സംഗീത് കുന്നിന്മേല്‍
അടുത്ത കാലത്തായി ഭരണഘടനയെ വെല്ലുവിളിക്കുന്നതും ജനങ്ങൾ നിയമം കയ്യിലെടുക്കുന്നതുമായ ചിത്രങ്ങളോട് ആളുകൾക്ക് ഒരിഷ്ടക്കൂടുത്തലുണ്ടെന്ന് തോന്നുന്നു. 22 ഫീമെയിൽ കോട്ടയം, ദൃശ്യം, അമർ അക്ബർ ആന്റണി എന്നിങ്ങനെ ഒരുപാടുദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ‘പുതിയ നിയമ’വും ആ ചിത്രങ്ങളുടെ ശ്രേണിയിൽ ഉൾപ്പെടുത്താം. ഒരു ഗംഭീര സിനിമ എന്ന് അവകാശപ്പെടാനാവില്ലെങ്കിലും ചിരിയും ചിന്തയും സമ്മാനിച്ച ആദ്യ പകുതിയും, ഉദ്വേഗം നിറഞ്ഞ രണ്ടാം പകുതിയും മികച്ച ക്ലൈമാക്സുമെല്ലാം കൂടിച്ചേരുമ്പോൾ ചിത്രം പ്രേക്ഷകരെ നിരാശരാക്കുന്നില്ല.
ചാനലിലെ സിനിമാ നിരൂപകൻ, അഭിഭാഷകൻ (ഭാര്യ അദ്ദേഹത്തെ വിളിക്കുന്നത് ഡൈവോഴ്സ് വക്കീൽ എന്നാണ് ), ചാനൽ ചർച്ചകളിലെ ക്ഷണിതാവ് എന്നിങ്ങനെ പല കർമ്മമേഖലകളിലും വ്യാപൃതനായിരിക്കുന്ന ലൂയിസ് പോത്തൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലൂയിസ് പോത്തനും ഭാര്യയായ വാസുകി അയ്യരും (നയൻതാര) മകളായ ചിന്തയോടോത്ത് (ബേബി അനന്യ) നഗരത്തിലെ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. അതുവരെ സന്തോഷജീവിതം നയിച്ചിരുന്ന വാസുകിക്ക് പെട്ടന്നുണ്ടാകുന്ന സ്വഭാവമാറ്റത്തിന്റെ കാരണമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ക്രൂരമായ തെറ്റുകൾ ചെയ്തവർ പോലും ഒരു ശിക്ഷയുമേറ്റുവാങ്ങാതെ നടക്കുമ്പോൾ നിലവിലുള്ള നിയമ വ്യവസ്ഥയ്ക്ക് അവരെ വിട്ടു കൊടുക്കാതെ ‘പുതിയ നിയമം’ നടപ്പിലാക്കേണ്ട അവസ്ഥയിൽ എത്തിച്ചേരുകയാണ് സമൂഹം. സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ തന്നെയാണ് ചിത്രം ചർച്ച ചെയ്യുന്നത്.
‘നയനമനോഹര താരങ്ങൾ’
ഇത് ഒരു നായികാ പ്രാധാന്യമുള്ള ചിത്രമാണെന്ന് പറയേണ്ടിയിരിക്കുന്നു. മികച്ച പ്രകടനമാണ് ചിത്രത്തിൽ നയൻതാര കാഴ്ച വെച്ചത്. മമ്മൂട്ടി എന്ന അഭിനയ പ്രതിഭയെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ റോൾ അല്ലായിരുന്നു ചിത്രത്തിലേത്. എങ്കിലും അദ്ദേഹം തന്റെ റോൾ ഭംഗിയായി അവതരിപ്പിച്ചു. ഡൈവോഴ്സ് കേസുമായി തന്നെ കാണാൻ വരുന്നവരോടെല്ലാം പുട്ടിനു പീരയെന്നവണ്ണം ലൂയിസ് പോത്തൻ പഞ്ച് ഡയലോഗുകളും സാരോപദേശങ്ങളും പറയുന്നുണ്ട്. അത് അരോചകമായിരുന്നു എന്ന് പറയാതെ വയ്യ. കൂടാതെ നായകൻ ഓരോ തവണ ഡയലോഗ് പറയുമ്പോഴും തമിഴ് സിനിമകളെ അനുസ്മരിപ്പിക്കും വിധം മുഴങ്ങിക്കേട്ട കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഒഴിവാക്കാമായിരുന്നു. ലൂയിസ് പോത്തൻ ചാനലിൽ അവതരിപ്പിക്കുന്ന ‘കത്രിക’ എന്ന സിനിമാ നിരൂപണ പരിപാടിയിലൂടെ ന്യൂ ജനറേഷൻ സിനിമകളെയും, സിനിമാ നിരൂപകരെയുമെല്ലാം കണക്കിന് പരിഹസിക്കുന്നുണ്ട്. ഷീലു എബ്രഹാം അവതരിപ്പിച്ച പോലീസ് വേഷവും, രചന നാരായണൻകുട്ടിയുടെ ചാനൽ റിപ്പോർട്ടറുടെ വേഷവും അസഹനീയമായിത്തോന്നി. എസ്.എൻ.സ്വാമി, അജു വർഗീസ്, കോട്ടയം പ്രദീപ് തുടങ്ങിയവരും ചെറിയ വേഷങ്ങളിൽ എത്തുന്നുണ്ട്.
‘ഒഴിവാക്കാമായിരുന്ന ചില പോരായ്മകൾ’
22 ഫീമെയിൽ കോട്ടയം എന്ന സിനിമയുടെ കഥാതന്തുവുമായി ചിത്രത്തിനുള്ള സാമ്യത്തെക്കുറിച്ച് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ടിയാവണം ആ ചിത്രവും ‘പുതിയ നിയമ’ത്തിൽ പരാമർശവിധേയമാക്കിയത്. പല സീനുകളും സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് ഒട്ടേറെ ചോദ്യങ്ങൾ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഒരു പക്ഷേ കഥയുടെ ഒഴുക്കിനു വേണ്ടി സാങ്കേതിക വിദ്യയ്ക്കുണ്ടായ വളർച്ചയെ തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ.സാജൻ കണ്ടില്ലെന്ന് നടിച്ചതാവണം. ക്ലൈമാക്സിലെ സസ്പെൻസ് മികച്ചതായിരുന്നുവെങ്കിലും ആ സസ്പെൻസിനെ സാധൂകരിക്കാൻ വേണ്ടി നൽകിയ നീണ്ട വിശദീകരണങ്ങൾ പ്രേക്ഷകരുടെ ബൗദ്ധികനിലവാരത്തെ പരിഹസിക്കുന്നതായിരുന്നു. സസ്പെൻസ് എന്താണെന്ന് അറിയുന്നതോടു കൂടി ചിത്രം അവസാനിച്ചിരുന്നുവെങ്കിൽ ചിത്രത്തിന്റെ ഭംഗി ഇനിയും വർദ്ധിച്ചേനെ. തന്റെ ആദ്യകാല ചിത്രങ്ങളെ അപേക്ഷിച്ച് എ.കെ.സാജനിലെ സംവിധായകൻ വളർന്നിട്ടുണ്ടെങ്കിലും സംവിധാനത്തിലെ പോരായ്മകൾ ചിത്രത്തിന്റെ ഒഴുക്കിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.
‘വിനു തോമസിന്റെ പാട്ടുകളും, റോബി വർഗ്ഗീസിന്റെ ക്യാമറക്കാഴ്ചകളും’
വിനു തോമസ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ടൈറ്റിൽ സോങ്ങ് മികച്ചതായിരുന്നു. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം പ്രതീക്ഷയ്ക്കൊത്തുയർന്നില്ല എന്നു മാത്രമല്ല പലയിടങ്ങളിലും കല്ലുകടിയായിത്തീരുകയും ചെയ്തു.ക്യാമറക്കാഴ്ചകൾ പകർത്തിയ റോബി വർഗ്ഗീസ് ജോർജ്ജ് അഭിനന്ദനം അർഹിക്കുന്നു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത് എന്ന തോന്നൽ ഉണ്ടായതേയില്ല. വിവേക് ഹർഷന്റെ എഡിറ്റിംഗ് ശരാശരി നിലവാരം കാത്തുസൂക്ഷിച്ചു. ചിത്രത്തിലുടനീളം കഥകളിയെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നതും കാണാം. വി.ജി.ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച ചിത്രം പ്രദർശനത്തിനെത്തിച്ചത് അബാം മൂവീസ് ആണ്.
തനിക്ക് എറ്റവും വലുത് സ്വന്തം കുടുംബമാണെന്നും ഭരണഘടന പോലും അതിനു ശേഷമേ ഉള്ളൂ എന്നും അഭിഭാഷകനായ നായകൻ ഒരു ഘട്ടത്തിൽ പ്രസ്താവിക്കുന്നുണ്ട്. അത് കുടുംബത്തോടുള്ള ഇഷ്ടക്കൂടുതലായോ നിയമസംഹിതയോടുള്ള വെല്ലുവിളിയായോ കണക്കാക്കാം.സമീപകാലത്ത് വാർത്താപ്രാധാന്യം നേടിയ പല കേസുകളിലെയും പ്രതികളെ നിയമവ്യവസ്ഥയ്ക്ക് വിട്ടുകൊടുക്കാതെ ജനകീയ കോടതിയിൽ ശിക്ഷിക്കണം എന്ന അഭിപ്രായം സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലൂടെയും മറ്റും പലരും ഉയർത്തിയിരുന്നു. വലിയൊരു വിഭാഗം ആളുകളുടെയും മനസ്സിലുള്ള ഈയൊരു വികാരം തന്നെയാണ് ഈ ചിത്രത്തിന്റെയും കാതൽ.
Post Your Comments