പ്രവീണ്‍ പി നായര്‍
മലയാള സിനിമയില്‍ ബസ്സുകള്‍ പച്ചാത്തലമായ സിനിമകള്‍ വിരളമാണ്. അത്തരം സിനിമകളില്‍ ആദ്യം ഓര്‍മ വരുന്ന ചിത്രമാണ് ‘വരവേല്‍പ്പ് ‘.
1989-ല്‍ ഇറങ്ങിയ ‘വരവേല്‍പ്പ് ‘എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സത്യന്‍ അന്തികാടാണ്. രചന നിര്‍വഹിച്ചിരിക്കുന്നത് ശ്രീനിവാസനും.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തുന്ന മുരളി എന്ന ചെറുപ്പക്കാരന്‍ ഒരു ബസ്സ് വാങ്ങിക്കുകയും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ കഥാരൂപം. നര്‍മം ചേര്‍ത്തു പറഞ്ഞ ജീവിത ഗന്ധിയായ സിനിമയായിരുന്നു ‘വരവേല്‍പ്പ് ‘. ഈ സിനിമയിലെ ‘ഗള്‍ഫ് മോട്ടോഴ്സ്’ എന്ന ബസ്സ് ജീവിക്കുന്ന കഥാപാത്രം പോലെ നമ്മുടെ മനസ്സില്‍ തറക്കപ്പെടുന്നുണ്ട്.
മുരളി എന്ന നായകന്‍റെ നിലനില്‍പ്പ് തന്നെ ഗള്‍ഫ് മോട്ടോഴ്സിനെ ആശ്രയിച്ചാണ്. ഗള്‍ഫ് മോട്ടോഴ്സിന്‍റെ ഡ്രൈവറായി ഇന്നസന്‍റ് ആണ് വേഷമിടുന്നത്. കണ്ടക്ടറായി കാക്കി വേഷം അണിയുന്നത് ജഗദീഷാണ്. ക്ലീനറായി മാമുക്കോയയും കൂടെയുണ്ട്. വരവേല്‍പ്പ് സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കഥാപാത്രങ്ങളൊടൊപ്പം ‘ഗള്‍ഫ് മോട്ടോഴ്സ് ‘ എന്ന ബസ്സും മനസ്സില്‍ നിറയുന്നു.
1985-ല്‍ പുറത്തിറങ്ങിയ ‘അക്കരെ നിന്നൊരു മാരന്‍ ‘ എന്ന സിനിമയിലും ബസ്സൊരു മുഖ്യ കഥാപാത്രമായി കടന്നു വരുന്നുണ്ട്. ഗിരീഷാണ് ഈ സിനിമയുടെ സംവിധായകന്‍. തിരക്കഥ എഴുതിയിരിക്കുന്നത് ശ്രീനിവാസനാണ്. തങ്കപ്പന്‍ നായര്‍ എന്ന പിശുക്കനായ നെടുമുടിയുടെ കഥാപാത്രത്തിന് സ്വന്തമായി ഒരു ബസ്സുണ്ട് അത്തരം സാഹചര്യങ്ങളില്‍ നിന്നുണ്ടാകുന്ന ഫലിതങ്ങള്‍ സിനിമയില്‍ നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ബസ്സിലെ ഡ്രൈവറായി വേഷമിടുന്നത് പൂജപ്പുര രവിയാണ്. രാഘവന്‍ എന്ന രസികന്‍ കണ്ടക്ടറാകുന്നത് മാളയാണ്. ബസ്സിലാണ് സിനിമയിലെ അവസാന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. നര്‍മപരമായ മറ്റൊരു സിനിമയില്‍ കൂടി ബസ്സ് കഥാപാത്രമായി മാറുമ്പോള്‍ പ്രേക്ഷകര്‍ അതും വലിയ ചിരിയോടെ ആസ്വദിച്ചു.
പ്രേക്ഷകരില്‍ കൂട്ട ചിരി പടര്‍ത്തിയ സിനിമയായിരുന്നു ‘ഈ പറക്കും തളിക’. 2001-ല്‍ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് താഹയാണ്. വി .ആര്‍ ഗോപാലകൃഷ്ണന്‍ രചന നിര്‍വഹിച്ച പറക്കും തളിക ഒരു മെഗാ ഹിറ്റ് ചിത്രമായിരുന്നു. എല്ലാവര്‍ക്കും മനസ്സറിഞ്ഞു ചിരിക്കാന്‍ പരുവപ്പെടുത്തിയ സിനിമ. നര്‍മത്തിന്‍റെ മര്‍മ്മമാകുന്നത് താമരാക്ഷന്‍ പിള്ള എന്ന ബസ്സാണ്. ദിലീപും,ഹരിശ്രീ അശോകനും താമരാക്ഷന്‍ പിള്ള ബസ്സും ചേര്‍ന്നപ്പോള്‍ സിനിമാശാലകള്‍ ചിരി ശാലകളായി.
ഈ ബസ്സിനെ മുന്‍ നിര്‍ത്തിയാണ് ‘പറക്കും തളിക ഇത് മനുഷ്യരേ കറക്കും തളിക’ എന്ന തമാശ ഗാനം സിനിമയില്‍ അവതരിക്കപ്പെടുന്നത്.
ഈ സീനിലത്രയും താമരാക്ഷന്‍ പിള്ള ബസ്സ് പ്രേക്ഷകരെ മതി മറന്നു ചിരിപ്പിക്കുകയാണ്. ‘ഈ പറക്കും തളിക’ എന്ന സിനിമയുടെ ശീര്‍ഷകം തന്നെ സിനിമയ്ക്കുള്ളിലെ ബസ്സിന്‍റെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്നുണ്ട്.
പറക്കും തളിക എന്ന സിനിമ മനസ്സില്‍ പതിഞ്ഞ പോലെ താമരാക്ഷന്‍ പിള്ള ബസ്സും പ്രേക്ഷക മനസ്സിലേക്ക് ഇന്നും ചേര്‍ന്ന് നില്‍ക്കുന്നുണ്ട്.
കെ.എസ്.ആര്‍.ടി.സി ബസ്സ് കഥാപാത്രമായി വന്ന വിജയ ചിത്രമായിരുന്നു 2012-ല്‍ ഇറങ്ങിയ ഓര്‍ഡിനറി. സുഗീത് സംവിധാനം ചെയ്ത ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് നിഷാദ് കെ. കോയ, മനു പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ്. കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ വേഷത്തില്‍ കുഞ്ചാക്കോ ബോബനും, സുകു എന്ന ഡ്രൈവര്‍ കഥാപാത്രമായി ബിജു മേനോനുമാണ് വേഷമിട്ടത്. ഇരുവരും തമ്മിലുള്ള നര്‍മത്തിന്‍റെ രസതന്ത്രമായിരുന്നു പ്രേക്ഷകരെ സിനിമയിലേക്ക് ആകര്‍ഷിച്ചത്. ഗവി എന്ന സ്ഥലത്തേക്കുള്ള മനോഹര യാത്രയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും സിനിമയുടെ നല്ലൊരു ഭാഗമായി മാറി.
ബോക്സ്‌ഓഫീസില്‍ ഇടറി വീണ വാമനപുരം ബസ്സ് റൂട്ട്, NO 66 മധുര ബസ്സ്, തെക്കേക്കര സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയവയോക്കെ ബസ്സുകള്‍ക്ക് പ്രാധാന്യം നല്‍കിയ സിനിമകളായിരുന്നു.
Leave a Comment