പ്രവീണ്‍ പി നായര്‍
സിനിമ അഭിനേതാക്കളുടെ പേരിനൊപ്പം അവരുടെ ദേശത്തിന്‍റെയും നാമങ്ങള്‍ കൂട്ടിയിണക്കിയ നിരവധി സിനിമ താരങ്ങള്‍ മലയാള സിനിമയില്‍ ഉണ്ട്. ഒരു പക്ഷേ അവരുടെ പേരിനേക്കാളും പ്രസക്തി ഈ സ്ഥല നാമങ്ങള്‍ക്കാണ്.
ഒരു കാലത്ത് നര്‍മ വേഷങ്ങളിലൂടെ വേറിട്ട അഭിനയം കാഴ്ച വെച്ച അടൂര്‍ ഭാസി, കരുത്തുറ്റതും ഹാസ്യാത്മകവുമായ സ്ത്രീ കഥാപാത്രങ്ങള്‍ അരങ്ങിലെത്തിച്ച അടൂര്‍ ഭവാനി, സഹോദരിയായ അടൂര്‍ പങ്കജം ഇവരെല്ലാം പത്തനംതിട്ട ജില്ലയിലെ അടൂര്‍ എന്ന സ്ഥലത്തിന്‍റെ പ്രസക്തി മലയാള സിനിമയുമായി വലിയ അളവില്‍ തന്നെ ചേര്‍ത്തു നിര്‍ത്തുന്നുണ്ട്.
മലയാളത്തിന്‍റെ അതുല്യ നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരും തന്നിലെ ദേശത്തെ പേരിനൊപ്പം ചേര്‍ത്തു നിര്‍ത്തിയ നടനാണ്.
സ്വഭാവിക അഭിനയ ശൈലിയില്‍ മിന്നിയ കരമന ജനാര്‍ദ്ദനന്‍ നായരും സ്ഥല നാമം പേരിനു മുന്‍പേ വരച്ചിടുന്നു.മലയാളത്തിന്‍റെ മികച്ച നടന്മാരില്‍ ഒരാളായ നെടുമുടി വേണുവും അദ്ദേഹത്തിന്‍റെ പ്രകൃതി സുന്ദരമായ പ്രദേശത്തെ തന്നിലെ പേരുമായി അടുപ്പിച്ചു നിര്‍ത്തുന്നുണ്ട്. മലയാള സിനിമയില്‍ അമ്മ വേഷങ്ങളില്‍ ഉദിച്ചു നിന്ന ആറന്മുള പൊന്നമ്മയും, കവിയൂര്‍ പൊന്നമ്മയുമൊക്കെ സ്ഥല നാമങ്ങള്‍ പേരിനൊപ്പം ചേര്‍ത്തു നിര്‍ത്തിയവരാണ്. ജഗതി ശ്രീകുമാറിലെ ‘ജഗതി’ തിരുവനന്തപുരം ജില്ലയിലെ ഒരു സ്ഥലമാണെന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. കാരണം ഈ സ്ഥലപേര് ശ്രീകുമാര്‍ എന്ന ഹാസ്യസാമ്രാട്ടിനൊപ്പം അത്രത്തോളം ഇഴുകി ചേര്‍ന്ന് കഴിഞ്ഞു.മലയാള സിനിമയിലെ മഹാ നടന്മാരുടെ പട്ടികയില്‍ ഇടം നല്‍കാവുന്ന കുതിരവട്ടം പപ്പുവും സ്ഥല പേര് പേരിനൊപ്പം തുന്നി വച്ച നടനാണ്.
മാള അരവിന്ദനിലെ മാളയും സ്ഥലപേരാണെന്ന് വിസ്മരിക്കുന്നവര്‍ നിരവധിയാണ്.സുരാജ് വെഞ്ഞാറമൂട്,സുധീര്‍ കരമന, എം.എസ് തൃപ്പുണിത്തുറ, ബോബി കൊട്ടാരക്കര ചാലി പാല, കുണ്ടറ ജോണി കാലടി ഓമന, കോട്ടയം ശാന്ത, മാവേലിക്കര പൊന്നമ്മ, നിലമ്പൂര്‍ ആയിഷ, കൊല്ലം തുളസി, ആദിനാദ് ശശി, ധര്‍മജന്‍ ബൊല്‍ഗാട്ടി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, കോഴിക്കോട് നാരായണ്‍ നായര്‍, കുളപ്പുള്ളി ലീല,മോഹന്‍ അയിരൂര്‍, പൂജപ്പുര രാധാകൃഷ്ണന്‍, പൂജപ്പുര രവി, രമാദേവി കോഴിക്കോട്, ചേര്‍ത്തല ലളിത, സാലു കുറ്റനാട്, ശിവജി ഗുരുവായൂര്‍ അങ്ങനെ നിരവധി സിനിമ താരങ്ങള്‍ പേരിനൊപ്പം അവരുടെ സ്ഥലപേരുകളെയും കൂടെ കൂട്ടുന്നുണ്ട്.അഭിനേതാക്കളുടെ ഈ പ്രദേശ നാമങ്ങള്‍ എല്ലാം തന്നെ മലയാള സിനിമയില്‍ അന്നും ഇന്നും എന്നും വളരെയധികം പ്രകാശത്താല്‍ കത്തി നില്‍ക്കുന്നവയാണ്.
Leave a Comment