BollywoodMovie Reviews

സനം തേരി കസം ഹിന്ദി സിനിമ ആദ്യ ദിനം ആദ്യ മലയാളം റിവ്യു

അമല്‍ ദേവ

90കളില്‍ നാം ധാരാളം മ്യൂസിക് വീഡിയോകളുടെ ഉദയം കണ്ടിരുന്നു. ഇപ്പോള്‍ ഉള്ള പലതാരങ്ങളെയും അണിനിരത്തിയായിരുന്നു ആ വീഡിയോകളില്‍ . ഇവ സംവിധാനം ചെയ്തത് ഇരട്ടസംവിധായകരായ രാധിക റാവുവും, വിനയ് സപ്രുവും ആയിരുന്നു. അവരുടെ സിനിമ രംഗത്തേയ്ക്കുള്ള ചുവടുവയ്പ്പ് സല്‍മാന്‍ ഖാനും സ്‌നേഹ ഉല്ലാലും പ്രധാന വേഷത്തില്‍ അഭിനയിച്ച ‘ലക്കി’ എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഇപ്പോള്‍ ഈ 2016ല്‍ ഈ കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത് ഹര്‍ഷവര്‍ദ്ധന്‍ റാണെയും, പാക്കിസ്ഥാനി നടിയായ മവ്ര ഹെക്കെയ്‌നും ജോഡികളായ ‘സനം തേരി കസം’ എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ വളരെ മികച്ചതും സൂപ്പര്‍ ഹിററ് ചാര്‍ട്ട് ലിസ്‌ററില്‍ ഇടം പിടിച്ചവയുമാണ്. ചിത്രത്തിന്റെ സംഗീതസംവിധായകന്‍ വേറിട്ട ശബ്ദത്തിനും സംഗീതസംവിധാനത്തിനും പേരുകേട്ട ഇപ്പോള്‍ നായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്ന നിലകളിലും കഴിവ് തെളിയിച്ച ഹിമേഷ് രേഷമിയ ആണ്. അദ്ദേഹത്തിന്റെ ഓരോ ഗാനത്തിന്റെയും പ്രത്യേകത ഒരു പ്രത്യേക വികാരവും വിഷാദവും ഇടകലര്‍ത്തിയ ഗാനങ്ങള്‍ എന്നതു തന്നെയാണ്. ഇത്രയൊക്കെ ആവുമ്പോള്‍ തന്നെ ഈ ചിത്രത്തെപ്പററിയുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഏററവും ഉയരങ്ങളില്‍ തന്നെയാണ്. ‘സനം തേരി കസം’ റിവ്യൂ വായിക്കാം.

ചിത്രം തുടങ്ങുന്നത് തന്നെ എല്ലാവരും ലോയര്‍ ആയ ഇന്ദര്‍ ലാല്‍ പരിഹര്‍ എന്ന ഇന്ദറിനെ (ഹര്‍ഷവര്‍ധന്‍ റാണ) അഭിനന്ദിക്കുന്ന ഒരു രംഗത്തോടെയാണ്.
കാരണം അദ്ദേഹം വളരെ പ്രധാനപ്പെട്ട ഒരു കേസാണ് വിജയിച്ചിരിക്കുന്നത്. ഈ അഭിനന്ദങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി ഇന്ദര്‍ ഒരു മരച്ചുവട്ടിലേക്ക് മാറി നില്‍ക്കുകയാണ്. ഇത് കാണുമ്പോള്‍ തന്നെ മനസിലാവുന്നത് ഒരു ഫ്‌ലാഷ്ബാക്ക് സീനിലെക്കുള്ള ചുവടു വയ്പ്പാണെന്നാണ്. തീര്‍ച്ചയായും ആ ഊഹം തെറ്റിയിട്ടില്ല അതൊരു ഫ്‌ലാഷ്ബാക്ക് സീനിലെക്കുള്ള കാല്‍വയ്പ്പ് തന്നെയാണ്. സ്ഥിരം ക്ലീഷേ ആണെങ്കിലും ഇതൊരു പ്രധാനമായ രംഗം തന്നെയാണ്. കാരണം അവിടെയാണ് ചിത്രത്തിന്റെ യഥാര്‍ത്ഥ കഥ ഉറങ്ങിക്കിടക്കുന്നത്. ഇന്ദര്‍ ഇന്നലെകളില്‍ ആരാണെന്നും എന്താണെന്നുമുള്ള കാര്യങ്ങളാണ് ഫ്‌ലാഷ്ബാക്ക് സീനില്‍ കാണിക്കുന്നത്. ലോകതുളള ഒന്നിനോടും മമതയില്ലാത്ത ഒരു ചെറുപ്പക്കാരനാണ് ഇന്ദര്‍. ഈ ഒരു കാരണം കൊണ്ട് തന്നെ ഹൃദയത്തിന്റെ ഉള്ളില്‍ നിന്ന് തന്നെ ഇന്ദറിനെ വെറുക്കുന്നയാളാണ് സരസ്വതി പാര്‍ത്ഥസാരഥി എന്ന സരുവിന്റെ (മവ്ര ഹൊക്കൈന്‍) അമിത മതവിശ്വാസിയായ അച്ഛന്‍ ജയറാം പാര്‍ത്ഥസാരഥി (മനീഷ് ചൌധരി). വളരെ കര്‍ക്കശക്കാരനായ അച്ഛന്‍ ആണെങ്കിലും അമിതമായ ആഗ്രഹങ്ങളൊന്നും അദ്ദേഹത്തിനില്ല പക്ഷേ തന്റെ സദ്ഗുണസമ്പന്നയും സുന്ദരിയുമായ മകള്‍ സരുവിന് വരാന്‍ പോകുന്ന വരന്‍ വളരെ മികച്ചതാവണം എന്നും ഐഐടി-ഐഐഎം ഡിഗ്രികള്‍ കൊണ്ട് നിറഞ്ഞ ആളാവണം എന്നുമൊക്കെയുള്ള ആഗ്രഹങ്ങള്‍ അദ്ദേഹത്തിനുണ്ട്. സരു ഒരു ലൈബ്രേറിയന്‍ ആയി ജോലി നോക്കുകയാണ്. സരുവിന് ആകെയുളള കുറവ് അമിതമായ ശിക്ഷണത്തിലും ഭക്തിയിലും വളര്‍ന്നതുകൊണ്ട് അവളെ ഒരു പയ്യനും ഇഷ്ടപ്പെടുന്നില്ല എന്നതാണ് കാരണം ഒരു വിഭൂതി അമ്മായിയുടെ പെരുമാററ രീതികളും ലക്ഷണവും ആണ് സരുവിന്. സരുവിന്റെ കല്ല്യാണം മുടങ്ങുന്നത് അവളുടെ ഇളയ സഹോദരി കാവേരി പാര്‍ത്ഥസാരഥിയുടെ (ദിവ്യെറ്റ) വിവാഹവും വൈകിക്കുന്നു. അങ്ങനെ അവള്‍ ഒരു പൂര്‍ണ്ണമായ മാറ്റത്തിനു തയ്യാറെടുക്കുന്നു. അങ്ങനെ ഒരു മാസികയില്‍ വന്ന പൂര്‍ണ്ണമായ മാറ്റം എന്ന ലേഖനം സരു വായിക്കുന്നു. സരു അതില്‍ പറയുന്ന കാര്യങ്ങള്‍ അക്ഷരംപ്രതി പാലിക്കുവാന്‍ തീരുമാനിക്കുന്നു കാരണം എങ്കിലെ തന്റെ വിവാഹം നടക്കു എന്നവള്‍ ഉറച്ചു വിശ്വസിച്ചു. പക്ഷെ അവളുടെ പെട്ടെന്നുള്ള മാറ്റങ്ങള്‍ അവളെ മാത്രമല്ല അവളുടെ കുടുംബത്തെയും ഏറെ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. പല സംഭവവികാസങ്ങളും നടക്കുന്നു. അങ്ങനെ സരുവിന്റെ അച്ഛന്‍ അവള്‍ മരിച്ചു എന്ന് കണക്കാക്കി അവളുടെ ചിത്രത്തിന് മാലചാര്‍ത്തി മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിക്കുന്നു. ശരിക്കും സരുവിന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്താണ് ? അവള്‍ക്ക് ഐഐടി-ഐഐഎം ഡിഗ്രികളുള്ള ഒരു മികച്ച വരനെ കിട്ടുമോ ? സത്യത്തില്‍ ഇന്ദര്‍ ആരാണ് ? അയാള്‍ക്ക് എന്താണ് സംഭവിക്കുന്നത് ? സരുവിന്റെ അനിയത്തിയുടെ വിവാഹം നടക്കുമോ ? അങ്ങനെ ഏറെ ആശങ്കാജനകവും ആകാംഷാപൂര്‍വ്വവുമായ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് മറുപടിയാണ് സനം തേരി കസം എന്ന ഈ ചിത്രത്തിന്റെ ബാക്കി കഥയും സസ്‌പെന്‍സും.

ചിത്രത്തിന്റെ തിരക്കഥയില്‍ വേറിട്ട് നില്‍ക്കുന്നു എന്ന് പറയാന്‍ ഒന്നുമില്ലെങ്കിലും ഹര്‍ഷ്വര്‍ദ്ധന്‍ റാണയുടെയും മവ്രയുടെയും അഭിനയവും കെമിസ്ട്രിയും ഹിമേഷിന്റെ സംഗീതസംവിധാനവും രാധിക റാവു – വിനയ് സുപ്പ്രൊ ടീമിന്റെ സംവിധാനവും വളരെയധികം മികച്ചതാണ്. ചിത്രത്തിന്റെ സാങ്കേതിക മികവിലും മറ്റും ഈ ഇരട്ടസംവിധായകരുടെ വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയം പകല്‍പോലെ വ്യക്തമാണ്. ചിത്രത്തിലെ ഏറെക്കുറെ രംഗങ്ങളും പ്രേക്ഷകരില്‍ തരങ്കങ്ങള്‍ ഉയര്‍ത്തുകയും ചിത്രം വളരെ വികാരനിര്‍ഭരവും യാഥാര്‍ത്യവും നിറഞ്ഞ അനുഭൂതി നല്‍കുകയും ചെയ്യുന്നു.

ശരാശരിക്കും മുകളില്‍ നില്‍ക്കുന്ന പ്രകടനമാണ് ഹര്‍ഷവര്‍ദ്ധന്‍ ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. എന്നാല്‍ അതിനെക്കാളെല്ലാം ഒരുപാട് പടികള്‍ മുകളിലാണ് മവ്രയുടെ അഭിനയം. ഒട്ടും നാടകീയമല്ലാത്ത തികഞ്ഞ യാഥാര്‍ത്യപൂര്‍ണ്ണമായ അഭിനയചാതുരിയാണ് മവ്ര ഈ ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. പലപ്പോഴും ഹര്‍ഷനെ മറികടന്നുള്ള മികച്ച അഭിനയമാണ് മവ്ര ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ബോളിവുഡ് സിനിമാലോകത്തെ അടുത്ത മികച്ച നടി മവ്ര ആയിരിക്കുമെന്ന് നൂറുശതമാനം ഉറപ്പിക്കാം. മനിഷ് ചൌധരി, മുരളി ശര്‍മ, പ്യുമോരി മേഹ്ത, ദിവ്യേറ്റ, റുഷാദ് റാണ എന്നിവരുടെ പ്രകടനം സംതൃപ്തിദായകമാണ്. വിജയ് രാസ്, സുദേഷ് ബെറി എന്നിവരുടെ അതിഥി വേഷം ഏറെ നന്നായി.

ഹിമേഷിന്റെ സംഗീതം ചിത്രത്തിന്റെ ജീവന്‍ തന്നെയാണ്. ഒരു ഗാനം പോലും ഒഴിവാക്കാന്‍ പറ്റാത്ത തരത്തില്‍ കഥാസന്ദര്‍ഭവുമായ് ഇഴുകി ചേര്‍ന്ന് കിടക്കുന്നവയാണ് ഇതിലെ ഗാനങ്ങള്‍. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ചിത്രത്തിന്റെ വലിച്ചുനീട്ടല്‍ ഒഴിവാക്കുന്നതില്‍ സഹായകമാണ്. എന്നാല്‍ ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്ത ദേവന്‍ മുരുടെശ്വര്‍ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ രണ്ടാംപകുതിയിലെ പിഴവുകള്‍ ഒരു പരിധി വരെ ഒഴിവായേനെ.

പൂര്‍ണ്ണമായും പറഞ്ഞാല്‍ രണ്ടാം പകുതിയിലെ വലിച്ചുനീട്ടല്‍ ഒഴിച്ചാല്‍ സനം തേരി കസം ഒരു നല്ല ചിത്രമാണ്. വളരെ മികച്ച സംഗീതവും മികച്ച അഭിനേതാക്കളും നിറഞ്ഞ ചിത്രം. ചിത്രത്തിന്റെ വലിച്ചുനീട്ടല്‍ മാത്രമാണ് ചിത്രത്തിന്റെ ഒരേയൊരു പോരായ്മ. പക്ഷെ സനം തേരി കസം ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല. കാരണം ഇതിലെ അഭിനേതാക്കളുടെ പ്രകടനവും കഥയും സംഗീതവും തന്നെ.

shortlink

Related Articles

Post Your Comments


Back to top button