നേരത്തെ കണ്ടിട്ടുണ്ടെങ്കിലും ശ്രീനിവാസനെ പരിചയപ്പെടുന്നത് മദിരാശിയിലെ അണ്ണാനഗറിലെ ഒരു നിരത്ത് വക്കിൽ വെച്ചാണ്. കരിഞ്ഞ വിറകു കമ്പുപോലെ ഒരാൾ. ഉള്ളിലെ ജീവിതച്ചൂട് പുറത്തു കാണിക്കാതെ ചെറിയ വാക്കുകളും ഇത്തിരി ചിരിയും മുഖത്ത് പുരട്ടിയ ഒരാൾ. പരിചയപ്പെടുത്തിയത് ശ്രീ പി.എ ബക്കർ. ബക്കറിന്റെ ചാരം എന്ന സിനിമക്കായി ഞാൻ തിരക്കഥ എഴുതുന്ന കാലം. ആ തിരക്കഥ എഴുതാൻ ഞാൻ തീരുമാനിച്ചതിന് മൂന്ന് കാരണങ്ങൾ ഉണ്ടായിരുന്നു.
ഒന്ന് ബക്കറിനോടുള്ള ഇഷ്ടം. മറ്റൊന്ന് പ്രേംനസീർ മേക്കപ്പില്ലാതെ അഭിനയിക്കുന്നു എന്നത്. മൂന്ന് ഹേമചന്ദ്രനായിരുന്നു ഛായാഗ്രാഹകൻ. അതിൽ മിച്ചൽ ക്യാമറ ഉപയോഗിക്കുന്നുണ്ട്. ഹേമചന്ദ്രന്റെ കൂടെ ആ ഗംഭീര ക്യാമറയുടെ പ്രവർത്തനം കാണുവാനും പഠിക്കുവാനും ഉള്ള മോഹം. അതെല്ലാം എന്നെ ശ്രീനിവാസന് ഒരു ഹസ്തദാനം നൽകുന്നതിൽ എത്തിച്ചു. അന്ന് തുടങ്ങിയ ചങ്ങാത്തത്തിന്റെ പിൻബലത്തിൽ കുട്ടിച്ചാത്തനിലെ ഹിന്ദി നടന് ശബ്ദം നൽകാനായി ശ്രീനിവാസനെ ക്ഷണിക്കാൻ ഞാൻ ജിജോയോട് പറഞ്ഞു. ജിജോ വിളിച്ചു. ശ്രീനിവാസൻ വന്നു. കുട്ടിച്ചാത്തൻ കാരണം ചിത്രാഞ്ജലി സ്റ്റൂഡിയോയിൽ ശ്രീനിയുടെ തോളിൽ കയ്യിട്ട് ഞാനും ഒപ്പം നടന്നു.
ഒരിക്കൽ സത്യനു വേണ്ടി തിരക്കഥ എഴുതാൻ ശ്രീനി വന്നു താമസിച്ച ഹോട്ടലിൽ തൊട്ടടുത്ത മുറിയിലായിരുന്നു ഞാൻ. ഞാനന്ന് ഒന്നു മുതൽ പൂജ്യം വരെയുടെ എഴുത്തിലായിരുന്നു. പിന്നീട് പൊന്മുട്ടയിടുന്ന താറാവ് സത്യന് നൽകുമ്പോൾ ഞാൻ സത്യനോട് ആവശ്യപ്പെട്ടത് ശ്രീനിയെ തട്ടാനാക്കണം എന്നായിരുന്നു. സത്യന് അത് ഏറ്റവും സന്തോഷമായിരുന്നു. ഉയരവും നീളവും വീതിയും എല്ലാം കുറവാണെങ്കിലും ശ്രീനിയിൽ ഒരു പ്രകാശമുണ്ട്. കാലത്തിലൂടെ സഞ്ചരിച്ച് ജീവിതരീതിയും ചുറ്റുപാടും മാറിയതോടെ നല്ല തെളിച്ചം വെച്ചിട്ടുണ്ടെങ്കിലും ശ്രീനിയിൽ പ്രകടമായ ഒരു നടൻ ഇല്ലാത്തത് തന്നെയാണ് ശ്രീനിയിലെ അഭിനയ മികവും. ശ്രീനിയുടെ തിരക്കഥയിൽ എനിക്കേറ്റവും ഇഷ്ടം മഴയെത്തും മുൻപേയാണ്. അതിലേറെ ഇഷ്ടം ഏതാണെന്ന് ചോദിച്ചാൽ സന്ദേശവും. എന്നിട്ടും കൂടുതൽ ഇഷ്ടം ചോദിച്ചാൽ ഗാന്ധിനഗർ രണ്ടാം തെരുവും ശ്രീനിയുടെ തന്നെ സംവിധാനം രുചിച്ച ചിന്താവിഷ്ടയായ ശ്യാമളയും എല്ലാം പറഞ്ഞുപോകും.
Post Your Comments