സംഗീത് കുന്നിന്മേല്‍
1988-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായിരുന്നു ധ്വനി. ഒട്ടേറെ സവിശേഷതകളാൽ സമ്പന്നമായിരുന്നു ജയറാമിനെ നായകനാക്കി എ.ടി.അബു സംവിധാനം ചെയ്ത ഈ ചിത്രം.
ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും സംസ്കൃതത്തിലെഴുതിയ ഒരു ചലച്ചിത്രഗാനം പിറവി കൊള്ളുന്നത് ഈ ചിത്രത്തിലൂടെയാണ്. യൂസഫലി കേച്ചേരി ആയിരുന്നു ‘ജാനകീ ജാനേ…’ എന്നു തുടങ്ങുന്ന ഈ ഗാനത്തിന്റെ രചയിതാവ്. നൗഷാദ് ഈണം നൽകിയ ഗാനം ഗാനഗന്ധർവ്വൻ യേശുദാസാണ് ആലപിച്ചത്. റിലീസ് ചെയ്യാതെ പോയ ഒരു ഹിന്ദി ചിത്രമായിരുന്നു ഹബ്ബ ഖാത്തൂൻ. ഈ ചിത്രത്തിനു വേണ്ടി നൗഷാദ് തയ്യാറാക്കിയ സംഗീതം ‘ധ്വനി’യിലും ഉപയോഗിക്കുകയായിരുന്നു.
നിത്യഹരിത നായകനായ പ്രേം നസീറിന്റെ അവസാന ചിത്രം കൂടിയായിരുന്നു ഇത്. രാജശേഖരൻ നായർ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ഈ സിനിമയിൽ അവതരിപ്പിച്ചത്. ഈ ചിത്രത്തിൽ ശോഭന അവതരിപ്പിച്ച ദേവി എന്ന കഥാപാത്രത്തിന്റെ അച്ഛനായാണ് അദ്ദേഹം വേഷമിട്ടത്. ‘മരുന്നും വേണ്ട, മന്ത്രവും വേണ്ട, ഒന്നു മരിച്ചു കിട്ടിയാൽ മതി’ എന്നൊരു ഡയലോഗ് അദ്ദേഹം ഈ ചിത്രത്തിൽ പറയുന്നുണ്ട്. അത് അദ്ദേഹത്തിന്റെ ഒടുവിലത്തെ ഡയലോഗായാണ് കണക്കാക്കുന്നത്. വൈക്കം മുഹമ്മദ് ബഷീർ അഭിനയിച്ച ചലച്ചിത്രം എന്ന ഖ്യാതിയും ഈ സിനിമയ്ക്ക് സ്വന്തമാണ്. ബഷീർ ആയിത്തന്നെയാണ് അദ്ദേഹം ഈ ചിത്രത്തിൽ വേഷമിട്ടത്.
മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ അംജത് അലി എന്ന പതിനൊന്നു വയസ്സുകാരനാണ് ഈ ചിത്രം നിർമ്മിച്ചത്. മന്ത്രിയായ മഞ്ഞളാം കുഴി അലിയുടെ മകനായ അംജത് അലി തന്റെ മുപ്പത്തിയേഴാം വയസ്സിൽ നിര്യാതനായി.
Post Your Comments