ചെന്നൈ: ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിനെന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ ഏറ്റവും പുതിയ ബ്ലോഗിലാണ് അദ്ദേഹം ഇങ്ങനെ ചോദിച്ചിരിക്കുന്നത്. സിയാച്ചിനില്‍ മരിച്ച മലയാളി ലാന്‍സ് നായിക് സുധീഷിനേക്കുറിച്ചും അദ്ദേഹത്തിന്റെ മകളെക്കുറിച്ചും ബ്ലോഗില്‍ പറയുന്നുണ്ട്.
തനിക്ക് പിറന്ന മകളെ ഒരിക്കല്‍പ്പോലും കാണാതെ സൈനികന്‍ മരിച്ച് മൃതദേഹനായി വന്നിരിക്കുന്നു. തന്റെ ജീവന്‍ ബലി നല്‍കി നിലനിര്‍ത്തുന്ന സ്വാതന്ത്ര്യത്തിലും സുരക്ഷയിലും ഇരുന്ന് നമ്മള്‍ പരിഹാസ്യരായി പകിട കളിക്കുകയാണ്. എന്താണ് രാജ്യസ്‌നേഹം എന്നതിനെക്കുറിച്ച് പറഞ്ഞ് വൃത്തികെട്ട രീതിയില്‍ തല്ലുകൂടുന്നുവെന്നും അദ്ദേഹം പറയുന്നു.
മകരമാസത്തില്‍ മഞ്ഞിറങ്ങിയാല്‍ പത്തുമണിവരെ കമ്പിളിയില്‍ സസുഖം കിടന്നുറങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ അപ്പോഴെല്ലാം അങ്ങ് മുകളില്‍ സ്വന്തം ഉടല്‍ മൂടിപ്പൊതിഞ്ഞ് കൃത്യമായി ഭക്ഷണം കഴിക്കാനോ നിത്യകര്‍മ്മങ്ങള്‍ ചെയ്യാനോ സാധിക്കാതെ ഭ്രാന്ത് പിടിപ്പിക്കുന്ന ഏകാന്തതയില്‍ ഹനുമന്തപ്പമാരും സുധീഷ്മാരും ഏകാഗ്രരായി നില്‍ക്കുന്നുണ്ട്. ഓരോ ദിവസങ്ങളിലും മരവിപ്പിന്റെ മലമുടികളിറങ്ങി വരുന്ന അവരുടെ മൃതദേഹങ്ങളില്‍ ചവിട്ടി നിന്നുകൊണ്ടാണ് നാം സ്വാതന്ത്ര്യത്തിന്റേയും ആവിഷ്‌ക്കാര സ്വാതന്ത്ര്യ ചര്‍ച്ചകളുടേയും നൃത്തമാടുന്നത്. ഈ മഹാപാപത്തിന് കാലം മാപ്പുതരുമോയെന്നും അദ്ദേഹം ചോദിക്കുന്നു.
തനിക്ക് ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളിലോ ബഹളങ്ങളിലോ താല്‍പ്പര്യമില്ല. മനോഭാവം മാത്രമേ അലട്ടുന്നുള്ളൂ. കുട്ടികളെ അയയ്‌ക്കേണ്ടത് സംസ്‌കാരത്തിന്റെ സര്‍വ്വകലാശാലകളിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments