General

അകാലത്തിൽ മറഞ്ഞ പൂത്തുമ്പികൾ

സംഗീത് കുന്നിന്മേല്‍

സംഗീതലോകത്തെ മാസ്മരിക പ്രതിഭയായിരുന്നു ജോൺസൺ മാസ്റ്റർ. കർണ്ണാനന്ദകരമായ ഗാനങ്ങളുടെ ഒരു കലവറ തന്നെ ആദേഹം മലയാളികൾക്കായി തുറന്നു തരികയുണ്ടായി. അദ്ദേഹം ഈണം പകർന്ന അപൂർവ്വ സുന്ദര ഗാനങ്ങൾ ഇന്നും മലയാളികൾ പ്രായഭേദമന്യേ ആസ്വദിക്കുന്നു. ‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി…” എന്നു തുടങ്ങുന്ന ഗാനം ഒരിക്കലെങ്കിലും മൂളാത്ത ഏതെങ്കിലുമൊരു മലയാളി ഉണ്ടാവുമോ? ജോൺസൺ മാസ്റ്ററുടെ മകളായ ഷാൻ ജോൺസന്റെ ദേഹവിയോഗ വാർത്തയുണ്ടാക്കിയ നടുക്കത്തിലാണ് മലയാള സംഗീത ലോകമൊന്നടങ്കം.

തൃശൂർ നെല്ലിക്കുന്നിൽ ജനിച്ച ജോൺ വില്യംസ് എന്ന ജോൺസനെ സംഗീതലോകത്തേക്കാനയിച്ചത് ഇടവകപ്പള്ളിയിലെ സംഗീതപഠനമായിരുന്നുവെങ്കിൽ മകളായ ഷാനിന് അത് പിതാവിൽ നിന്നും കിട്ടിയ ജന്മവാസനയായിരുന്നു. ‘വോയിസ് ഓഫ് തൃശ്ശൂർ’ എന്ന പേരിൽ സംഗീത ട്രൂപ്പിന് ജന്മം കൊടുക്കുമ്പോൾ കേവലം പതിനഞ്ച് വയസ്സ് മാത്രമായിരുന്നു ജോൺസനു പ്രായം. വിവിധ സംഗീതോപകരണങ്ങളിൽ നിപുണനായിരുന്നു അദ്ദേഹം. ഗായകൻ ജയചന്ദ്രനാണ് ജോൺസണെ ദേവരാജൻ മാസ്റ്റർക്ക് പരിചയപ്പെടുത്തി കൊടുത്തത്. അങ്ങനെയായിരുന്നു ജോൺസൺ മാസ്റ്ററുടെ സിനിമാലോകതത്തേക്കുള്ള പ്രവേശനം. തുടർന്ന് പത്മരാജൻ, ഭരതൻ, സിബി മലയിൽ, ലോഹിതദാസ്, കമൽ തുടങ്ങിയവരുടെ ചിത്രങ്ങളിൽ ജോൺസൺ സ്ഥിരം സംഗീത സംവിധായകനായി മാറി. നിരവധി പുരസ്കാരങ്ങൾ ഈ അതുല്ല്യ പ്രതിഭയെ തേടിയെത്തുകയുണ്ടായി. 2011 ഓഗസ്റ്റ് പതിനെട്ടിനാണ് മലയാള ചലച്ചിത്ര ലോകത്തിന് ജോണ്‍സണ്‍ മാസ്റ്ററെ നഷ്ടമാകുന്നത്. തൊട്ടടുത്ത വര്‍ഷം ഫെബ്രുവരി 25ആം തീയ്യതി മരണമെന്ന ക്ഷണിക്കപ്പെടാത്ത അതിഥി വീണ്ടും ജോൺസൺ മാസ്റ്ററുടെ കുടുംബത്തെ തേടിയെത്തി. അന്നാണ് മകന്‍ റെന്‍ ജോണ്‍സൺ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടത്. ഇതിനു പിന്നാലെയാണ് ഷാനിന്റെ ദേഹവിയോഗം.

ഗായിക, ഗാനരചന, സംഗീതസംവിധാനം തുടങ്ങിയ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച് താനും അച്ഛന്റെ പാതയിലാണെന്ന സന്ദേശം നൽകിയിരുന്നു ഷാൻ. എങ്കേയും എപ്പോതും, പ്രെയ്‌സ് ദ ലോര്‍ഡ്, പറവൈ, തിര എന്നീ ചിത്രങ്ങളില്‍ ഷാൻ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഹിസ് നെയിം ഈസ് ജോണ്‍ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും ഷാൻ തന്നെയാണ് നിര്‍വഹിച്ചത്. സഹോദരനായ റെനിന്റെ ഓർമ്മയ്ക്കായി ഷാൻ ആലപിച്ച ‘മനസ്സിൻ മടിയിലെ മാന്തളിരിൽ..’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്‌ ആയിരുന്നു. കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തുന്ന വേട്ടൈ എന്ന ചിത്രത്തിനു വേണ്ടി പാട്ടെഴുതി ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത് കുറച്ച് സമയത്തിനുള്ളിലായിരുന്നു ഷാനിനെ മരണം കവർന്നെടുത്തത്. ഒരുപാട് സുന്ദരഗാനങ്ങൾ സമ്മാനിച്ച ജോൺസൺ മാസ്റ്ററും, അച്ഛന്റെ പാത പിന്തുടർന്ന മകളും കാലങ്ങളോളം സിനിമാ പ്രേക്ഷകരുടെ മനസ്സിൽ കുടിയിരിക്കുക തന്നെ ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button