Film Articles

ചില കലാകാരന്മാരെ കുറിച്ച് ഇവിടെ പറയാതെ പോകരുത്

‘എന്ത് കൊണ്ട് നമ്മള്‍ തോറ്റൂ എന്ന് വ്യക്തമായിട്ടങ്ങു പറഞ്ഞാല്‍ എന്താ’?

ഈ ഒരു സംഭാഷണം ഓര്‍മ്മയില്ലേ?സന്ദേശം സിനിമയിലെ ഈ ഭാഗം ശ്രീനിവാസന്‍ എഴുതി വെച്ചത് കൊണ്ട് മാത്രം നര്‍മമാകുന്നില്ല.അത് അഭിനയ രസത്തിന്റെ മിടുക്ക് കൂടിയാണ്.

ബോബി കൊട്ടാരക്കരയെ പോലെ വളരെ ഭംഗിയായി ചെറിയ വേഷങ്ങള്‍ ചെയ്യുന്ന കലാകാരന്മാരെ കുറിച്ച് പലരും മറക്കാറാണ് പതിവ്. ചെറിയ വേഷങ്ങള്‍ വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്ന ഒട്ടേറെ അഭിനേതാക്കള്‍ നമുക്ക് ഉണ്ട് അതില്‍ ഒരാള്‍ ആണ് ബോബി കൊട്ടാരക്കര.നാടോടികാറ്റ് എന്ന സിനിമയില്‍ ദാസനും,വിജയനും മുന്നില്‍ വീട് ബ്രോക്കറായി വരുന്ന ഒരു കഥാപാത്രമുണ്ട്. ബോബി കൊട്ടാരക്കര എന്ന കലാകാരന്‍ എന്ത് മനോഹരമായിട്ടാണ് ആ കഥാപാത്രം ചെയ്തു ഫലിപ്പിച്ചിരിക്കുന്നത്.
‘രണ്ടു ബെഡ് റൂം,പൂന്തോട്ടം,കാറ് കയറ്റിയിടാനുള്ള സ്ഥലം,ബാത്ത് റൂം അറ്റാച്ച്ട്,എസി,പൂജ മുറി നൂറ്റിയമ്പത് രൂപ വാടക വാ പറ്റിയ സ്ഥലം ഉണ്ട്. ‘

ഇത് പോലെയുള്ള ഒരൊറ്റ സീന്‍ മതി ബോബി കൊട്ടാരക്കരയെ പോലെയുള്ളവര്‍ക്ക് അഭിനയിച്ചു തകര്‍ക്കാന്‍. ചെറിയ വേഷങ്ങള്‍ കൊണ്ടു വലിയ സ്ഥാനം നേടി എടുക്കുന്ന ഇത്തരം അഭിനേതാക്കളെ ഒരുപാടു ഇഷ്ടത്തോടെ ഓരോ പ്രേക്ഷകരും നോക്കി കാണണം.

കോമഡി കഥാപാത്രങ്ങള്‍ കയ്യില്‍ വന്നു ചേരുമ്പോള്‍ സ്വന്തമായ ഒരു അഭിനയ ശൈലി കൊണ്ടു അതിനെ വ്യത്യസ്ഥമാക്കുന്നതില്‍ ബോബി കൊട്ടാരക്കര എന്നും ശ്രദ്ധ പുലര്‍ത്തിയിരുന്നു.നൂറില്‍ പരം സിനിമകളില്‍ വിവിധ കഥാപാത്രങ്ങളായി രംഗത്ത് വന്നു. .

‘കാഴ്ചക്കപ്പുറം’എന്ന സിനിമയില്‍ ബോബി കൊട്ടാരക്കരയുടെ വളരെ രസകരമായ സംഭാഷണം ആ സിനിമയ്ക്ക് തന്നെ മൊത്തത്തില്‍ കരുത്തു പകരുന്ന ഒന്നാണ്. ‘പ്രബുദ്ധരായ പലരും ഞങ്ങളോട് ഇങ്ങോട്ട് ആവശ്യപ്പെട്ടതാണ്. പക്ഷേ അവരെക്കൊണ്ടു ഉദ്ഘാടനം ചെയ്യിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ,അച്ചായനെ കൊണ്ടു ഉദ്ഘാടനം ചെയ്യിക്കുന്നതിനെക്കാള്‍ നല്ലതാണല്ലോ’.പറയുന്ന വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ അറിയാത്ത ഒരു രസികന്‍ കഥാപാത്രം എല്ലാവര്‍ക്കും വളരെയധികം ഇഷ്ടപ്പെട്ടു.

താഹ മാടായി എഴുതിയ ‘സത്യന്‍ അന്തികാടിന്റെ ഗ്രാമീണര്‍’ എന്ന പുസ്തകത്തില്‍ ബോബി കൊട്ടാരക്കരയെ കുറിച്ചു ഓര്‍ക്കുന്ന ഒരു ഭാഗം ഉണ്ട്. അതിലെ അവസാന താളുകളിലാണ് ബോബി കൊട്ടാരക്കരയുടെ ഓര്‍മ്മകള്‍ സത്യന്‍ അന്തികാട് പങ്കു വെക്കുന്നത്. അവസാന ഭാഗങ്ങള്‍ പുസ്തകത്തില്‍ നിന്ന് ഇറങ്ങി വരും പോലെ തോന്നി.

‘സാര്‍ ഞാന്‍ ബോബിയാണ് സാറിന്റെ കഴിഞ്ഞ രണ്ടു സിനിമകളിലും ഞാന്‍ ഉണ്ടായിരുന്നില്ല. ചാന്‍സ് ചോദിക്കുകയല്ല.
താങ്കളുടെ സിനിമയില്‍ തുടര്‍ച്ചയായി ഞാനില്ല എന്നത് എനിക്കൊരു ക്ഷീണമാണ്,അതൊരു വികാരമാണ്.
ശങ്കരാടിക്കും,ഒടുവിലിനും,മാമുക്കോയക്കുമുള്ള അതേ വികാരം’.
‘ഇപ്പോള്‍ ആലോചിച്ചു കൊണ്ടിരിക്കുന്ന സിനിമയില്‍ ബോബി ഉണ്ടാകും’സത്യന്‍ അന്തികാട് മറുപടി നല്‍കി. അടുത്ത ദിവസം ബോബി എന്ന അഭിനേതാവ് ഈ ഭൂമിയില്‍ നിന്നും യാത്ര പറഞ്ഞു പോയി.

മുസ്ലിം സമുദായത്തില്‍ ജനിച്ച ബോബി കൊട്ടാരക്കരയുടെ യഥാര്‍ത്ഥ നാമം ‘അബ്ദുല്‍ അസീസ്’എന്നാണ്. മത സ്‌നേഹം മാറ്റി നിര്‍ത്താന്‍ ശീലിച്ച വ്യക്തി കൂടിയാണ് ബോബി കൊട്ടാരക്കര.

‘മഴവില്‍ കാവടി’എന്ന സിനിമയില്‍ ഒരു ഗാനരംഗമുണ്ട്.’തങ്ക തോണി നിന്‍ മലയോരം കണ്ടേ’എന്ന ഗാനത്തില്‍ ആദ്യം ബോബി കൊട്ടാരക്കരയ്ക്ക് സീനുകള്‍ ഇല്ലായിരുന്നു. പിന്നീട് മറ്റൊരു രംഗം കൂടി ചേര്‍ക്കാന്‍ സംവിധായകന്‍ തീരുമാനിച്ചു. ജയറാം കുതിരവണ്ടിയില്‍ പോകുമ്പോള്‍ ഉര്‍വശി കുതിരവണ്ടിയില്‍ പിടിച്ചു പിറകെ പാട്ട് പാടി പോകുന്ന ഒരു രംഗം ഉണ്ട്. കുതിരവണ്ടിക്കാരന്‍ മുരുകനായിട്ടാണ് ബോബി കൊട്ടാരക്കര അതില്‍ വേഷമിട്ടത്.

പിന്നീട് അത് ചിത്രീകരിക്കാന്‍ ആലോചിച്ചപ്പോഴേക്കും ബോബി കൊട്ടാരക്കര അവിടെ നിന്ന് പോയിരുന്നു. അയാള്‍ പഴനി മലയിലേക്ക് കയറി പോകുന്നത് കണ്ടു എന്ന് അവിടെയുള്ള ഒരാള്‍ വന്നു പറഞ്ഞു.
ഏത് ദൈവത്തെയും വിളിച്ചാല്‍ അവര്‍ അടുത്ത് വന്ന് പുഞ്ചിരിക്കും എന്ന് മനസ്സിലുറപ്പിക്കുന്ന നന്മയുള്ള മനുഷ്യനായിരുന്നു ബോബി കൊട്ടാരക്കര.

കൊട്ടാരക്കര ശ്രീധരന്‍ നായരെ പോലയുള്ള വലിയ അഭിനേതാക്കളുടെ നാട്ടില്‍ നിന്ന് മറ്റൊരു കൊട്ടാരക്കരകാരന്‍. കൊട്ടാരക്കരയില്‍ കൂടി ഇന്നും കടന്നു പോകുമ്പോള്‍ മഴവില്‍ കാവടി എന്ന സിനിമയിലെ മുരുകന്‍ എന്ന കുതിര വണ്ടിക്കാരന്റെ മുഖം ചിലരുടെയൊക്കെ മനസ്സില്‍ തെളിയുന്നുണ്ടാകും.

shortlink

Post Your Comments


Back to top button