നിങ്ങള്‍ ഇന്നും ഞങ്ങളെ ചിരിപ്പിക്കുന്നു ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു’

നഷ്ടങ്ങളുടെ വഴിയില്‍ പലപ്പോഴും മലയാള സിനിമ പതറുന്നുണ്ട്. എഴുതി വെച്ച ചില നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് പോലെ.ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ചിരിക്കാന്‍ മറന്ന് ചിന്തിക്കും പോലെ ഇതിനൊക്കെ മറ്റൊരാള്‍ ഉണ്ടായിരുന്നില്ലേ?അഭിനേതാവിലും,അഭിനയത്തിലുമൊക്കെ നികത്താന്‍ കഴിയാത്തത്ര നഷ്ടം ഉണ്ട്.

ജീവിക്കുന്ന ഒരു നഷ്ടം ഉണ്ട് എന്നുള്ളതാണ് തികച്ചും യാഥാര്‍ത്ഥ്യം. ജഗതി ശ്രീകുമാര്‍ എന്ന നഷ്ടം നമ്മളിലേക്ക് പ്രതിഫലിക്കുന്നു.കഥാപാത്രങ്ങള്‍ക്ക് സ്വഭാവികതയും,ചിരിയും നല്‍കേണ്ട ഈ മനുഷ്യന്‍ വീല്‍ ചെയറിലേക്ക് ചുരുങ്ങിയപ്പോള്‍ മലയാള സിനിമയുടെ ചില നല്ല കഥാപാത്രങ്ങളൊക്കെ എവിടെയോ മറഞ്ഞു നില്‍ക്കുകയാണ്.

ലോക സിനിമയില്‍ ഇത് പോലെ ഒരു നടനുണ്ടോ? എന്ന് ചോദിക്കത്തക്ക രീതിയില്‍ വളര്‍ന്ന നമ്മുടെ ഹാസ്യ സാമ്രാട്ട് സ്‌ക്രീനില്‍ ചിരിപ്പിക്കുകയും സ്‌ക്രീനിനു പുറത്ത് നമ്മെ ദുഖിപ്പിക്കുകയും ചെയ്യുന്നു.
ഹാസ്യാവതരണത്തിന് ഒരേ ശൈയിലെ അഭിനയ രീതി കൈവരാം പക്ഷേ ജഗതി ഹാസ്യം അവതരിപ്പിക്കുമ്പോള്‍ അത് മറ്റൊന്നിനോട് ഉപമിക്കാന്‍ കഴിയാത്തതാണ്. സീരിയസ്സ് വേഷങ്ങളും നര്‍മ വേഷങ്ങളും ജഗതിയിലെ നടനില്‍ ലാഘവത്തോടെ സാധ്യമാകും. ഒരു പഴം തൊലിച്ചു കഴിക്കുന്നതില്‍ വരെ നര്‍മം കണ്ടെത്തുന്ന ജഗതി കാലങ്ങളുടെ വഴിയേ സഞ്ചരിച്ച നടനാണ്. കേരളക്കരയില്‍ ജഗതിയുടെ നര്‍മം പൊഴിഞ്ഞ സംഭാഷണങ്ങള്‍ ഒരു ദിവസം എങ്കിലും ഓര്‍ക്കാത്ത വീടുകള്‍ ഉണ്ടാകില്ല. ടിവി തെളിയുമ്പോള്‍ ജഗതി തെളിഞ്ഞാല്‍ പ്രേക്ഷക സമൂഹം പൊട്ടി ചിരിയിലേക്ക് വഴി മാറും.

നല്ല നടന്മാരുടെ പട്ടികയിലേക്ക് ഒരു കറുത്ത വിള്ളല്‍ വീണിരിക്കുന്നത് വ്യക്തമാണ്. അത് കൊണ്ടാണ് ഇന്നും സിനിമാശാലകളില്‍ നിന്ന് ഇറങ്ങുമ്പോള്‍ ‘ജഗതി അത് ചെയ്തിരുന്നു എങ്കില്‍ നന്നാകുമായിരുന്നു’ എന്ന് പലരും പറയുന്നത്.

സീബ്രയെ കുറിച്ചു നമ്മള്‍ പറയാറുണ്ട് ‘ഇത് കറുത്ത വരയോട് കൂടിയ വെള്ള കുതിരയോ? അതോ വെളുത്ത വരയോടു കൂടിയ കറുത്ത കുതിരയോ’?.
ഇയാള്‍ മഹാനടന്‍ ആയ ഹാസ്യ നടനോ?അതോ ഹാസ്യ നടനായ മഹാനടനോ?.
ചിരി ആയുസ്സിന്റെ നീളത്തിനുനുള്ള മരുന്ന് ആണെങ്കില്‍ മലയാളികളുടെ ആയുസ്സിന്റെ പകുതി പങ്ക് ഈ നടന് അവകാശപ്പെട്ടതാണ്.

Share
Leave a Comment