ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ചിത്രീകരിക്കാനായി എന്തുകൊണ്ട് കേരളം തെരഞ്ഞെടുത്തു? സംവിധായകന്‍ രാജമൗലിക്ക് അതിന് ചില കാരണങ്ങളുണ്ടായിരുന്നു. അത് എന്തായിരിക്കുമെന്നല്ലേ, കേരളത്തിന്റെ പ്രകൃതി സൗന്ദര്യം തന്നെ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമലയ്ക്ക് പോകുമ്പോഴാണ് താന്‍ ഇത്രയും പച്ചപ്പ് നിറഞ്ഞ കേരളത്തെ കാണുന്നത്. ഇത്ര മനോഹരമായ സ്ഥലം മറ്റെവിടെയും ഉണ്ടാകില്ല. അതു തന്നെയാണ് പിന്നീടും തന്നെ കേരളത്തിലേക്ക് ആകര്‍ഷിച്ചതെന്ന് രാജമൗലി പറയുന്നു. കേരളത്തിലെ ഷൂട്ടിങ് ശരിക്കും ആസ്വദിച്ചാണ് ചെയ്തതെന്ന് രാജമൗലി പറയുന്നു.
‘ബാഹുബലിയുടെ രണ്ടാം ഭാഗം ചാലക്കുടിയില്‍ ചിത്രീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് കണ്ണൂര്‍ കണ്ണവം വനം തെരഞ്ഞെടുക്കുന്നത്. കണ്ണവത്ത് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ബാഹുബലിയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് കണ്ണവം വനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ശാന്തമായ ഒരിടമാണ് കണ്ണവം വനം’, രാജമൗലി പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി ഇക്കാര്യം പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിംഹാദ്രി എന്ന ചിത്രത്തിന് വേണ്ടി താന്‍ തിരുവനന്തപുരത്ത് വന്നിരുന്നു. ഭാര്യ രമയും മകന്‍ കാര്‍ത്തിക്കിനുമൊപ്പമാണ് രാജമൗലി കണ്ണൂരില്‍ ബാഹുബലിയുടെ ചിത്രീകരണത്തിന് എത്തിയിരിക്കുന്നത്. ഇത് ആദ്യമായാണ് താനും കുടുംബവും ചിത്രത്തിന്റെ ഷൂട്ടിങിനായി ഇറങ്ങിയതെന്ന് രാജമൗലി പറയുന്നു.
Post Your Comments