മലയാള സാഹിത്യസാംസ്‌കാരിക രംഗത്തെ സൂര്യതേജസ്സായിരുന്ന മഹാകവി യാത്രയായി. കവി, അധ്യാപകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ഒരപൂര്‍വ്വ പ്രതിഭയുടെ ആറ് പതിറ്റാണ്ട് നീണ്ടു നിന്ന സാഹിത്യ സപര്യയുടെ അന്ത്യം കൂടിയാണിത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചനയില്‍ തത്പരനായിരുന്ന ഒ.എന്‍.വി പതിനഞ്ചാം വയസ്സിലാണ് തന്റെ ആദ്യ കവിതയായ ‘മുന്നോട്ട് ‘എഴുതുന്നത് 1949ല്‍ പുറത്തിറങ്ങിയ ‘പൊരുതുന്ന സൗന്ദര്യം’ ആണ് ആദ്യത്തെ കവിതാ സമാഹാരം.
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി, ആരെയും ഭാവ ഗായകനാക്കും, ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ, ഒരു ദലം മാത്രം വിടര്‍ന്നൊരു, ശ്യാമസുന്ദരപുഷ്പമേ, സാഗരങ്ങളേ, നീരാടുവാന്‍ നിളയില്‍, ശരബിന്ദുമലര്‍ദീപ നാളം, ഓര്‍മകളേ കൈവള ചാര്‍ത്തി, അരികില്‍ നീയുണ്ടായിരുന്നെങ്കില്‍, വാതില്‍പഴുതിലൂടെന്‍ മുന്നില്‍ എന്നിങ്ങനെ എത്രയോ മധുരസുന്ദരമായ ചലച്ചിത്രഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ പിറവി കൊണ്ടിട്ടുണ്ട്. ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം,മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, മയില്‍പ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, ഉജ്ജയിനി, മരുഭൂമി, നാലുമണിപ്പൂക്കള്‍, ഞാന്‍ അഗ്‌നി, അരിവാളും രാക്കുയിലും, അഗ്‌നിശലഭങ്ങള്‍,സ്വയംവരം, പാഥേയം, അര്‍ദ്ധവിരാമകള്‍, ദിനാന്തം, സൂര്യന്റെ മരണം തുടങ്ങി മലയാളിയുടെ മനസ്സില്‍ എന്നെന്നും നിറഞ്ഞു നില്‍ക്കുന്ന ഒട്ടനവധി കവിതകളും ബാക്കി വെച്ചാണ് അദ്ദേഹം യാത്രയാവുന്നത്.
1931 മേയ് 27ന് കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്‌ളാക്കല്‍ വീട്ടിലാണ് അദ്ദേഹം ജനിച്ചത്. കെ ലക്ഷ്മിക്കുട്ടിയും ഒ എന്‍ കൃഷ്ണകുറുപ്പുമായിരുന്നു മാതാപിതാക്കള്‍. ഒറ്റപ്‌ളാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പാണ് പിന്നീട് മലയാളിക്ക് പ്രിയങ്കരനായി മാറിയ ഒ.എന്‍.വി ആയിത്തീര്‍ന്നത്. ധനതത്വശാസ്ത്രത്തില്‍ ബി.എ.ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഒ.എന്‍.വി മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായാണ് തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. യൂനിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം, ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കോഴിക്കോട്, ഗവ. ബ്രണ്ണന്‍ കോളജ് തലശ്ശേരി, ഗവ. വിമന്‍സ് കോളജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ അദ്ദേഹം അദ്ധ്യാപകവൃത്തി അനുഷ്ഠിച്ചു. 1986 മേയ് 31ന് അധ്യാപക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും ഒരു വര്‍ഷക്കാലം കാലിക്കറ്റ് സര്‍വകലാശലയില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു അദ്ദേഹം. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി രാജ്യം അദ്ദേഹത്തെ ജ്ഞാനപീഠം പുരസ്‌കാരം നല്‍കി ആദരിക്കുകയുണ്ടായി. പത്മശ്രീ (1998), പത്മവിഭൂഷണ്‍ (2011), എഴുത്തച്ചന്‍ പുരസ്‌ക്കാരം (2007) തുടങ്ങിയ ബഹുമതികകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പതിമൂന്ന് തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലചിത്ര പുരസ്‌ക്കാരവും 1989 ല്‍ വൈശാലി എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌ക്കാരവും അദ്ദേഹം കരസ്ഥമാക്കി.
Post Your Comments