
സംഗീത് കുന്നിന്മേല്‍
സാഹിത്യം, സിനിമ, സംഗീതം തുടങ്ങിയ മേഖലകളെ നെഞ്ചോടു ചേർത്തു പിടിക്കുന്ന ഏതൊരു മലയാളിയും ദുഖത്തോടെ മാത്രം ഓർക്കുന്ന വർഷങ്ങളുടെ കൂട്ടത്തിലാകും 2016ന്റെ സ്ഥാനം. രണ്ട് മാസങ്ങൾ പിന്നിടും മുമ്പേ മലയാളികൾ നെഞ്ചിലേറ്റിയ ആറ് പ്രതിഭകളെയാണ് ഈ വർഷത്തിൽ നമുക്ക് നഷ്ടമായത്. സിനിമാതാരം കൽപ്പന മുതൽ സാഹിത്യകാരൻ അക്ബർ കക്കട്ടിൽ വരെയുള്ളവർ ആ പട്ടികയിൽ ഉൾപ്പെടുന്നു.
തികച്ചും ആകസ്മികമായിരുന്നു കൽപ്പനയുടെ ദേഹവിയോഗം. ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹൈദരാബാദിൽ എത്തിയതായിരുന്നു കൽപ്പന. ബാലതാരമായി വന്ന് ഹാസ്യതാരമായി വളർന്ന് ക്യാരക്റ്റർ റോളുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അപൂർവ്വം ചില അഭിനേത്രികളിൽ ഒരാളായിരുന്നു കൽപ്പന. മലയാള സിനിമയിലെ ഹാസ്യരംഗം പുരുഷന്മാർ അടക്കി വാണിരുന്ന കാലത്താണ് ഡോക്ടർ പശുപതിയിലെ യു.ഡി.സിയും, ഇൻസ്പെക്ടർ ബൽറാമിലെ ദാക്ഷായണിയും, പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലെ പൊന്നമ്മയും,ഗാന്ധർവ്വത്തിലെ കൊട്ടാരക്കര കോമളവും, പൂച്ചയ്ക്കാര് മണികെട്ടും എന്ന ചിത്രത്തിലെ കാർത്തികയുമെല്ലാം തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയത്. ചാർലിയിലെ ക്വീൻ മേരിയായും, സ്പിരിറ്റിലെ പങ്കജമായും, ഇന്ത്യൻ രുപ്പിയിലെ മേരിയായും പകർന്നാട്ടം നടത്തിയതും അതേ കൽപ്പന തന്നെയാണ്. കേരളക്കരയെ മുഴുവൻ ഒരുപാട് കാലം കുടുകുടെ ചിരിപ്പിച്ച കൽപ്പന ജനവരി 25 ന് കണ്ണീർക്കടൽ തീർത്ത് യാത്രയായി.
പാടി മുഴുമിപ്പിക്കാത്ത ഒരു ഗാനം പോലെയാണ് ഷാൻ ജോൺസൺ ഈ ലോകത്തോട് വിട പറഞ്ഞത്. ഗായിക, ഗാനരചന, സംഗീതസംവിധാനം തുടങ്ങിയ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച് പിതാവായ ജോൺസൺ മാസ്റ്ററുടെ വഴിയേ ആയിരുന്നു മകളായ ഷാനിന്റെയും സഞ്ചാരം. പിതാവിനും, സഹോദരനായ റെനിനും പിറകെ ഷാനിനെയും മരണം കവർന്നെടുത്തപ്പോൾ അത് സംഗീതലോകത്തെയൊന്നടങ്കമാണ് ദുഖത്തിലാഴ്ത്തിയത്. എങ്കേയും എപ്പോതും, പ്രെയ്‌സ് ദ ലോര്‍ഡ്, പറവൈ, തിര എന്നീ ചിത്രങ്ങളില്‍ ഷാൻ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഹിസ് നെയിം ഈസ് ജോണ്‍ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും ഷാൻ തന്നെയാണ് നിര്‍വഹിച്ചത്. സഹോദരനായ റെനിന്റെ ഓർമ്മയ്ക്കായി ഷാൻ ആലപിച്ച ‘മനസ്സിൻ മടിയിലെ മാന്തളിരിൽ..’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരുന്നു. കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തുന്ന വേട്ടൈ എന്ന ചിത്രത്തിനു വേണ്ടി പാട്ടെഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് കുറച്ച് സമയത്തിനുള്ളിലായിരുന്നു ഷാനിനെ മരണം കവർന്നെടുത്തത്.
മലയാള സാഹിത്യ-സാംസ്കാരിക രംഗത്തെ സൂര്യതേജസ്സായിരുന്ന മഹാകവി ഒ.എൻ.വിയുടെ വേർപ്പാട് ലോകമെമ്പാടുമുള്ള മലയാള ഭാഷാസ്നേഹികളെ കണ്ണീർക്കടലിലാഴ്ത്താൻ പോന്നതായിരുന്നു. കവി, അധ്യാപകന്‍, പ്രഭാഷകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ഒരപൂർവ്വ പ്രതിഭയുടെ ആറ് പതിറ്റാണ്ട് നീണ്ടു നിന്ന സാഹിത്യ സപര്യയുടെ അന്ത്യം കൂടിയാണ് അദ്ദേഹത്തിന്റെ ദേഹവിയോഗത്തിലൂടെ സംഭവിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചനയില്‍ തത്പരനായിരുന്ന ഒ.എന്‍.വി പതിനഞ്ചാം വയസ്സിലാണ് തന്റെ ആദ്യ കവിതയായ ‘മുന്നോട്ട് ‘എഴുതുന്നത്. മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി, ആരെയും ഭാവ ഗായകനാക്കും, ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ, ഒരു ദലം മാത്രം വിടര്‍ന്നൊരു, ശ്യാമസുന്ദരപുഷ്പമേ, സാഗരങ്ങളേ, നീരാടുവാന്‍ നിളയില്‍, ശരദിന്ദുമലര്‍ദീപ നാളം, ഓര്‍മകളേ കൈവള ചാര്‍ത്തി, അരികില്‍ നീയുണ്ടായിരുന്നെങ്കില്‍, വാതില്‍പഴുതിലൂടെന്‍ മുന്നില്‍ എന്നിങ്ങനെ എത്രയോ മധുരസുന്ദരമായ ചലച്ചിത്രഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ പിറവി കൊണ്ടിട്ടുണ്ട്. ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം,മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, മയില്‍പ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, ഉജ്ജയിനി, മരുഭൂമി, നാലുമണിപ്പൂക്കള്‍, ഞാന്‍ അഗ്‌നി, അരിവാളും രാക്കുയിലും, അഗ്‌നിശലഭങ്ങള്‍,സ്വയംവരം, പാഥേയം, അര്‍ദ്ധവിരാമകള്‍, ദിനാന്തം, സൂര്യന്റെ മരണം തുടങ്ങി മലയാളിയുടെ മനസ്സിൽ എന്നെന്നും നിറഞ്ഞു നിൽക്കുന്ന ഒട്ടനവധി കവിതകളും ബാക്കി വെച്ചാണ് അദ്ദേഹം യാത്രയായത്.
ഛായാഗ്രഹണം എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെയെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു പേരാണ് ആനന്ദക്കുട്ടൻ എന്നത്. മലയാള സിനിമയുമായി അത്രയേറെ ബന്ധപ്പെട്ട് കിടക്കുന്നു അദ്ദേഹത്തിനെ പേര്. മലയാളത്തിൽ എറ്റവുമധികം ഹിറ്റ് സിനിമകൾക്ക് ദൃശ്യഭാഷയൊരുക്കിയത് അദ്ദേഹമാണ്. നാല് പതിറ്റാണ്ടോളം നീണ്ട തന്റെ സിനിമാ ജീവിതത്തിൽ മുന്നോറോളം സിനിമകൾക്ക് വേണ്ടി അദ്ദേഹം ക്യാമറക്കാഴ്ചകൾ ഒപ്പിയെടുക്കുകയുണ്ടായി. കമലദളം, മേലേപ്പറമ്പിൽ ആൺവീട്, ആകാശദൂത്, മണിച്ചിത്രത്താഴ്, മാന്നാർ മത്തായി സ്പീക്കിങ്, അനിയൻ ബാവ ചേചേട്ടൻ ബാവ, അനിയത്തിപ്രാവ്, പഞ്ചാബി ഹൗസ്, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ, കാര്യം നിസാരം, അപ്പുണ്ണി, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അഥർവം, നമ്പർ 20 മദ്രാസ് മെയിൽ, സദയം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നിങ്ങനെ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളുടെ പട്ടിക നീളുന്നു. അദ്ദേഹവും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
തൊണ്ണൂറുകളിലാണ് മലയാള സിനിമ പശ്ചാത്തല സംഗീതത്തെ കാര്യമായി ശ്രദ്ധിച്ച് തുടങ്ങിയത്. ചടുലവും, ശാന്തവുമായ പശ്ചാത്തല സംഗീതങ്ങൾ സിനിമയുടെ വിജയത്തെ പോലും സ്വാധീനിക്കുന്ന അവസ്ഥയിലേക്ക് മാറ്റിയെടുത്ത സംഗീതജ്ഞനായിരുന്നു രാജാമണി. സംഗീത സംവിധാനത്തിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.പത്ത് ഭാഷകളിലായി അദ്ദേഹം നൂറുകണക്കിന് ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കി. കിങ്ങ്, കമ്മീഷണർ,ലാൽ സലാം, രാവണപ്രഭു, ചിന്താമണി കൊലക്കേസ്, വല്യേട്ടൻ, ആറാം തമ്പുരാൻ, നരസിംഹം തുടങ്ങിയ സിനിമകളിലെല്ലാം രാജാമണിയുടെ മാസ്മരിക സംഗീതാസ്പർശമേറ്റവയാണ്. കഥാപാത്രത്തിന്റെ പ്രകടനത്തിന് പിൻബലമേകാൻ പശ്ചാത്തല സംഗീതത്തിനാവുമെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇനിയൊരു സിനിമയ്ക്ക് സംഗീതം പകരാൻ കാത്തു നിൽക്കാതെ രാജാമണിയും യാത്രയായി.
ഒടുവിലത്തെ നഷ്ടം സാഹിത്യലോകത്ത് നിന്നാണ്. ലളിതസുന്ദരങ്ങളായ കഥകളിലൂടെ വായനക്കാരുടെ മനം കവർന്ന എഴുത്തുകാരനും യാത്രയായിരിക്കുന്നു. കഥകൾക്ക് പുറമേ നോവൽ, ഉപന്യാസം, നിരൂപണം, നാടകം, ബാലപംക്തി എന്നിങ്ങനെ സാഹിത്യത്തിന്റെ മറ്റു മേഖലകളിലും പ്രാവീണ്യം തെളിയിച്ച പ്രതിഭാശാലിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേർപ്പാട് മലയാളസാഹിത്യ ശാഖയ്ക്ക് തീരാനഷ്ടമാണെന്ന കാര്യത്തിൽ തർക്കമില്ല. ഇനിയുമൊരു ദുരന്ത വാർത്ത മലയാളിയെ തെടിയെത്താതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
Post Your Comments