പ്രവീണ്‍ പി നായര്‍
ദൂരദര്ശന് മലയാളം ചാനല്‍ മലയാളികള്‍ക്ക് എല്ലാ ഞായറാഴ്ച വൈകുന്നേരങ്ങളിലും ഒരു വിലപ്പെട്ട സമ്മാനം തരും. ഒരു വാരത്തില്‍ ഒരു ദിവസം പ്രക്ഷേപണം ചെയ്യുന്ന മലയാള സിനിമയാണ് ആ സമ്മാനം.സിനിമ ഏതാണെന്ന് നേരത്തെ അറിയണം എങ്കില്‍ തിരനോട്ടം കാണണം .ഒരു ആഴ്ചയിലെ പരിപാടികളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ആണ് തിരനോട്ടത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഒടുവില്‍ ഞായറാഴ്ച വരുന്ന സിനിമ ഏതാണെന്ന് പറയും.
ആഴ്ചയിലെ ഒരു ദിവസത്തില്‍ വരുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് പിന്നെയുള്ള ദിവസങ്ങളില്‍.അന്നൊക്കെ ഓരോ വീട്ടിലും ഒരു ചാനല്‍ വെട്ടത്തിലാണ് ടിവി തെളിയുന്നത്. റിമോട്ട് ഉണ്ടായാലും അയാള്‍ സ്വസ്ഥമായി വിശ്രമിക്കും.റിമോട്ടിന് വേണ്ടിയുള്ള അടി പിടിയോ,ബഹളം വെയ്ക്കലോ ഒന്നും തന്നെയില്ല. ഒരു ചാനലില്‍ എല്ലാവരും കണ്ണ് മിഴിച്ചു അങ്ങനെ ഇരിക്കും. അന്നത്തെ സീരിയലുകളില്‍ കണ്ണീരില്ല,വൈരാഗ്യമില്ല,അവിഹിതമില്ല.നല്ല കഥകള്‍ അതവതരിപ്പിക്കുന്ന കുഞ്ഞു പരമ്പരകള്‍ ദൂരദര്‍ശനില്‍ അരങ്ങ് വാണിരുന്നു.
അന്നത്തെ സിനിമ ചിന്താഗതികള്‍ ചങ്ങലയില്‍ ബന്ധിതമാണ്.സിനിമ എന്നാല്‍ സന്തോഷത്തോടെ അവസാനിക്കണം,കരയേണ്ടി വന്നാലും അവസാനം ചിരിച്ചു കൊണ്ടു തീരണം,നായകനു നായികയെ കിട്ടണം,വില്ലനെ നായകന് ഇടിച്ചു തോല്‍പ്പിക്കണം. ദൂരദര്‍ശനില്‍ ഇടി പടങ്ങളും,ചിരി പടങ്ങളും,കണ്ണുനീര് പടങ്ങളും എത്രയോ വൈകുന്നേരങ്ങളില്‍ തകര്ത്തോടിയിരിക്കുന്നു. ആകാശദൂതും,ദേശാടനവുമൊക്കെ കണ്ട് എത്രയോ കണ്ണുനീര് കളഞ്ഞിരിക്കുന്നു. വന്ദനവും, കിലുക്കവുമൊക്കെ കണ്ടു എത്രയോ ചിരി പൊഴിച്ചിരിക്കുന്നു.ഒരു സിനിമാശാല പോലെയായിരുന്നു അന്നത്തെ ഒരു വീട്ടിലെ സിനിമ കാഴ്ച .
ടിവി ഒന്നോ രണ്ടോ വീട്ടില്‍ ഉണ്ടാകും ബാക്കിയുള്ള വീടുകളില്‍ ഉള്ളവര്‍ സിനിമ കാണാന്‍ പാഞ്ഞെത്തും. എല്ലാവരും ഒരേ മനസ്സോടെ ചലച്ചിത്രം ആസ്വദിക്കും.ചിരിച്ചാല്‍ ഒന്നിച്ചു ചിരിക്കും,കരഞ്ഞാല്‍ ഒന്നിച്ചു കരയും.ഇന്നത്തെ പോലെ പ്രേക്ഷക ചിന്താഗതികളും,മാനുഷിക നന്മകളും അന്ന് ചിതറിയിരുന്നില്ല. ദൂരദര്‍ശനും ഒരു വാരത്തിലെ ഒരേയൊരു മലയാള ചിത്രവുമൊക്കെ ഒന്ന് കൂടി തിരിച്ചു പോയിരുന്നെങ്കില്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്?
Post Your Comments