Uncategorized

വി. സാംബശിവന്റെ ‘അനീസ്യ’ സിനിമയാകുന്നു

അനശ്വരനായ കാഥികന്‍ വി. സാംബശിവന്റെ പ്രസിദ്ധമായ ‘അനീസ്യ’ എന്ന കഥാപ്രസംഗം സിനിമയാകുന്നു. ശ്രീപത്മം പ്രൊഡക്ഷന്‍സിനുവേണ്ടി തോട്ടയ്ക്കാട് ശശി നിര്‍മ്മിക്കുന്ന ഈ ചിത്രം അര്‍ജ്ജുന്‍ ബിനു സംവിധാനം ചെയ്യുന്നു. വര്‍ക്കലയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമികുന്ന ഈ ചിത്രത്തില്‍, ജഗദീഷ്, ഗോപകുമാര്‍, ബിജുക്കുട്ടന്‍, ടി. എസ്. രാജു, സൗമ്യ, ശരത്ചന്ദ്രന്‍, ശ്രീയാരമേശ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

‘അനീസ്യ’ മനസ്സിനെ നൊമ്പരപ്പെടുത്തിയ ഒരു പ്രണയ കഥയാണ്. അത് സിനിമയാക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. അതിപ്പോള്‍ സാധിച്ചിരിക്കുന്നു സംവിധായകന്‍ അര്‍ജ്ജുന്‍ ബിനു പറയുന്നു.

വൃദ്ധനും, രോഗിയുമായ ഒരാളുടെ (ഗോപകുമാര്‍) രണ്ടാം ഭാര്യയായി വന്നവളാണ് ‘അനീസ്യ’ അതിസുന്ദരിയായിരുന്നു അവര്‍. വൃദ്ധനെ പരിചരിക്കാനെത്തിയ, നികിതന്‍ എന്ന യുവാവിനോട് അവള്‍ക്ക് അടങ്ങാത്ത അഭിനിവേശമായിരുന്നു. നികിതനാണെങ്കില്‍, വൃദ്ധന്റെ ആദ്യ ഭാര്യയിലെ മകള്‍ അലീന (സൗമ്യ) യോടാണ് പ്രണയം. കൂടാതെ, വൃദ്ധനെ അവന്‍ സ്വന്തം പിതാവിനെപ്പോലെ സ്‌നേഹിച്ചിരുന്നു. അതുകൊണ്ട്, അനീസ്യയുടെ പ്രണയം അവന്‍ ഇഷ്ടപ്പെട്ടില്ല. അനീസ്യ വൃദ്ധന്‍ മരിക്കാന്‍ കാത്തിരിക്കുകയായിരുന്നു. മരണം നടന്നാല്‍ ഉടന്‍ നികിതനെ വിവാഹം കഴിക്കണമെന്ന് അവള്‍ തീരുമാനിച്ചിരുന്നു.

നികിതന്റെ പിതാവ് പാസ്റ്റര്‍ക്കും (ടി. എസ്. രാജു), മാതാവ് ശോശാമ്മയ്ക്കും (കനകലത) മകനെ വീണ്ടെടുക്കണമെന്നുണ്ട്. വൃദ്ധന്‍ ജീവിച്ചിരുന്നാല്‍ അത് നടക്കില്ലെന്നവര്‍ക്കറിയാം. വൃദ്ധന്‍ മരിക്കാന്‍ അവര്‍ പ്രാര്‍ത്ഥിച്ചു. അത് ദൈവം കേട്ടു. വൃദ്ധന്‍ മരിച്ചു. എല്ലാവരും സന്തോഷിച്ചു. നികിതന്‍ മാത്രം ദുഃഖിച്ചു. വൃദ്ധന്റെ മരണം ഒരു കൊലപാതകമാണെന്ന് അവന്‍ സംശയിച്ചു. അകെ തകര്‍ന്ന അവന്‍ നാട് വിട്ടു. മദ്യപാനിയായി മാറിയ അവന്‍ രോഗിയായി. ഒടുവില്‍ മനസ്സ് മാറിയ അനീസ്യ തന്നെ നികിതന്റെ രക്ഷകയായി.

നികിതനായി ശരത്ചന്ദ്രനും, അനീസ്യയായി ശ്രീയാരമേശും വേഷമിടുന്നു. ഡോ. അഭയാനന്ദവര്‍മ്മ എന്ന കഥാപാത്രത്തെ സുരാജ് വെഞ്ഞാറമൂടും, എസ്. ഐ. അയി ജഗദീഷും വേഷമിടുന്നു.

ശ്രീപത്മം പ്രൊഡക്ഷന്‍സിനുവേണ്ടി തോട്ടയ്ക്കാട് ശശി നിര്‍മ്മിക്കുന്ന ‘അനീസ്യ’ അര്‍ജ്ജുന്‍ ബിനു സംവിധാനം ചെയ്യുന്നു. തിരക്കഥ, സംഭാഷണം – രാജന്‍ കിഴക്കേനല, ക്യാമറ – ബാബു രാജേന്ദ്രന്‍, ഗാനങ്ങള്‍ – ചുനക്കര രാമന്‍കുട്ടി, സംഗീതം – ദര്‍ശന്‍ രാമന്‍, അസോസിയേറ്റ് ഡയറക്ടര്‍ – വാസന്‍, കല – പ്രിന്‍സ് തിരുവാര്‍പ്പ്, മേക്കപ്പ് – സുനില്‍ പുഞ്ചക്കരി, കോസ്റ്റ്യൂമര്‍ – രാധാകൃഷ്ണന്‍ അമ്പാടി, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് – ജയചന്ദ്രന്‍ മഞ്ചാടി, മാനേജര്‍ – ശശി മൂപ്പവിള, അസിസ്റ്റന്റ് ഡയറക്ടര്‍ – ബിജേഷ് നാരായണന്‍, രാഹുല്‍, പി. ആര്‍. ഒ – അയ്മനം സാജന്‍.

ജഗദീഷ്, സുരാജ് വെഞ്ഞാറമ്മൂട്, എം. ആര്‍. ഗോപകുമര്‍, ടി. എസ്. രാജു, ശരത്ചന്ദ്രന്‍, ബിജുക്കുട്ടന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കൊല്ലം തുളസി, കൊച്ചു പ്രേമന്‍, സൗമ്യ, ശ്രീയാരമേശ്, കനകലത, രുഗ്മിണിയമ്മ എന്നിവര്‍ അഭിനയിക്കുന്നു.

-അയ്മനം സാജന്‍

shortlink

Related Articles

Post Your Comments


Back to top button