Film Articles

സൗഹൃദത്തിന്‍റെ ഊഷ്മളതയില്‍ പിറവിയെടുത്ത മലയാള സിനിമയിലെ ഒരുപിടി അനശ്വര ഗാനങ്ങള്‍

പ്രവീണ്‍ പി നായര്‍
നല്ല വരികളില്‍ നല്ല സംഗീതം വിതറപ്പെടുമ്പോള്‍ ഇവിടെ അനശ്വര ഗാനങ്ങള്‍ പിറവി എടുക്കും. നല്ല കൂട്ടുകെട്ടുകളാണ് ശ്രുതി മധുരമാകുന്ന അനശ്വര ഗാനങ്ങളുടെ ഭംഗി. പാട്ട് എഴുത്തുക്കാരും,സംഗീതം ചെയ്യുന്നവരും തമ്മിലുള്ള രസതന്ത്രമാണ് പാട്ടിലേക്കുള്ള ശ്രോതാക്കളുടെ സ്വീകാര്യത വളര്‍ത്തുന്നത്.

മലയാളത്തില്‍ അങ്ങനെ നിരവധി കൂട്ടുക്കെട്ടുകളുണ്ട്. വയലാര്‍ -ദേവരാജന്‍ ടീമിന്‍റെ ഗാനങ്ങളുടെ പൂര്‍ണത മനസ്സിനെ പിടിച്ചു ഉലക്കുന്നതാണ്. ഇവര്‍ ചെയ്ത ഒരൊറ്റ ഗാനം പോലും ചുണ്ടില്‍ മൂളാത്തവരായി ആരുമുണ്ടാവില്ല. എണ്ണി എടുക്കാന്‍ കഴിയാത്തത്ര അനശ്വര ഗാനങ്ങള്‍ മലയാളത്തിനു സമ്മാനിച്ച അതുല്യ പ്രതിഭകള്‍. ‘സംഗമം സംഗമം ത്രിവേണി സംഗമം’, ‘ആയിരം പാദസ്വരങ്ങള്‍ കിലുങ്ങി ആലുവാ പുഴ പിന്നെയും ഒഴുകി’. ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’. അങ്ങനെ എത്രയോ എത്രയോ ഗാനങ്ങള്‍. ഇതിലെല്ലാം ഗാന ഗന്ധര്‍വന്‍റെ സ്വര സാന്നിദ്ധ്യം കൂടി കടന്നു വരുമ്പോള്‍ ഭംഗി പതിന്മടങ്ങാണ്. ഇതില്‍ നിന്നും ഏറ്റവും പ്രിയപ്പെട്ട ഒരെണ്ണം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ അതില്‍പരം ഒരു ശിക്ഷ വേറെയില്ല. കാരണം അത്രയ്ക്ക് സാധ്യമാകാത്ത കാര്യമാണത്. മാനസിക ഉല്ലാസത്തിന് നിറം പകരാനും, വേദനകളില്‍ ഹൃദയം വിങ്ങുമ്പോഴുമൊക്കെ ചെവി കൊടുക്കാന്‍ കഴിയുന്ന എത്രയോ നല്ല ഈണങ്ങള്‍ സമ്മാനിച്ച ഈ അനശ്വര സംഗീത പ്രതിഭകള്‍ക്ക് മുന്നില്‍ കൈ തൊഴുന്നു.

കൂട്ടുകെട്ടുകളിലൂടെ പിന്നെയും സംഗീതം ഒഴുകി പി.ഭാസ്കരനും- ദക്ഷിണാമൂര്‍ത്തിയും,പി ഭാസ്കരനും-എം.എസ് ബാബുരാജും,പി ഭാസ്കരനും-കെ.രാഘവനും ചേര്‍ന്നുള്ള കൂട്ടുക്കെട്ടുകളില്‍ അനശ്വര ഗാനങ്ങളുടെ തെരോട്ടമായിരുന്നു.

പി ഭാസ്കരനും-കെ.രാഘവനും ചേര്‍ന്നുള്ള ‘എല്ലാരും ചൊല്ലാണ് എല്ലാരും ചൊല്ലാണ്’എന്ന ഗാനത്തിന്‍റെ വിസ്മയ ചേരുവ ശ്രോതക്കളില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. പിന്നെയും എത്രയോ എത്രയോ ഗാനങ്ങള്‍. നായര് പിടിച്ച പുലിവാലില്‍ കേട്ട രസകരമായ ഗാനവുമൊക്കെ ഇവരുടെ കൂട്ടുക്കെട്ടുകളില്‍ പിറവിയെടുത്തതാണ്. പി ഭാസ്കരന്‍-ദക്ഷിണാമൂര്‍ത്തി കൂട്ടുക്കെട്ടില്‍ പിറന്ന ഏറ്റവും ഇമ്പമുള്ള ഗാനങ്ങളില്‍ ഒന്നായിരുന്നു അരക്കള്ളന്‍ മുക്കാകള്ളനിലെ ‘മുല്ലപ്പൂം പല്ലിലോ മുക്കൂത്തി കവിളിലോ’ എന്ന് തുടങ്ങുന്ന എത്ര കേട്ടാലും മതിവരാത്ത മനോഹര ഗാനം. ഇനിയും ഒരായിരം ആവര്‍ത്തി കേള്‍ക്കാന്‍ തോന്നുന്ന ഈണങ്ങളാണ് മലയാള സിനിമ ശാഖയിലേക്ക് ഇവര്‍ ഇരുവരും ചേര്‍ത്തിട്ടുള്ളത്. പി ഭാസ്കരനും-കെ രാഘവനും ചേര്‍ന്നും മികച്ച നല്ല ഗാനങ്ങള്‍ ശ്രോതാക്കള്‍ക്ക് നല്‍കി.

ശ്രീകുമാരന്‍ തമ്പിയും -എം.കെ അര്‍ജുനന്‍ മാഷും ചേര്‍ന്ന മനോഹര കൂട്ടുക്കെട്ട് മികച്ച ഗാനങ്ങളാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ശ്രവണ സുന്ദരമായിരുന്ന ഒരു പിടി ഗാനങ്ങളില്‍ ഇവര്‍ ഒരുമിച്ചു.
‘ചെട്ടി കുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടക്കുമ്പോള്‍’, ‘പൂവിനു കോപം വന്നാല്‍ മുള്ളായി മാറുമോ തങ്കമണി’ ഇത്തരത്തിലെ വേഗമുള്ള പാട്ടുകളും, ‘തിരുവോണ പുലരിതന്‍ തിരുമുല്‍ കാഴ്ച കാണാന്‍ ‘എന്ന നല്ല മെലഡികളും മലയാള സിനിമയ്ക്ക് ഒരേ പോലെ സംഭാവന നല്‍കിയവരാണിവര്‍. ഈ പാട്ടുകളില്‍ എല്ലാം തന്നെ കേട്ടാലും കേട്ടാലും ജീവന്‍ തുടിക്കുന്ന മനോഹാരിതയുണ്ട്. 70-കള്‍ക്ക് ശേഷം ഇവര്‍ ഒരുമിച്ച ഒരുപാടു ഹിറ്റ് ഗാനങ്ങള്‍ മലയാളിക്ക് വലിയ അളവില്‍ ആനന്ദം പകരന്നിട്ടുണ്ട്.

80-കള്‍ക്ക് ശേഷം ഔസേപ്പച്ചനും-ഷിബു ചക്രവര്‍ത്തിയും ചേര്‍ന്ന് നല്ല വരികളുടെയും,ഈണങ്ങളുടെയും ശുദ്ധത വരച്ചു ചേര്‍ത്തു.
വന്ദനത്തിലെ അന്തിപൊന്‍വെട്ടവും, മുകുന്തേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമയിലെ നൊസ്റ്റാള്‍ജിക് ഈണവുമായ ‘ഓര്‍മ്മകള്‍ ഓടി കളിക്കുവാന്‍ എത്തുന്ന മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍’ എന്ന് തുടങ്ങുന്ന ഗാനവുമൊക്കെ മലയാളികളുടെ ചുണ്ടില്‍ നിന്നും മായത്തതാണ്. വരികളെയും, സംഗീതത്തെയും അതിന്‍റെ പൂര്‍ണ തലത്തില്‍ എത്തിക്കുന്നതില്‍ ഔസേപ്പച്ചനും-ഷിബു ചക്രവര്‍ത്തിയും വളരെ തെളിമയോടെ തന്നെ വിജയിച്ചിട്ടുണ്ട്.

വല്ലാത്തൊരു വൈകാരിക തലം പാട്ടുകളില്‍ നിറച്ചു വെച്ച കൂട്ട്കെട്ടായിരുന്നു കൈതപ്രം-ജോണ്‍സണ്‍ കൂട്ടുക്കെട്ട്. കിരീടത്തിലെയൊക്കെ ഗാനം തീവ്രമായി തന്നെ ഉള്ളില്‍ ഉരുകി പിടിക്കുന്നതാണ്. ‘മഴവില്‍ കാവടി’ എന്ന സിനിമയിലെ ഗാനങ്ങളില്‍ ഇത്ര നിഷ്കളങ്കത വിളിച്ചോതുന്ന വരികളും സംഗീതവും ചേര്‍ത്തു വെച്ചതും ഇവര്‍ ഇരുവരുമാണ്. അങ്ങനെ എത്രയോ ഈണങ്ങളും, വരികളും ‘ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം’, ‘വെള്ളാര പൂമല മേലേ പൊന് കിണ്ണം വീശി വീശി’. ഇതൊക്കെ ഇവയില്‍ ചിലത് മാത്രം ഇവയൊക്കെ ഹൃദയം തുറന്നു ഇന്നും ഉള്ളിലേക്ക് പ്രവേശിക്കുകയാണ്.

രവീന്ദ്രനും കൈതപ്രവും ചേര്‍ന്ന കൂട്ടുകെട്ടിലും നല്ല ഗാനങ്ങളുടെ പെരുമഴയായിരുന്നു. അമരത്തിലെ ‘അഴകേ’ എന്ന് തുടങ്ങുന്ന ഗാനമൊക്കെ മനസ്സില്‍ കയറി കുടിയിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ എത്ര പിന്നിട്ടിരിക്കുന്നു. ‘ഭരതം’, ‘വിഷ്ണുലോകം’, അങ്ങനെ എണ്ണം പറഞ്ഞ എത്രയോ സിനിമകളിലെ ഗാനങ്ങള്‍ക്ക് വേണ്ടി ഇവര്‍ ഇരുവരും കൈ കോര്‍ത്തിരിക്കുന്നു.

90-കള്‍ക്ക് ശേഷം മികച്ച വരികളും സംഗീതവും ചേര്‍ത്തിരുന്നത് ഗിരീഷ്‌ പുത്തഞ്ചേരിയും-വിദ്യാസാഗറുമാണ്. എല്ലാത്തരം ശ്രോതാക്കളുടെയും സ്വീകാര്യത വലിയ തോതില്‍ വളര്‍ത്തിയ കൂട്ട്കെട്ടായിരുന്നു ഇത് . ‘ആരോ വിരല്‍ മീട്ടി’ എന്ന ഗാനം പോലെ മധുരമൂറുന്ന ഇവരുടെ ഒരു കൂട്ടം നല്ല ഗാനങ്ങള്‍ക്ക് മുന്നില്‍ ആരും അറിയാതെ ചെവി കൊടുത്തു പോകും.

shortlink

Related Articles

Post Your Comments


Back to top button