ്രേഷ്ഠന്മാര്‍. അപ്പോഴാണ് അടുത്ത ഇന്‍ഫര്‍മേഷന്‍. സണ്ണി മാത്രമല്ല, പൊങ്കാലയിടാന്‍ ബിപാഷയുമുണ്ട്. അതുകൂടി കേട്ട് ആവേശം പൂണ്ട മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ താജിലേക്ക് ഇരച്ചു കയറാന്‍ തന്നെ തീരുമാനിച്ചു. അവര്‍ സ്വന്തം ഐഡി ടാഗുകള്‍ പൊക്കി കാണിച്ച് താജിലേക്ക് കയറി. സണ്ണി ലിയോണ്‍ എവിടെയാണ് പൊങ്കാലയിടുന്നതെന്ന് അന്വേഷിച്ചു. അവര്‍ കഴിഞ്ഞ ദിവസം തന്നെ മുംബൈയിലേക്ക് പോയെന്ന് മറുപടിയും കിട്ടി. ഇതോടെ അല്പം നിരാശയോടെ ആണെങ്കിലും സ്ഥിരം താരനിരയെ പരതി അവര്‍ അവിടെ നിന്നും മടങ്ങി.
ഇവിടെ മാധ്യമപ്രവര്‍ത്തകരെ പൂര്‍ണമായും കുറ്റം പറയാന്‍ കഴിയില്ല. കാരണം അങ്ങനെയൊരു സംഭവമുണ്ടെങ്കില്‍ ആ ചിത്രം അടുത്ത ദിവസത്തെ മുന്‍ പേജില്‍ ഇടം പിടിക്കുന്നതാകും. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകള്‍ എപ്രകാരം പ്രചരിക്കുന്നുവെന്നും അത് എങ്ങനെയൊക്ക ദിശാബോധമില്ലാതെ സഞ്ചരിക്കുന്നുവെന്നും ഉള്ളതിന് ഉത്തമ ഉദാഹരണമാണ് ഈ സംഭവം. വൈറലാകാന്‍ സാധ്യതയുള്ളതിന് പിന്നാലെ ഓടുമ്പോള്‍ അവിടെ മൂല്യങ്ങള്‍ക്ക് പ്രാധ്യാന്യമില്ലാതാകുന്നു. വസ്തുതകള്‍ വളച്ചൊടിക്കപ്പെടുന്നു. മാധ്യമ പ്രവര്‍ത്തകര്‍ പോലും ഇത്തരം വസ്തുതകളിലൂടെ തെറ്റിധരിക്കപ്പെട്ടെങ്കില്‍ സാധാരണം ആളുകളുടെ കാര്യം പറയേണ്ടതില്ലല്ലോ? സോഷ്യല്‍ മീഡിയയിലെ ആളുകള്‍ക്ക് വേണ്ടത് ഇങ്ങനെയൊക്കെയുള്ള ഐറ്റങ്ങള്‍ ആണെന്ന മുന്‍ വിധിയില്‍ എല്ലാം എത്തിയിരിക്കുന്നു. എന്നാല്‍ മൂല്യമുള്ളവ നല്‍കി അവരെ അത്തരമൊരു വായനാ സംസ്‌കാരത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുന്നുമില്ല.
Post Your Comments