കൊച്ചി: ജെ.എന്‍.യു വിഷയത്തില്‍ നടന്‍ മോഹന്‍ലാല്‍ കഴിഞ്ഞദിവസം എഴുതിയ ബ്ലോഗിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. ജെ.എന്‍.യു വിഷയത്തെ രാജ്യസ്നേഹവുമായി കൂട്ടിക്കുഴച്ച് “ദയവുചെയ്ത് ഇത്തരം ചര്‍ച്ചകളും കോലാഹലങ്ങളും നിര്‍ത്തണം ” എന്നു ശ്രീ മോഹന്‍ലാല്‍ ബ്ലോഗില്‍ പറഞ്ഞത് രാഷ്ട്രീയ മുതലെടുപ്പുകാരെ സഹായിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് വിനയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ത്യ ബഹുസ്വരതയുടെ നാടാണ്. ഇവിടെ ജീവിക്കുന്ന ഹിന്ദുവിനും, മുസല്‍മാനും, ക്രിസ്ത്യാനിക്കും, മറ്റേതു മതവിഭാഗത്തില്‍ പെട്ടയാള്‍ക്കും അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. അതു തന്നെയാണ്‍ നമ്മുടെ ഭാരതത്തിന്റെ പ്രത്യേകത. അതാണ് നമ്മുടെ ശക്തി.
നമ്മള്‍ ഓരോരുത്തരുടെയും ദേശാഭിമാനത്തെ പറ്റിയും രാജ്യസ്നേഹത്തെ പറ്റിയും നമ്മള്‍ സ്വയം അഭിമാനം കൊള്ളുന്നവരാണ്. രാജ്യസ്നേഹിയല്ലാത്ത ഒരു വ്യക്തിയേയും നമ്മള്‍ സംരക്ഷിക്കേണ്ട കാര്യമില്ല. രാജ്യദ്രോഹികള്‍ക്ക് പരമാവധി ശിക്ഷ കൊടുക്കുകയും വേണം. പക്ഷേ രാജ്യസ്നേഹവും അഭിപ്രായസ്വാതന്ത്ര്യവും തമ്മില്‍ കൂട്ടിക്കുഴക്കുമ്പോഴാണ് ചില സംശയങ്ങള്‍ ഉടലെടുക്കുന്നത്.
ബഹുമാന്യനായ ശ്രീ മോഹന്‍ലാല്‍ ഇന്നലെ ബ്ലോഗിലെഴുതിയതു വായിച്ചപ്പോഴും എനിക്കീ സംശയമുണ്ടായി. നമ്മുടെ ധീര ജവാന്മാര്‍ മാതൃരാജ്യത്തിനായി രക്തസാക്ഷിത്വം വരിക്കുമ്പോള്‍ നമ്മള്‍ അവരെ ഹൃദയത്തിലേറ്റുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും കരയുകയും ഒക്കെ ചെയ്യും – അതു നമ്മുടെ അവകാശവും കടമയുമാണ്.
പക്ഷേ നമ്മുടെ സര്‍വ്വകലാശാലകളില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധ മുദ്രാവാക്യം വിളിക്കുന്ന വിദ്യാര്‍ത്ഥികളെ പോലും രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിലടച്ചപ്പോള്‍ അതു തെറ്റായി പോയി എന്ന ശബ്ദം ഇന്ത്യയൊട്ടാകെ അലയടിച്ചു. അതില്‍ രാഷ്ട്രീയ മുതലെടുപ്പുണ്ടായിരുന്നു എന്ന് തെളിവുകള്‍ സഹിതം നമ്മുടെ മീഡിയകള്‍ പ്രതികരിച്ചു. ആ ചര്‍ച്ചകളും കോലാഹലങ്ങളുമൊക്കെ സത്യവും നീതിയും തമസ്ക്കരിക്കപ്പെടുന്നതിന്റെ പേരിലായിരുന്നു.
അതിനെ രാജ്യസ്നേഹവുമായി കൂട്ടിക്കുഴച്ച് “ദയവുചെയ്ത് ഇത്തരം ചര്‍ച്ചകളും കോലാഹലങ്ങളും നിര്‍ത്തണം ” എന്നു ശ്രീ മോഹന്‍ലാല്‍ ബ്ലോഗില്‍ പറഞ്ഞത് മേല്‍പ്പറഞ്ഞ രീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പുകാരെ സഹായിക്കാനെ ഉതകുകയുള്ളു.
ഇന്ത്യയെ ഇനിയൊരു വിഭജനത്തിലേക്കു പോലും തള്ളിവിടുന്ന രീതിയിലുള്ള വിഭാഗീയ പ്രവര്‍ത്തനം അനുവദിച്ചുകൂടാ. നമ്മുടെ ജവാന്മാര്‍ ജീവന്‍ നല്‍കി സംരക്ഷിക്കുന്ന ഇന്ത്യ വര്‍ഗ്ഗീയതയുടെ പേരു പറഞ്ഞ് ചിലര്‍ നശിപ്പിച്ചാല്‍ അതാ ജവാന്മാരുടെ ആത്മാവിനോടു പോലും ചെയ്യുന്ന തെറ്റാകും.
മരിക്കാത്ത ഇന്ത്യയില്‍ നമ്മള്‍ ജീവിക്കണമെങ്കില്‍ ധീരജവാന്മാരുടെ മനക്കരുത്തു മാത്രം പോരാ ജാതിമതഭേദമന്യേ ഭാരതീയരെ ഒരുമിച്ചു നിര്‍ത്താനുള്ള പക്വതയും നമ്മുടെ ഭരണാധികാരികള്‍ക്കു വേണം. ജനങ്ങള്‍ അതുള്‍ക്കൊള്ളണം. അതിനായി നമുക്കു പ്രാര്‍ത്ഥിക്കാം.
ഇന്ത്യ ബഹുസ്വരതയുടെ നാടാണ്. ഇവിടെ ജീവിക്കുന്ന ഹിന്ദുവിനും, മുസല്‍മാനും, ക്രിസ്ത്യാനിക്കും, മറ്റേതു മതവിഭാഗത്തില്‍ പെട്ടയ…
Posted by Vinayan Tg on Sunday, February 21, 2016
Post Your Comments