ഗാന രചനയില്‍ വളരെയധികം ഭംഗി വെളിവാക്കിയ പി ഭാസ്കരന്‍ മലയാളത്തില്‍ കുറേയധികം സിനിമകള്‍ക്ക് വേണ്ടി തിരക്കഥ എഴുതിയിട്ടുണ്ട്.1954-ല്‍ ഉറൂബുമായി ചേര്‍ന്ന് പി.ഭാസ്കരന്‍ ‘നീലക്കുയില്‍ ‘ എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥ രചിച്ചിട്ടുണ്ട്. നീലക്കുയില്‍ സംവിധാനം ചെയ്തതും പി.ഭാസ്കരനാണ് . ജഗതി എന്‍. കെ ആചാരിയുമായി ചേര്‍ന്ന് 1962-ല്‍ ‘ഭാഗ്യ ജാതകം’ എന്ന സിനിമയുടെ തിരക്കഥാ രചനയും പി ഭാസ്കരന്‍ നിര്‍വഹിച്ചിട്ടുണ്ട്. കൂടാതെ
‘ശ്യാമള ചേച്ചി’, ‘സ്ത്രീ’ ,’രാക്കുയില്‍ ‘, തുടങ്ങിയ സിനിമകളുടെയെല്ലാം തിരക്കഥാ രചന പി.ഭാസ്കരനാണ് നിര്‍വഹിച്ചത്. ഒട്ടേറെ പ്രമുഖ സിനിമകളും പി.ഭാസ്കരന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ‘നീലക്കുയില്‍ ‘, ‘ഇരുട്ടിന്‍റെ ആത്മാവ് ‘, ‘കാട്ടുകുരങ്ങ് ‘, ‘പരീക്ഷ’, ‘അരക്കള്ളന്‍ മുക്കാകള്ളന്‍ ‘ ,’വിലക്കു വാങ്ങിയ വീണ’, ‘വിത്തുകള്‍ ‘ ഇങ്ങനെ അന്‍പതോളം സിനിമകള്‍ പി.ഭാസ്കരന്‍ സംവിധാനം ചെയ്തിട്ടുണ്ട്.
മലയാള സിനിമാ ഗാന ശാഖയില്‍ മുന്‍പന്തിയില്‍ എടുത്തു പറയേണ്ട മറ്റൊരു പേരാണ് ശ്രീകുമാരന്‍ തമ്പിയുടേത്. മൂവായിരത്തിലധികം ഗാനരചന നിര്‍വഹിച്ച ശ്രീകുമാരന്‍ തമ്പി എഴുപത്തിയഞ്ചോളം സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. അവയില്‍ മിക്കതും സൂപ്പര്‍ ഹിറ്റുകളായി ഇവിടെ തകര്‍ത്ത് ഓടിയവയാണ്. ‘തിരുവോണം’ ,’ജീവിതം ഒരു ഗാനം’, ‘ചന്ദ്രകാന്തം’ തുടങ്ങിയ സിനിമകളും എണ്‍പതുകള്‍ക്ക് ശേഷമുള്ള ‘അമ്മേ ഭഗവതി’, ‘ഗാനം’, ‘യുവജനോത്സവം’, ‘ബന്ധുക്കൾ ശത്രുക്കൾ’, എന്നീ ഹിറ്റ് സിനിമകളും ശ്രീകുമാരന്‍ തമ്പി രചിക്കുകയുണ്ടായി. ഗാന ശാഖയിലും, സിനിമ രചനയിലും ഒരു പോലെ വൈദഗ്ധ്യം ഉണ്ടായിരുന്ന ശ്രീകുമാരന്‍ തമ്പി മികച്ച ഒരു സംവിധായകന്‍ കൂടിയായിരുന്നു. എല്ലാ മേഖലയിലും സാന്നിദ്ധ്യം അറിയിച്ച ശ്രീകുമാരന്‍ തമ്പി മലയാള സിനിമയിലെ സകലകലാവല്ലഭന്‍ എന്ന വിശേഷണത്തിന് തീര്‍ത്തും അര്‍ഹനാണ്.
ഒരുപിടി നല്ല ഈണങ്ങളിലൂടെ നല്ല വരികള്‍ ചേര്‍ത്തു വെച്ചിട്ട് നമ്മെ വിട്ടു പിരിഞ്ഞു പോയ ഗിരീഷ് പുത്തഞ്ചേരിയും തിരക്കഥാ രചനയില്‍ തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ‘പല്ലാവൂര്‍ ദേവാനാരായണന്‍ ‘ എന്ന സിനിമ ബോക്സ്‌ഓഫീസ് വിജയം നേടിയില്ലയെങ്കിലും മോഹന്‍ലാലിനെ നായകനാക്കി എഴുതിയ വടക്കും നാഥന്‍ സൂപ്പര്‍ ഹിറ്റ് വിജയം നേടുകയുണ്ടായി. എല്ലാത്തരം പ്രേക്ഷകരുടെയും പ്രീതി നേടിയ ചിത്രമായിരുന്നു വടക്കും നാഥന്‍. വളരെ കാമ്പുള്ള ഒരു കഥാ വിവരണം സിനിമയില്‍ തെളിഞ്ഞപ്പോള്‍ ‘വടക്കും നാഥന്‍’ എന്ന ചലച്ചിത്രം മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത സിനിമ അനുഭവമായി മാറി.’കിന്നരിപ്പുഴയോരം’ എന്ന സിനിമയുടെ തിരക്കഥ രചിച്ചതും ഗിരീഷ് പുത്തഞ്ചേരിയാണ്. ഗാന രചനയില്‍ തന്നിലെ കഴിവ് ശ്രോതാക്കള്‍ക്കിടയില്‍ വലിയ തോതില്‍ ഉയര്‍ത്തി നിര്‍ത്തിയപ്പോഴും തിരക്കഥാ രചനയിലും ഭേദപ്പെട്ട അഭിപ്രായം നേടിയെടുക്കാന്‍ ഗിരീഷ് പുത്തഞ്ചേരിക്കായി. രാജാസേനന്‍ സംവിധാനം ചെയ്തു രഘുനാഥ് പലേരി എഴുതിയ ‘മേലേപറമ്പില്‍ ആണ്‍വീട്’ എന്ന വന്‍ ഹിറ്റ് ചിത്രത്തിന്‍റെ കഥ ഗിരീഷ് പുത്തഞ്ചേരിയുടേതാണ്.’കേരള ഹൗസ് ഉടന്‍ വില്‍പ്പനയ്ക്ക്’ എന്നീ സിനിമയുടെ കഥ രചിച്ചതും ഗിരീഷ് പുത്തഞ്ചേരിയാണ്.
ഗാനരചന രംഗത്ത് പ്രതിഭ അറിയിച്ച ഷിബു ചക്രവര്‍ത്തിയും സിനിമയുടെ തിരക്കഥാ മേഖലയില്‍ നല്ലൊരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. 1988-ല്‍ കമല്‍ സംവിധാനം ചെയ്ത ‘ഓര്‍ക്കാപ്പുറത്ത്’ വേറിട്ട ഒരു സിനിമ അനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് നല്‍കിയത്. അതിന്‍റെ തിരക്കഥ നിര്‍വ്വഹണം ഷിബു ചക്രവര്‍ത്തിയുടെതായിരുന്നു. പിന്നീട് ഡെന്നിസ് ജോസഫുമായി ചേര്‍ന്ന്
‘മനു അങ്കിള്‍’ എന്ന സിനിമയിലും ഷിബു ചക്രവര്‍ത്തി തൂലിക ചലിപ്പിച്ചു. കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും, ദേശീയ പുരസ്കാരവും ഈ ചിത്രം സ്വന്തമാക്കി. ഡെന്നിസ് ജോസഫ് തന്നെ സംവിധാനം ചെയ്ത ‘അഥര്‍വ്വം’ എന്ന സിനിമയുടെ തിരക്കഥാ രചനയും ഷിബു ചക്രവര്‍ത്തിയുടേതായിരുന്നു. ‘സാമ്രാജ്യം’, ‘അഭയം’, ‘ഏഴരകൂട്ടം’, ‘ചുരം’ തുടങ്ങിയ പ്രമുഖ സിനിമകളുടെ തിരക്കഥ എഴുതിയിരിക്കുന്നത് ഷിബു ചക്രവര്‍ത്തിയാണ്. ഗാന രചനയില്‍ വിസ്മയം വിരിക്കുമ്പോഴും ഷിബു ചക്രവര്‍ത്തി ഒരുപിടി നല്ല സിനിമകള്‍ മലയാളികളുടെ മനസ്സിലേക്ക് എഴുതി ചേര്‍ത്തു.
Leave a Comment