‘വെൽഡൺ ഡാ മഹേഷേ…’
സിനിമ കണ്ടിറങ്ങിയവരുടെ കൂട്ടത്തിൽ ആരോ ‘വെൽഡൺ ഡാ മഹേഷേ’ എന്ന് ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു. മഹേഷും കൂട്ടരും കലക്കി എന്നു തന്നെ വേണം പറയാൻ. ഫഹദ് ഫാസിലിന്റെ അഭിനയ മികവിന്റെയോ, ദിലീഷ് പോത്തന്റെ സംവിധാന മികവിന്റെയോ വിജയമായി ഈ സിനിമയെ കാണുന്നതിനേക്കാൾ എനിക്കിഷ്ടം ഒരു നല്ല കൂട്ടായ്മ സമ്മാനിച്ച മികച്ച കാഴ്ചാനുഭവം എന്ന രീതിയിൽ കാണാനാണ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി അണിനിരന്ന ആരും തങ്ങളുടെ ഭാഗം മോശമാക്കിയില്ല.
ഒരു വള്ളിച്ചെരിപ്പ് തേച്ചു കഴുകുന്ന നായകനായ മഹേഷിനെ കാണിച്ചു കൊണ്ടാണ് ചിത്രത്തിന്റെ തുടക്കം. ഈ വള്ളിച്ചെരുപ്പിന് കഥയിൽ എത്രമാത്രം പ്രാധാന്യമുണ്ടെന്ന് പിന്നീട് മാത്രമേ മനസ്സിലാവുകയുള്ളൂ. ഇടുക്കിയിലെ ഒരു ഗ്രാമത്തിൽ ഭാവന എന്നു പേരുള്ള സ്റ്റുഡിയോ നടത്തുകയാണ് നായകൻ. മഹേഷിനെ സംബന്ധിച്ചിടത്തോളം സ്റ്റുഡിയോ ഒരു ഉപജീവന മാർഗ്ഗം മാത്രമാണ്. ഫോട്ടോഗ്രാഫിയിൽ വലിയ അവഗാഹമോ, ഭ്രമമോ ഒന്നും മഹേഷിനില്ല. തന്റേതായ ഒരു ലോകത്ത് ജീവിക്കുന്ന മഹേഷിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഒരു സംഭവം അയാളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു. വലിയ ട്വിസ്റ്റോ സസ്പെൻസോ ഒന്നും ഇല്ലെങ്കിലും ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാം ഈ കുടുംബ ചിത്രം.
‘പെർഫക്റ്റ് കാസ്റ്റിങ്ങ് ‘
താൻ നായകനായുള്ള വിജയ ചിത്രങ്ങളുടെ എണ്ണം കൂട്ടുന്നതിനേക്കാൾ അഭിനയപ്രാധാന്യമുള്ള ചിത്രങ്ങളുടെ ഭാഗമാവാനാണ് ഫഹദ് ഫാസിൽ ശ്രമിക്കാറുള്ളത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ ചിത്രത്തിൽ ഫഹദ് അഭിനയിച്ച മഹേഷ് എന്ന കഥാപാത്രവും അത് തന്നെയാണ് വ്യക്തമാക്കുന്നത്. മികച്ച പ്രകടനത്തിലൂടെ ‘മഹേഷാ’യി മാറാൻ ഫഹദിന് സാധിച്ചു. ഫഹദിനല്ലാതെ ഈ റോൾ മറ്റാർക്കും ഇത്ര നന്നായി ചേരില്ലെന്ന് തോന്നുകയും ചെയ്തു. ചിത്രത്തിൽ രണ്ട് നായികമാരാണുള്ളത്. അനുശ്രീയും, അപർണ്ണ ബാലമുരളിയും. ഇരുവരും മികച്ച പ്രകടനം കാഴ്ച വെച്ചു. എടുത്തു പറയേണ്ടത് ക്രിസ്പിൻ എന്ന കഥാപാത്രമായി വേഷമിട്ട സൗബിൻ ഷഹീറിന്റെ അഭിനയമാണ്. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സൗബിൻ കത്തിക്കയറി. ജാഫർ ഇടുക്കി, അലൻസിയർ, തുടങ്ങി തനി നാട്ടുമ്പുറത്തുകാരായ കഥാപാത്രങ്ങളായി ഭാവമാറ്റം നടത്തിയ മറ്റെല്ലാ അഭിനേതാക്കളും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.
‘തുടക്കം ഗംഭീരം’
സ്വതന്ത്ര സംവിധായകനായുള്ള തന്റെ അരങ്ങേറ്റം ദിലീഷ് പോത്തൻ ഗംഭീരമാക്കി. ഒരു നവാഗത സംവിധായകൻ എന്ന് തോന്നിപ്പിക്കാത്തത്ര സൂക്ഷ്മതയും, മിടുക്കും അദ്ദേഹം സംവിധാനത്തിൽ കാണിച്ചിരിക്കുന്നു. ആളുകളിൽ ചിരി പടർത്തിയ ഒരു കഥാപാത്രത്തെയും അദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. സാൾട്ട് ആന്റ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, ഇയ്യോബിന്റെ പുസ്തകം എന്നിങ്ങനെ ഒരുപിടി നല്ല സിനിമകൾക്ക് തിരക്കഥ രചിച്ച ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അദ്ദേഹത്തിന്റെ മികച്ച തിരക്കഥകളിലൊന്നാണിതെന്ന് നിസ്സംശയം പറയാം. സൈജു ശ്രീധരന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട്. സംവിധായകനായ് ആഷിഖ് അബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
‘ബിജിബാൽ മാജിക്കും, ഷൈജുവിന്റെ ക്യാമറയും’
റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ ഒരുക്കിയ സംഗീതം ചിത്രത്തിന്റെ പ്ലസ് പോയന്റുകളിൽ ഒന്നായിരുന്നു. അദ്ദേഹത്തിന്റേതായ ശൈലിയിൽ ഗാനങ്ങൾ മനോഹരമാക്കി. ‘മല മേലെ തിരി വെച്ചു…’ എന്നു തുടങ്ങുന്ന ഗാനം പുതുമയാർന്ന സംഗീതം കൊണ്ടും, ചിത്രീകരണം കൊണ്ടും മികവുറ്റതായി. സിനിമ കണ്ടിറങ്ങിയ ആർക്കും ‘ഇടുക്കിയിലേക്ക് ഒന്നു പോയാലോ’ എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഷൈജു ഖാലിദ് ഇടുക്കിയുടെ ഗ്രാമീണ സൗന്ദര്യം മുഴുവൻ തന്റെ ക്യാമറയിലേക്ക് ഒപ്പിയെടുത്തിട്ടുണ്ട്.
Post Your Comments